Connect with us

Ongoing News

ഇറാഖില്‍ പുതിയ പാര്‍ലിമെന്റ് സമ്മേളിച്ചു; ഹിതപരിശോധന നടത്തുമെന്ന് കുര്‍ദുകള്‍

Published

|

Last Updated

ബഗ്ദാദ്: പുതിയ ഐക്യ സര്‍ക്കാര്‍ രൂപവത്കണം, ഇസില്‍ വിമതരുടെ ഖിലാഫത് ഭരണം തുടങ്ങിയ സമ്മര്‍ദങ്ങള്‍ക്കിടെ ഇറാഖില്‍ പുതിയ പാര്‍ലിമെന്റ് സമ്മേളിച്ചു. ഏപ്രിലില്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമുള്ള സമ്മേളനമായിരുന്നു ഇത്. ഫലം പ്രധാനമന്ത്രി നൂരി അല്‍ മാലികിക്ക് അനുകൂലമായിരുന്നു. അതേസമയം, കുര്‍ദിസ്ഥാനില്‍ ഹിതപരിശോധന നടത്തുമെന്ന് സ്വയംഭരണ കുര്‍ദിസ്ഥാന്‍ മേഖലയുടെ പ്രസിഡന്റ് അറിയിച്ചു.
സുന്നി രാഷ്ട്രീയ നേതാവായ സ്വാലിഹ് അല്‍ മുത്‌ലകിനെ ഹസ്തദാനം ചെയ്താണ് നൂരി അല്‍ മാലികി പാര്‍ലിമെന്റിലേക്ക് കടന്നുവന്നത്. മുന്‍ സുന്നി സ്പീകര്‍ ഉസാമ അല്‍ നുജൈഫിയെയും അദ്ദേഹം അഭിവാദ്യം ചെയ്തു. ഏറ്റവും മുതിര്‍ന്ന അംഗമായ മഹ്ദി അല്‍ ഹാഫിദ് സ്പീക്കറുടെ ചുമതല താത്കാലികമായി വഹിച്ചു. ക്വാറം തികയാത്തതിനാല്‍ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാന്‍ സാധിച്ചില്ല. ഇനി ഒരാഴ്ച കഴിഞ്ഞാണ് പാര്‍ലിമെന്റ് സമ്മേളിക്കുക. മാലികിയുടെ സ്റ്റേറ്റ് ഓഫ് ലോ പാര്‍ട്ടി അധിക സീറ്റുകളും നേടിയിട്ടുണ്ടെങ്കിലും ഭരിക്കാന്‍ സഖ്യകക്ഷികളുടെ സഹായം അനിവാര്യമാണ്. അധികാരം ശിയാക്കളില്‍ മാത്രം കേന്ദ്രീകരിക്കുന്നുവെന്നതാണ് മാലികിക്കെതിരായ പ്രധാന ആരോപണം. ഇത് മുതലെടുത്താണ് ഇസില്‍ വിമതര്‍ പല പ്രദേശങ്ങളും പിടിച്ചെടുത്തതും. വിമതരുടെ ഭീഷണി ഇല്ലാതാക്കാന്‍ മാലികി അധികാരമൊഴിയണമെന്ന് ഇറാഖിലെ പരമോന്നത ശിയാ നേതാവ് ആയതുല്ല അല്‍ സിസ്താനി ആഹ്വാനം ചെയ്തിരുന്നു. നേരത്തെ യു എസും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
അതിനിടെ, ഇറാഖില്‍ കഴിഞ്ഞ മാസം 2400 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഐക്യ രാഷ്ട്ര സഭ അറിയിച്ചു. 2007ലെ വംശീയ സംഘര്‍ഷത്തിനു ശേഷമുണ്ടാകുന്ന വലിയ ആള്‍നാശമാണ് കഴിഞ്ഞ മാസമുണ്ടായതെന്ന് യു എന്‍ നിരീക്ഷിച്ചു. സമാറയിലെ ശിയാ വിശുദ്ധ പള്ളിക്ക് സമീപം നിരവധി മോര്‍ട്ടാര്‍ ഷെല്ലുകള്‍ പതിച്ചതായി റിപ്പോര്‍ട്ടുണ്ട്. 2006ല്‍ ഈ പള്ളിയെ ലക്ഷ്യമാക്കി ബോംബ് സ്‌ഫോടനം നടത്തിയതിന് ശേഷമുള്ള രണ്ട് വര്‍ഷങ്ങളില്‍ രൂക്ഷ വംശീയ ആക്രമണത്തിന് ഇറാഖ് സാക്ഷ്യം വഹിച്ചിരുന്നു.
മാസങ്ങള്‍ക്കുള്ളില്‍ കുര്‍ദിസ്ഥാനില്‍ ഹിതപരിശോധന നടത്തുമെന്ന് പ്രസിഡന്റ് മസ്ഊദ് ബാര്‍സാനി ബി ബി സിയോട് പറഞ്ഞു. ഇറാഖ് ഇപ്പോള്‍ തന്നെ വിഭജിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഇസില്‍ വിമതര്‍ തീര്‍ത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ കുര്‍ദുകള്‍ മുഖ്യ പങ്ക് വഹിക്കുമെന്നും സ്വാതന്ത്ര്യം അവരുടെ അവകാശമാണെന്നും മസ്ഊദി ബാര്‍സാനി കൂട്ടിച്ചേര്‍ത്തു.

Latest