കടല്‍ക്കൊലക്കേസില്‍ എ ജി ഇടപെടരുതെന്ന് എന്‍ ഐ എ

Posted on: July 1, 2014 5:20 pm | Last updated: July 2, 2014 at 8:18 am

italian-marines-fishermen-k

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ഗിയെ ഇടപെടാന്‍ അനുവദിക്കരുതെന്ന് ദേശീയ അന്വേഷണ ഏജന്‍സി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. റോത്ഗി മുന്‍പ് ഇറ്റാലിയന്‍ സര്‍ക്കാരിനു വേണ്ടി ഹാജരായതാണ് എന്‍ ഐ എയുടെ എതിര്‍പ്പിനു കാരണം. കേസില്‍ വീണ്ടും നിയമോപദേശം തേടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് എന്‍ ഐ എയുടെ നീക്കം.

അഡീഷനല്‍ സോളിസിറ്റര്‍ ജനറലായിരുന്ന സിദ്ധാര്‍ഥ് ലൂത്രയാണ് കടല്‍ക്കൊലപാതക കേസില്‍ കേന്ദ്രസര്‍ക്കാരനു വേണ്ടി ഹാജരായിരുന്നത്. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ അഭിഭാഷകനായിരുന്നു മുകുള്‍ റോത്ഗി. എന്നാല്‍ കേന്ദ്രത്തില്‍ ഭരണം മാറിയതോടെ മുകുള്‍ റോത്ഗി അറ്റോര്‍ണി ജനറലാവുകയും സിദ്ധാര്‍ഥ് ലൂത്ര അഡീഷനല്‍ സോളിസിറ്റര്‍ പദവി രാജിവയ്ക്കുകയും ചെയ്തു. നേരത്തെ ഇറ്റാലിയന്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ എ ജിയില്‍ നിന്നു നിയമോപദേശം തേടുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് എന്‍ ഐ എ അദ്ദേഹത്തെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നത്. നേരത്തെ കേസ് കൈകാര്യം ചെയ്ത സിദ്ധാര്‍ഥ് ലൂത്രയ്ക്ക് തന്നെ കേസിന്റെ ചുമതല നല്‍കണമെന്നാണ് എന്‍ ഐ എയുടെ ആവശ്യം.