Connect with us

Kozhikode

കുടുംബശ്രീ മുഖേന എല്‍ ഐ സി പോളിസിയെടുത്തവര്‍ തട്ടിപ്പിനിരയായി

Published

|

Last Updated

മുക്കം: കുടുംബശ്രീ മുഖേന എല്‍ ഐ സിയുടെ ജീവന്‍ മധൂര്‍ പോളിസിയില്‍ ചേര്‍ന്നവര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായതായി പരാതി. കാരശ്ശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് കബളിപ്പിക്കപ്പെട്ടവരിലധികവും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗുണഭോക്താക്കളില്‍ നിന്ന് പിരിച്ചെടുത്ത പ്രീമിയം തുക എല്‍ ഐ സിയില്‍ അടക്കാതെ ബന്ധപ്പെട്ടവര്‍ വഞ്ചിച്ചെന്നാണ് ആക്ഷേപം.
പോളിസിയില്‍ അംഗമായ കാരശ്ശേരി എള്ളങ്ങല്‍ സ്വദേശിനി പണം പിന്‍വലിക്കാനായി എല്‍ ഐ സി ഓഫീസില്‍ ചെന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒമ്പതിനായിരം രൂപയോളം ഇവര്‍ പ്രീമിയം അടച്ചിരുന്നു. എന്നാല്‍ ആദ്യ ഗഡുവായ ഇരുന്നൂറ് രൂപ മാത്രമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തെ നിരവധി പേര്‍ തട്ടിപ്പിനിരയായതായി കണ്ടെത്തിയത്. പണം നഷ്ടപ്പെട്ടവര്‍ ഒത്തുകൂടി പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളുണ്ടായില്ലെന്നും പരാതിയുണ്ട്.
ഇടത് ഭരണസമിതിയുടെ കാലത്ത് 2009ലാണ് കാരശ്ശേരിയില്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയാരംഭിച്ചത്. സാധാരണക്കാരായ ഗ്രാമീണ ജനതയില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ടായിരുന്നു എല്‍ ഐ സി മൈക്രോ ഫിനാന്‍സ് വിഭാഗം പദ്ധതിയാരംഭിച്ചത്. കുടുംബശ്രീ അംഗങ്ങളാണ് ഗുണഭോക്താക്കളെ ചേര്‍ത്തിരുന്നതും പ്രീമിയം തുക പിരിച്ചിരുന്നതും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയായിരുന്നു പണം എല്‍ ഐ സിയില്‍ എത്തിച്ചിരുന്നത്.
ഇത്തരത്തില്‍ അടച്ച പണം അക്ഷയകേന്ദ്രം നടത്തിപ്പുകാര്‍ എല്‍ ഐ സിയില്‍ അടക്കാതെ തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് കുടുംബശ്രീ നിയോഗിച്ച ഏജന്റുമാര്‍ പറയുന്നത്. യഥാസമയം അക്ഷയ കേന്ദ്രങ്ങളില്‍ പണമടച്ചതിന്റെ രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.