കോടതിയില്‍ ഹാജരായില്ല; പി എസ് സി സെക്രട്ടറിക്ക് അറസ്റ്റ് വാറണ്ട്

Posted on: July 4, 2014 11:47 pm | Last updated: July 4, 2014 at 11:47 pm

pscതിരുവനന്തപുരം: കോടതിയലക്ഷ്യ നടപടിയുടെ പേരില്‍ പി എസ് സി സെക്രട്ടറി പി സി ബിനോയിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കേരള സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പത്തനംതിട്ട ജില്ലയില്‍ നടന്ന ലാബ് ടെക്‌നീഷ്യന്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണലിന്റെ നടപടി. ഇന്റര്‍വ്യൂ പാസായിട്ടും റാങ്ക് ലിസ്റ്റില്‍ പേര് വരാത്തതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥി ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടും പി എസ് സി സെക്രട്ടറി തയ്യാറായില്ല.

ഇന്നലെ നേരിട്ട് ഹാജരാകണമെന്ന ഉത്തരവും പി എസ് സി സെക്രട്ടറി ലംഘിച്ചതോടെയാണ് അറസ്റ്റ് ചെയ്യാന്‍ ട്രൈബ്യൂണല്‍ ഉത്തരവായത്. ഈ മാസം പതിനാറിനകം സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ട്രൈബ്യൂണലില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.
പി എസ് സി ലാബ് ടെക്‌നീഷ്യന്‍ പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥി ബി എസ് സി. എം എല്‍ ടി ബിരുദമാണ് പാസായിരുന്നത്. ഇത് യോഗ്യതയായി പി എസ് സി അംഗീകരിച്ചിട്ടില്ല. അതിനാല്‍, നിയമനം നല്‍കാനാകില്ലെന്നായിരുന്നു പി എസ് സിയുടെ നിലപാട്. എന്നാല്‍, പി എസ് സിയുടെ തീരുമാനത്തിനെതിരെ ഉദ്യോഗാര്‍ഥി ട്രൈബ്യൂണലിനെ സമീപിച്ചു. പരാതി പരിഗണിച്ച ട്രൈബ്യൂണല്‍, ഉദ്യോഗാര്‍ഥിക്ക് അനുകൂലമായി വിധിക്കുകയായിരുന്നു. ഈ തീരുമാനത്തിനെതിരെ പി എസ് സി ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. ഈ സാഹചര്യത്തിലാണ് പി എസ് സി സെക്രട്ടറി ട്രൈബ്യൂണലിന് മുമ്പാകെ ഹാജരാകാന്‍ കൂട്ടാക്കാതിരുന്നത്.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും പി എസ് സി സെക്രട്ടറിക്ക് നേരിട്ട് ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും പി എസ് സിയുടെ ലീഗല്‍ റീടെയ്‌നര്‍ ട്രൈബ്യൂണലിന് മുമ്പാകെ ആവശ്യപ്പെട്ടു. ഈ ആവശ്യം ട്രൈബ്യൂണല്‍ നിരസിക്കുകയായിരുന്നു.