Connect with us

Kerala

ഇ- പാഠശാല ഒരുങ്ങുന്നു; ഇനി പി ജി പാഠങ്ങള്‍ ഓണ്‍ലൈനില്‍

Published

|

Last Updated

കണ്ണൂര്‍: വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് കോളജുകളിലെയും സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഏകീകൃത പാഠ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിനായി ഇ പാഠശാല ഒരുങ്ങുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം ലക്ഷ്യമിട്ടുകൊണ്ട് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങള്‍ ഓണ്‍ലൈനിലൂടെ പഠിക്കാനുള്ള പഠന പദ്ധതിയാണ് യു ജി സിയുടെ കീഴില്‍ തയാറാകുന്നത്. 77 കോഴ്‌സുകളുടെ പാഠ്യവസ്തുക്കള്‍ ലഭ്യമാകുന്ന രീതിയില്‍ സജ്ജീകരിക്കുന്ന ഇ പാഠശാല വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ പരിഷ്‌കരണങ്ങളിലൊന്നായി മാറും. അടുത്തമാസത്തോടെ ഇ പാഠശാലാ പദ്ധതി പ്രവര്‍ത്തന സജ്ജമാക്കാനാണ് യു ജി സിയുടെ ശ്രമം. ഇതിന്റെ ഭാഗമായി വിവിധ വിഷയങ്ങളിലെ പാഠഭാഗങ്ങള്‍ തയ്യാറാക്കുന്ന പ്രവൃത്തികള്‍ അവസാനഘട്ടത്തിലെത്തിക്കഴിഞ്ഞു. വിവിധ വിഷയങ്ങളിലെ പാഠഭാഗങ്ങള്‍ തയാറാക്കാനായി തിരഞ്ഞെടുക്കപ്പെട്ട 70 ഓളം കോര്‍ഡിനേറ്റര്‍മാര്‍ കഴിഞ്ഞ എട്ട് മാസമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ ഡല്‍ഹി ഓഫീസ് കേന്ദ്രീകരിച്ചാണ് ഇ പാഠശാലയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 2011 ല്‍ ഓണ്‍ലൈന്‍ പാഠങ്ങള്‍ വികസിപ്പിക്കാന്‍ യു ജി സി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് വര്‍ഷത്തിന് ശേഷം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായത്. വെറും വായനക്കപ്പുറം സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ രസകരമായി വിഷയങ്ങള്‍ മനസ്സിലാക്കാവുന്ന രീതിയിലാണ് ഇ പാഠശാലയുടെ രൂപ കല്‍പ്പന. പരസ്പരാശയ വിനിമയം നടത്തിയുള്ള പഠനരീതി (ഇന്ററാക്ടീവ് ലേണിംഗ്) യിലാണ് പാഠങ്ങള്‍ തയാറാക്കിയിട്ടുള്ളത്.
അധ്യാപകരുടെ ക്ലാസുകള്‍, ഗൃഹപാഠം, ലബോറട്ടറി സെഷനുകള്‍, ക്വിസ്, പരീക്ഷ, സ്വയം മൂല്യനിര്‍ണയം എന്നിവ ഇതിലുണ്ടാകും. ശാസ്ത്രവിഷയങ്ങളും മാനവിക വിഷയങ്ങളും ഭാഷാവിഷയങ്ങളും ഇതിലുണ്ട്. 40 മൊഡ്യൂളുകളുള്ള 16 പേപ്പറുകളാണ് ഓരോ ബിരുദാനന്തര ബിരുദ കോഴ്‌സിനുമുണ്ടാകുക. നിലവില്‍ ഒരേ വിഷയത്തിന് വിവിധ സര്‍വകലാശാലകളില്‍ പല പാഠ്യപദ്ധതികളാണുള്ളത്. ഇത് വിദ്യാര്‍ഥികളുടെ പഠനനിലവാരത്തെ ബാധിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഓരോ വിഷയത്തിലും അന്താരാഷ്ട്ര തലത്തിലുള്ള മാറ്റങ്ങളെ അതാത് സമയം ഉള്‍ക്കൊണ്ടുകൊണ്ട് പാഠ്യഭാഗങ്ങള്‍ തയാറാക്കുന്ന രീതിയായിരിക്കും ഇ പാഠശാലയില്‍ ഉണ്ടാവുകയെന്നത് വിദ്യാര്‍ഥികള്‍ക്ക് വലിയ നേട്ടമുണ്ടാക്കാന്‍ വഴിവെക്കും. മാത്രമല്ല, ആഗോളതലത്തില്‍ പ്രയോജനപ്പെടുന്ന പഠനരീതിയായിരിക്കും ഇ പാഠശാലയിലൂടെ പകര്‍ന്നുകിട്ടുകയെന്നും യു ജി സിയിലെ വിദ്യാഭ്യാസ ഗവേഷകര്‍ വിലയിരുത്തുന്നുണ്ട്. വിദ്യാഭ്യാസ ഗവേഷകരായ ഡോ. മോന്‍സിംഗ് ഡി ദേവദാസ്, പ്രൊഫ. സി കെ മിശ്ര, പ്രൊഫ. സുജാത ഭാര്‍ഗവ, പ്രൊഫ. എസ് സി അഗര്‍വാള്‍, കെ വി ഓനുമൂര്‍ത്തി തുടങ്ങി 48 ഓളം പേരാണ് വിവിധ കോഴ്‌സുകളുടെ പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍മാര്‍. കാണ്‍പൂര്‍ ഐ ഐ ടി ഗവേണിംഗ് ബോഡി ചെയര്‍മാന്‍ പ്രൊഫ. എം അനന്തകൃഷ്ണനാണ് ഇ പാഠശാലയുടെ ചുമതല. രാജ്യത്താകെ 42.01 ലക്ഷം പേരാണ് ബിരുദാനന്തര ബിരുദ പാഠങ്ങള്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സിലൂടെ പഠിക്കുന്നത്. ഇഗ്‌നോ മുഖാന്തിരം 6.97 ലക്ഷം പേരും സംസ്ഥാന ഓപ്പണ്‍ യൂനിവേഴ്‌സിറ്റി വഴി 10.80 ലക്ഷം പേരും വിവിധ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ വഴി 24.24 ലക്ഷം പേരും വിദൂരവിദ്യാഭ്യാസം വഴി പി ജി പഠനം നടത്തുന്നവരാണ്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി