Connect with us

International

ഇറാഖ് അതിര്‍ത്തിയില്‍ സഊദിയുടെ വന്‍ സൈനിക വിന്യാസം

Published

|

Last Updated

റിയാദ്/ ബഗ്ദാദ്: ഇറാഖിനോട് ചേര്‍ന്നുള്ള അതിര്‍ത്തിയില്‍ സഊദി അറേബ്യ മുപ്പതിനായിരം സൈനികരെ വിന്യസിച്ചതായി അല്‍ അറേബ്യ ടി വി റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ നിന്ന് ഇറാഖീ സൈനികര്‍ പിന്‍വാങ്ങിയ സാഹചര്യത്തിലാണിത്. ഇറാഖുമായി 800 കിലോ മീറ്റര്‍ ദൂരം സഊദി അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇവിടെ ഇസ്‌ലാമിക് സ്റ്റേറ്റ് വിമതരും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും ചേര്‍ന്ന് നഗരങ്ങള്‍ പിടിച്ചടക്കുകയാണ്.
ശക്തമായ തീവ്രവാദ ഭീഷണികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ അബ്ദുല്ല രാജാവ് ഉത്തരവിട്ടു. കര്‍ബലയില്‍ നിന്ന് കിഴക്ക് മാറിയുള്ള മരുഭൂമിയില്‍ അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങിയ 2500 ഇറാഖീ സൈനികര്‍ നില്‍ക്കുന്ന ദൃശ്യം അല്‍ അറേബ്യ പുറത്തുവിട്ടു. അതേസമയം, അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങണമെന്ന് സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയില്ലെന്ന് ഇറാഖീ സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങളുടെയും ധീരന്‍മാരായ സൈനികരുടെയും ആത്മവീര്യം തകര്‍ക്കാനുള്ള തന്ത്രമാണ് ഇത്തരം വാര്‍ത്തകളെന്ന് ഇറാഖീ സൈനിക വക്താവ് ലെഫ്. ജനറല്‍ ഖാസിം അത്വാഅ് പറഞ്ഞു.
അതേസമയം, ബഗ്ദാദിലേക്ക് പ്രവേശിക്കാന്‍ അവസാനവട്ട പോരാട്ടത്തിന് വിമതര്‍ രൂപം നല്‍കി. തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് “സ്ലീപര്‍ സെല്ലുകള്‍” രൂപവത്കരിച്ചിരിക്കുകയാണ് വിമതര്‍. മൂന്നാഴ്ച കൊണ്ട് രാജ്യത്തിന്റെ വടക്കും പടിഞ്ഞാറും മേഖലകള്‍ സുന്നി വിമതരുടെ പിടിയിലാണ്. “സീറോ ഔവര്‍” എന്ന് പേരിട്ടിരിക്കുന്ന പോരാട്ടം എപ്പോള്‍ തുടങ്ങുമെന്ന് വിമതര്‍ വെളിപ്പെടുത്തിയിട്ടില്ല. പടിഞ്ഞാറന്‍ ബഗ്ദാദില്‍ 1500 സഌപര്‍ സെല്‍ അംഗങ്ങളും പ്രാന്തപ്രദേശങ്ങളില്‍ ആയിരം പേരും ഉണ്ട്. വിമത നേതൃത്വത്തിന്റെ നിര്‍ദേശം വന്നാലുടന്‍ ഇവര്‍ കര്‍മനിരതരാകും. അതേസമയം, സ്ലീപര്‍ സെല്‍ അംഗങ്ങളെ തിരിച്ചറിഞ്ഞതായും പിന്തുടരുന്നതായും ഇറാഖീ സൈന്യം അവകാശപ്പെട്ടു. ടൈഗ്രീസ് നദിയുടെ പടിഞ്ഞാറന്‍ തീരത്തെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സുരക്ഷിതമാക്കുന്ന യു എസ് ഉപദേശകര്‍ പേരിട്ട “ഹരിത മേഖല” പിടിച്ചടക്കുകയാണ് സ്ലീപര്‍ സെല്ലുകളുടെ “ദൗത്യം”. ഇത് വിജയിച്ചാല്‍ സമാന മാതൃകയില്‍ പടിഞ്ഞാറന്‍ മേഖലയിലും മറ്റ് മേഖലകളിലും ഇവരെ ഉപയോഗിച്ച് ആക്രമണം നടത്തും.

Latest