സുനന്ദ പുഷ്‌കറുടെ മരണം: തരൂര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് എയിംസിലെ ഡോക്ടര്‍

Posted on: July 2, 2014 8:46 am | Last updated: July 3, 2014 at 12:00 am

SHASHI_THAROOR_16018eന്യൂഡല്‍ഹി: സുനന്ദപുഷ്‌കറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ കേന്ദ്രമന്ത്രിമാരായിരുന്ന ഗുലാം നബി ആസാദും ശശിതരൂരും ആവശ്യപ്പെട്ടെന്ന് എയിംസിലെ ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തല്‍. ഇരുവരുടെയും സമ്മര്‍ദ്ദം കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സത്യം വെളിപ്പെടുത്താനായില്ല. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനുമുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഡോ ഗുപ്തയുടെ വെളിപ്പെടുത്തല്‍.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സംഘത്തിന്റെ തലവനായിരുന്നു ഡോ ഗുപ്ത. ഗുലാം നബി ആസാദും ശശിതരൂരും മന്ത്രിമാരായിരുന്നതു കൊണ്ടുതന്നെ സത്യം വെളിപ്പെടുത്താന്‍ തനിക്കായില്ല. മുദ്രവച്ച കവറില്‍ തന്റെ നിലപാടുകള്‍ അറിയിക്കാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം സി എ ടിയോട് ആവശ്യപ്പെട്ടു.

ഗുപ്തയ്‌ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചിരിക്കുന്ന സമയത്താണ് ഈ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തിയെന്നതിനു തെളിവായി എയിംസ് ഡയറക്ടറും തരൂരും തമ്മിലുള്ള ഇ മെയില്‍ സന്ദേശങ്ങളും സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒരു വെബ്‌സൈറ്റാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.