Connect with us

Malappuram

ആര്‍ എം എസ് എ പദ്ധതിയില്‍ ജില്ലയില്‍ 20 സ്‌കൂളുകള്‍

Published

|

Last Updated

മലപ്പുറം: 2009-10 മുതല്‍ നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആര്‍ എം എസ് എ 14 മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ ആര്‍ എം എസ് എ നടപ്പാക്കുന്നതിന് 20 യു പി സ്‌കൂളുകള്‍ ഹൈസ്‌കൂളുകളായി അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.
2010-11 ല്‍ ആറ് സ്‌കൂളുകളും 2011-12 ല്‍ രണ്ട് സ്‌കൂളുകളും അപ്‌ഗ്രേഡ് ചെയ്തു. 2012-13 വര്‍ഷത്തില്‍ ആര്‍ എം എസ് എ ഫണ്ട് ലഭിച്ചിരുന്നില്ല. 2013-14 ല്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ഗ്രാന്റ് നല്‍കിയിരുന്നു. 2014-15 ല്‍ 12 സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര മാനവവിഭവ വികസന മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.
അധ്യാപകര്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കുമുള്ള ശമ്പളം, സ്‌കൂള്‍ ഗ്രാന്റ്, മെയ്ന്റനന്‍സ് ഗ്രാന്റ്, അധ്യാപകര്‍ക്ക് പരിശീലനം, പ്രാധാനധ്യാപകര്‍ക്ക് പ്രൊഫഷനല്‍ ഡവലപ്‌മെന്റ് പരിശീലനം, സയന്‍സ് എക്‌സിബിഷന്‍, ബുക്ക്‌ഫെയര്‍, ക്രാഫ്റ്റ് മേള, സ്‌കൂള്‍ ജില്ലാ കലോത്സവ പങ്കാളിത്തം, ഒമ്പതാം ക്ലാസിലെ പെണ്‍കുട്ടികള്‍ക്ക് സ്വയംരക്ഷാ പരിശീലനം, സ്‌കൂള്‍ മാനെജ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മിറ്റി (എസ് എം ഡി സി) അംഗങ്ങള്‍ക്ക് പരിശീലനം തുടങ്ങിയവയാണ് ആര്‍ എം എസ് എ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്.
ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് പദ്ധതി: മറ്റ് വിദ്യാര്‍ഥികള്‍ക്ക് സമാനമായ വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും ഇവര്‍ക്കും ലഭ്യമാക്കുന്നതിനായി നടപ്പാക്കിയ ഇങ്കഌസീവ് എജുക്കേഷന്‍ ഓഫ് ദ് ഡിസേബ്ള്‍ഡ് അറ്റ് സെക്കന്‍ഡറി സ്റ്റേജ് (ഐ ഇ ഡി എസ് എസ്) പദ്ധതിയിലുള്‍പ്പെടുത്തി സ്‌പെഷല്‍ അധ്യാപകര്‍ക്ക് വേതനം, അസസ്‌മെന്റ് കാംപ്, യൂനിഫോം, യാത്ര, എസ്‌കോര്‍ട്ട്, പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങള്‍ക്കുള്ള തുക, ഹോസ്റ്റല്‍ അലവന്‍സ്, സഹായ ഉപകരണങ്ങള്‍, പെണ്‍കുട്ടികള്‍ക്ക് സ്റ്റൈപന്‍ഡ്, അറ്റന്‍ഡര്‍മാര്‍ക്ക് ശമ്പളം എന്നിവയും നല്‍കുന്നുണ്ട്.
എസ് എസ് എ കൂടുതല്‍ ഫണ്ട് ലഭ്യമാക്കും
മലപ്പുറം: സര്‍വ ശിക്ഷാ അഭിയാന്‍ (എസ് എസ് എ) പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഇ.റ്റി. മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ ഫണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ എസ് എസ് എ ഫണ്ടായി ഒരു കോടിയോളം രൂപ മാത്രമാണ് ജില്ലക്ക് ഈ വര്‍ഷം ലഭിച്ചതെന്നും ഇത് അപര്യാപ്തമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാടാണ് ആര്‍ എം എസ് എ അവലോകന യോഗത്തില്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് ആവശ്യമുള്ള ഫണ്ടുമായി ബന്ധപ്പെട്ട് പ്രൊപ്പോസല്‍ നല്‍കിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എം പി അറിയിച്ചത്.