Connect with us

International

മ്യാന്‍മറില്‍ മുസ്‌ലിംകള്‍ക്ക് നേരെ വീണ്ടും ബുദ്ധ ആക്രമണം

Published

|

Last Updated

യാങ്കൂണ്‍: മ്യാന്‍മറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മാന്‍ഡലായിയില്‍ പള്ളികള്‍ക്കും മുസ്‌ലികളുടെ കച്ചവട സ്ഥാപനങ്ങള്‍ക്കും നേരെ ബുദ്ധ തീവ്രവാദി ആക്രമണം. തെരുവില്‍ ആക്രമണം അഴിച്ച് വിട്ട ബുദ്ധ സംഘത്തെ പിരിച്ചുവിടാന്‍ പോലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. അക്രമികള്‍ നടത്തിയ കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റു. റബ്ബര്‍ ബുള്ളറ്റ് പ്രയോഗത്തില്‍ ഏതാനും അക്രമികള്‍ക്കും പരുക്കേറ്റിട്ടുണ്ട്.
അക്രമത്തില്‍ പള്ളിക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി മുസ്‌ലിം യൂത്ത് കണ്‍വെന്‍ഷന്‍ സെന്ററിലെ ഖിന്‍ മുവാംഗ് പറഞ്ഞു. മുസ്‌ലിം ഉടമസ്ഥതയിലുള്ള ചായക്കടയില്‍ ബുദ്ധ സ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്ത പ്രചരിപ്പിച്ചുകൊണ്ടായിരുന്നു മന്‍ഡലായില്‍ ആക്രമണം തുടങ്ങിയതെന്ന് ഖിന്‍ കൂട്ടിച്ചര്‍ത്തു. സംഭവം പോലീസ് നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. 300 ബുദ്ധ തീവ്രവാദികള്‍ ചായക്കടയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.
മേഖലയില്‍ നൂറുക്കണക്കിന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നിരവധി കാറുകള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. 2012 മുതല്‍ ഇവിടം വിഭാഗീയ സംഘര്‍ഷങ്ങള്‍ കൊണ്ട് അശാന്തമാണ്. ബുദ്ധ ഭൂരിപക്ഷ രാജ്യമായ മ്യാന്‍മറില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന് നേരെ 2012 മുതല്‍ നടന്ന ആക്രമണങ്ങളില്‍ 280 പേര്‍ മരിക്കുകയും 1,40,000 പേര്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.