Connect with us

Ongoing News

റോഡ്രിഗസ്Vs നെയ്മര്‍

Published

|

Last Updated

 

ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്നാരംഭിക്കും . ജര്‍മനി-ഫ്രാന്‍സ് രാത്രി 9.30ന്. ബ്രസീല്‍ – കൊളംബിയ രാത്രി 1.30ന് (സോണി സിക്‌സില്‍)

ഫോര്‍ടലെസ: ടൂര്‍ണമെന്റിലുടനീളം കെട്ടുറപ്പും മനോഹരവുമായ ഫുട്‌ബോള്‍ കാഴ്ചവെച്ച കൊളംബിയക്ക് മുന്നില്‍ ഇന്ന് ആതിഥേയരായ ബ്രസീല്‍. ക്വാര്‍ട്ടറില്‍ കാനറിപ്പടയുടെ ചിറകരിയാനുള്ള വജ്രായുധങ്ങളെല്ലാം ജോസ് പെക്കര്‍മാന്‍ പരിശീലിപ്പിക്കുന്ന കൊളംബിയയുടെ ആവനാഴിയിലുണ്ട്. അതില്‍ പ്രധാനിയാണ് അഞ്ച് ഗോളുകള്‍ നേടി ടോപ്‌സ്‌കോറര്‍ സ്ഥാനത്ത് നില്‍ക്കുന്ന ജെയിംസ് റോഡ്രിഗസ്. ഗ്രൂപ്പിലെ മൂന്ന് കളികളിലും പ്രീക്വാര്‍ട്ടറിലും ഗോളടിച്ച റോഡ്രിഗസിന് മുന്നില്‍ ഏത് പ്രതിരോധവും നിലച്ചു. ഉറുഗ്വെക്കെതിരെ നേടിയ ഒറ്റഗോള്‍ മതി റോഡ്രിഗസ് ആരെന്നറിയാന്‍. ബ്രസീലിന്റെ മറുപടി നെയ്മറിലൂടെയാണ്. നാല് ഗോളുകള്‍ നേടി നെയ്മര്‍ മഞ്ഞപ്പടയുടെ കുതിപ്പിന് നിര്‍ണായക ഇന്ധനമേകി.
ഉദ്ഘാടന മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ നേടിയ ആദ്യ ഗോളാണ് നെയ്മറിന്റെ പ്രതിഭ വിളിച്ചറിയിച്ചത്. പ്രീക്വാര്‍ട്ടറിലെത്തിയതോടെ നെയ്മറിന്റെ സ്വാധീനഫലം കുറഞ്ഞു. ചിലിക്കെതിരെ ബ്രസീല്‍ ഷൂട്ടൗട്ടില്‍ രക്ഷപ്പെടുമ്പോള്‍ അവസാന കിക്ക് വലയിലാക്കിയത് നെയ്മറായിരുന്നു. മങ്ങിപ്പോയ നെയ്മര്‍ ആ ഗോളിലൂടെ വീണ്ടും താരപ്രഭയിലേക്ക്.
ക്വാര്‍ട്ടര്‍ പോരാട്ടം റോഡ്രിഗസും നെയ്മറും തമ്മിലുള്ള ഉഗ്രപോരാട്ടമായി മാറുമെന്നാണ് ഫുട്‌ബോള്‍ ലോകം പ്രതീക്ഷിക്കുന്നത്.
രണ്ട് പേരും തമ്മില്‍ ചില സാമ്യതകളുണ്ട്. പത്താം നമ്പര്‍ ജഴ്‌സി ധരിക്കുന്നവര്‍. ടീമിന്റെ നെടുംതൂണ്‍. പ്രായം 22 വയസ്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരപരിവേഷം നെയ്മര്‍ അലങ്കരിക്കുമ്പോള്‍ ലോകകപ്പോടെ റോഡ്രിഗസും ആ നിരയിലേക്ക് ഉയര്‍ന്നു കഴിഞ്ഞു.
ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസം നെയ്മര്‍ ടൂര്‍ണമെന്റിന്റെ താരമാകാന്‍ വന്നവനാണ്. റോഡ്രിഗസ് പകരക്കാരുടെ നിരയില്‍ നിന്ന് താരമായിരിക്കുകയാണ്. പ്രതീക്ഷകളുടെ ഭാരം നെയ്മറിന്റെ മുഖത്ത് കാണാം. റോഡ്രിഗസ് സമ്മര്‍ദം അനുഭവിക്കാതെ ഫ്രീ ഫുട്‌ബോള്‍ പുറത്തെടുക്കുന്നു. സൂപ്പര്‍താരം റഡാമെല്‍ ഫാല്‍കോ അവസാന നിമിഷം പരുക്ക് ഭേദമാകാതെ പുറത്തായപ്പോള്‍ പെക്കര്‍മാന്‍ കണ്ടെത്തിയത് റോഡ്രിഗസിനെ. ആ വിശ്വാസം മൊണാക്കോ ക്ലബ്ബിന്റെ താരം കാത്തുസൂക്ഷിക്കുന്നു.

ഇന്നാര്‍ക്കാണ് സാധ്യത?

