Connect with us

Malappuram

യു ഡി എഫിനെതിരെ സി പി എം ജാതീയമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നു: മന്ത്രി അനില്‍കുമാര്‍

Published

|

Last Updated

മലപ്പുറം: യു ഡി എഫിനെതിരെ മതപരവും ജാതീയവുമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയെന്നത് സി പി എമ്മിന്റെ സ്വഭാവമായി മാറിയിട്ടുണ്ടെന്ന് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. കെ കരുണാകരന്‍ സ്റ്റഡിസെന്റര്‍ ജില്ലാകമ്മിറ്റി നടത്തിയ കെ കരുണാകരന്റെ 96ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബോധപൂര്‍വ്വമായി ഈശ്രമങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തുന്നവര്‍ക്കേ ഉപകാരപ്പെടൂ. യു ഡി എഫിനെ രാഷ്ട്രീയമായി എതിര്‍ക്കുന്നതിനേക്കാള്‍ മതപരമായി എതിര്‍ക്കാനാണ് സി പി എം ശ്രമം. യു ഡി എഫ് ഒരുപക്ഷത്തിന്റെയും കൂടെയല്ല. ജനപക്ഷമാണ് നയം. സി പി എമ്മിന്റെ ആക്ഷേപങ്ങള്‍ ബി ജെ പിക്കാണ് ഗുണം ചെയ്തതെന്ന് ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാല്‍ വ്യക്തമാകും. ചിലയിടങ്ങളില്‍ ബി ജെ പിക്കും പിറകിലാണ് എല്‍ ഡി എഫിന്റെ സ്ഥാനം. മുന്നണി രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുന്ന സി പി എം നീക്കങ്ങള്‍ കോണ്‍ഗ്രസിനും നല്ലതല്ല. ഗൂഢതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സി പി എം നടത്തുന്ന പ്രചാരണങ്ങളെ ഇല്ലാതാക്കി യു ഡി എഫിന് മുന്നോട്ടുപോവാന്‍ കഴിയണം. മുന്നണി രാഷ്ട്രീയം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് വര്‍ത്തമാനകാലത്ത് അത്യാവശ്യമാണ്.
മുന്നണി കെട്ടിപ്പടുക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിലും കെ കരുണാകരന്റെ ശൈലി എല്ലാവര്‍ക്കും അനുകരണീയമാണ്. രാഷ്ട്രീയ, ഭരണ രംഗങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ നിലവിലുള്ള ഭരണാധികാരികള്‍ക്കും മാതൃകയാണ്. ജനോപകാരപ്രദമായ പദ്ധതികള്‍ക്കെതിരെ എത്രവലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നാലും ഉറച്ച തീരുമാനങ്ങളുമായി അദ്ദേഹം മുന്നോട്ടുപോയതിന്റെ ഫലമാണ് ഇന്ന് കേരളത്തിലെ മികച്ച പല പദ്ധതികളും.
കാലം മുന്നോട്ടുപോയപ്പോള്‍ ലീഡറായിരുന്നു ശരിയെന്ന് എതിര്‍ത്തവര്‍ക്കും സമ്മതിക്കേണ്ടിവന്നെന്നും മന്ത്രി പറഞ്ഞു. ഡയാലിസിസ് സെന്ററുകള്‍ക്കുള്ള ധനസഹായവും മന്ത്രി എ.പി.അനില്‍കുമാര്‍ വിതരണം ചെയ്തു. കെ.പി.സി.സി നിര്‍വാഹകസമിതിയംഗം സൈദ് മുഹമ്മദ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി സെക്രട്ടറിമാരായ പി ടി അജയ്‌മോഹന്‍, കെ പി അബ്ദുല്‍ മജീദ്, മുന്‍ ഡി സി സി പ്രസിഡന്റുമാരായ യു അബൂബക്കര്‍, വി എം കൊളക്കാട്, മംഗലം ഗോപിനാഥ്, വി സുധാകരന്‍, ഫാത്വിമ റുസ്‌ന, പി പി ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.