Connect with us

National

നൂര്‍ ഹുസൈനെ ബംഗ്ലാദേശിന് കൈമാറാമെന്ന് ഇന്ത്യ

Published

|

Last Updated

ധാക്ക/ന്യൂഡല്‍ഹി: മതിയായ യാത്രാ രേഖകള്‍ ഇല്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട നൂര്‍ ഹുസൈനെ ബംഗ്ലാദേശിന് കൈമാറാമെന്ന് ഇന്ത്യ. നിരവധി കൊലപാതക കേസുകളില്‍ സംശയത്തിന്റെ നിഴലിലുള്ള നൂര്‍ മുഹമ്മദിനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രി എ എച്ച് മുഹമ്മദ് അലി ബംഗ്ലാദേശ് പാര്‍ലിമെന്റില്‍ വ്യക്തമാക്കി. ജതിയ പാര്‍ട്ടി അംഗം പിര്‍ ഫസ്‌ലുറിന്റെ ചോദ്യത്തിന് മറുപടിയായാണ് ബംഗ്ലാദേശ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അടുത്തിടെ ബംഗ്ലാദേശ് സന്ദര്‍ശിച്ച വേളയില്‍ വിഷയം ചര്‍ച്ച ചെയ്തതായും ഇന്ത്യന്‍ സര്‍ക്കാര്‍ നൂര്‍ മുഹമ്മദിനെ വിട്ടുതരുമെന്ന് ഉറപ്പ് നല്‍കിയതായും മുഹമ്മദ് അലി കൂട്ടിേച്ചര്‍ത്തു.
മതിയായ യാത്രാ രേഖകള്‍ ഇല്ലാതെ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചതിനും നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിനും കഴിഞ്ഞ ജൂണ്‍ 15നാണ് നൂര്‍ മുഹമ്മദും രണ്ട് കൂട്ടാളികളും ഇന്ത്യന്‍ പോലീസിന്റെ പിടിയിലാകുന്നത്. കൊല്‍ക്കത്തയിലെ സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ബാഗ്യുതിയിലെ ഒരു അപാര്‍ട്ട്‌മെന്റില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് പേരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ബംഗ്ലാദേശിനെ ഞെട്ടിച്ച കൂട്ടക്കൊല കേസില്‍ പ്രധാന പ്രതിയാണ് നൂര്‍. ബംഗ്ലാദേശിലെ കൗണ്‍സിലര്‍മാരായിരുന്ന നാരായണ്‍ ഗഞ്ച്, നസ്‌റുല്‍ ഇസ്‌ലാം, മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദന്‍ കുമാര്‍ എന്നിവരടക്കം ഏഴ് പേരെ കഴിഞ്ഞ ഏപ്രില്‍ 27നാണ് കാണാതാകുന്നത്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ മൃതദേഹങ്ങള്‍ ഷിതലഖ്യ നദിയില്‍ നിന്ന് കണ്ടത്തി. കൊലപാതകത്തിന് ഉത്തരവാദി നൂര്‍ ഹുസൈനാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഒളിവിലായ നൂര്‍ ഹുസൈനെ കണ്ടെത്തുന്നതിനായി ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഒപ്പം ഇന്ത്യയിലേക്കും വിഷയം സംബന്ധിച്ച വിവരങ്ങള്‍ ബംഗ്ലാദേശ് കൈമാറിയിരുന്നു.
അതേസമയം നൂര്‍ മുഹമ്മദിന് രാജ്യം വിടാന്‍ ബംഗ്ലാദേശ് പോലീസിലെ പ്രത്യേക വിഭാഗമായ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ അവസരമൊരുക്കിയതായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അമ്പത് കോടിയോളം കൈക്കൂലി വാങ്ങി നൂര്‍ ഹുസൈനെ കൊല്‍ക്കത്തയിലേക്ക് കടത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ പോലീസ് ആരോപണം നിഷേധിച്ചു.

Latest