ടൂര്‍ണമെന്റിലുടനീളം തകര്‍ത്താടിയ കൊളംബിയക്ക് തന്നെ. ബ്രസീലിന്റെ ലോകകപ്പ് ഒരു പക്ഷേ, കൊളംബിയക്ക് മുന്നില്‍ അവസാനിച്ചേക്കും. ചിലി അഴിച്ചുവിട്ട ആക്രമണഫുട്‌ബോളിന് മുന്നില്‍ നിന്ന് തടിരക്ഷിച്ച ബ്രസീലിന് കൊളംബിയയുടെ ഒഴുക്കുള്ള കളിയെ തടയാന്‍ മുഴുവന്‍ കരുത്തും പുറത്തെടുക്കേണ്ടി വരും. ജെയിംസ് റോഡ്രിഗസ് മാത്രമല്ല കൊളംബിയ.
ഗോളുകളുടെ എണ്ണമാണ് റോഡ്രിഗസിനെ മുന്നിലെത്തിക്കുന്നത്. ഒപ്പം ഉറുഗ്വെക്കെതിരെ നേടിയ ആ തകര്‍പ്പന്‍ ഗോളും. കുറിയ പാസുകളും, വിംഗുകളിലൂടെയുള്ള ഇരച്ചു കയറ്റവുമായി കൊളംബിയ ആക്രമണോത്സുകത കാണിക്കുന്നു. പ്രതിരോധത്തിലും അവര്‍ക്ക് പ്രശ്‌നങ്ങളില്ല. പതിനൊന്ന് ഗോളുകള്‍ അടിച്ചപ്പോള്‍ വഴങ്ങിയത് രണ്ടെണ്ണം മാത്രം.
ബ്രസീലിന്റെ ഇതിഹാസതാരം സീക്കോ പറയുന്നത് വ്യക്തമായ ഗെയിം പ്ലാനില്ലാതെയാണ് സ്‌കൊളാരിയുടെ ടീം കളിക്കുന്നത്. മധ്യനിരയില്‍ കളിയില്ല. ബാക് ലൈനില്‍ നിന്ന് തിയാഗോ സില്‍വയും ഡേവിഡ് ലൂയിസും ലോംഗ് ബോള്‍ നെയ്മറിലെത്തിക്കുന്നു. ആ പന്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ രക്ഷപ്പെട്ടു.
ബ്രസീല്‍ ഒരിക്കലും ഇത്തരം ഫുട്‌ബോള്‍ കളിച്ചിട്ടില്ലെന്നും ഗാര്‍ഡിയന്‍ പത്രത്തില്‍ സീക്കോ എഴുതി. റോഡ്രിഗസിനെ തടയാനുള്ള കളിക്കാര്‍ ബ്രസീല്‍ നിരയില്‍ ഇല്ലെന്നും കൊളംബിയയെ തോല്‍പ്പിക്കുക പ്രയാസമാകുമെന്നും മുന്‍ താരം റോബര്‍ട്ടോ കാര്‍ലോസും പറയുന്നു.
സ്‌കൊളാരി വിമര്‍ശകര്‍ക്കുള്ള മറുപടി ക്വാര്‍ട്ടര്‍ കഴിഞ്ഞിട്ട് തരാമെന്നാണ് പറയുന്നത്. തന്റെ ടീമിന് പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിച്ചു കഴിഞ്ഞു. കൊളംബിയ മികച്ച നിരയാണ്- സ്‌കൊളാരി പറഞ്ഞു. സസ്‌പെന്‍ഷന്‍ കാരണം ലൂയിസ് ഗുസ്താവോ ഇന്ന് കളിക്കില്ലെന്നത് സ്‌കൊളാരിക്ക് തലവേദനയാണ്. റാമിറെസാകും പകരം.

ചരിത്രം ബ്രസീലിനൊപ്പം
25 തവണ നേര്‍ക്കുനേര്‍ വന്നു. കൊളംബിയ ജയിച്ചത് രണ്ട് തവണ മാത്രം. അവസാന ജയമാകട്ടെ 23 വര്‍ഷം മുമ്പ്. അന്ന് റോഡ്രിഗസ് ജനിച്ചിട്ടില്ല !
1957 കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീല്‍ 9-0ന് കൊളംബിയയെ തകര്‍ത്തു വിട്ടതാണ് വലിയ ജയം. ബ്രസീല്‍ അഞ്ച് ഗോളടിക്കുമ്പോള്‍ ഒരു കൊളംബിയ ഒരു ഗോള്‍ തിരിച്ചടിക്കും എന്നതാണ് ഇവര്‍ തമ്മിലുള്ള പോരാട്ടത്തിന്റെ ഗോള്‍ ശരാശരി. എന്നാല്‍, അവസാന നാല് മത്സരങ്ങള്‍ സമനിലയായിരുന്നു.1975 കോപ അമേരിക്കയില്‍ പെറുവിനോട് തോറ്റതിന് ശേഷം ബ്രസീല്‍ സ്വന്തം മണ്ണില്‍ പരാജയമറിഞ്ഞിട്ടില്ല.

Latest