Connect with us

Sports

റോബന്റെ കുറ്റസമ്മതം; ഡൈവിംഗ് വിവാദമാകുന്നു

Published

|

Last Updated

ആംസ്റ്റര്‍ഡം/ഫോര്‍ടാലെസ: മനോഹരമായ ഫുട്‌ബോള്‍ കാഴ്ചവെച്ച മെക്‌സിക്കോയെ വീഴ്ത്താന്‍ ഹോളണ്ട് വിംഗര്‍ ആര്യന്‍ റോബന്‍ ബോക്‌സിനുള്ളില്‍ ഡൈവ് ചെയ്ത് നേടിയ പെനാല്‍റ്റി ചൂടുള്ള ചര്‍ച്ചയാകുന്നു. ആര്യന്‍ റോബന്‍ ക്ഷമാപണം നടത്തിയതിന് പിന്നാലെ ഫിഫ ഡൈവര്‍മാരെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കുമെന്ന പ്രസ്താവനയുമിറക്കിയതോടെ ആ ഡൈവിംഗ് ശരിക്കും കത്തുകയാണ്.
മെക്‌സിക്കോയുടെ കോച്ച് മിഗ്വേല്‍ ഹെരേര മത്സരശേഷം മാച്ച് റഫറി പെഡ്രോ പ്രോയിന്‍കയോട് തട്ടിക്കയറി. പെനാല്‍റ്റിയെ ന്യായീകരിക്കാന്‍ ഡച്ച് താരം വാന്‍ പഴ്‌സിയടക്കമുള്ളവര്‍ ശ്രമിച്ചപ്പോള്‍ മിഗ്വേല്‍ ഹെരേര അവരോടും തന്റെ ചൂട് തീര്‍ത്തു. മെക്‌സിക്കന്‍ ടീം അംഗങ്ങളുടെയൊക്കെ നിരാശക്ക് കാരണക്കാരനായ റോബന്‍ ക്ഷമ ചോദിക്കാന്‍ മടിച്ചില്ല. ഞാന്‍ ഡൈവ് ചെയ്തിട്ടുണ്ട്. അതിന് ക്ഷമ ചോദിക്കുന്നു. പക്ഷേ, മെക്‌സിക്കോ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വേസ് തന്നെ ഫൗള്‍ ചെയ്തിരുന്നുവെന്നത് അസത്യമല്ല – റോബന്‍ പറഞ്ഞു.
റഫറി പ്രോയിന്‍ക അടുത്തു നിന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പെനാല്‍റ്റി അനുവദിച്ചത്. അതില്‍ തനിക്ക് പങ്കില്ലെന്നും റോബന്‍ പറഞ്ഞു. റഫറി പ്രോയിന്‍കയെ ലോകകപ്പിലെ മറ്റൊരു മത്സരത്തിലും ഭാഗഭാക്കാക്കരുതെന്ന് മെക്‌സിക്കോ കോച്ച് മിഗ്വേല്‍ ഹെരേര ഫിഫയോട് ആവശ്യപ്പെട്ടു.
എണ്‍പത്തിയെട്ടാം മിനുട്ട് വരെ 1-0ന് മുന്നില്‍ നിന്ന മെക്‌സിക്കോ ഇഞ്ചുറി ടൈമിലേതുള്‍പ്പടെ അവസാന എട്ട് മിനുട്ടില്‍ രണ്ട് ഗോളുകള്‍ വഴങ്ങി അവിശ്വസനീയമാം വിധം തകര്‍ന്നടിയുകയായരുന്നു.
ജിയോവാനി ഡോസ് സാന്റോസായിരുന്നു മെക്‌സിക്കോയുടെ ഗോള്‍ നേടിയത്. ഹോളണ്ടിന്റെ സമനില ഗോള്‍ വെസ്‌ലെ സ്‌നൈഡറിന്റെ വലങ്കാലന്‍ ബുള്ളറ്റ് ഷോട്ടില്‍ നിന്ന്. ഈ ഗോള്‍ പ്രതിരോധത്തിലെ പിഴവായിരുന്നുവെന്ന് മിഗ്വേല്‍ ഹെരേര സമ്മതിക്കുന്നു. എന്നാല്‍, രണ്ടാം ഗോള്‍ നേടാന്‍ മെക്‌സിക്കോക്ക് സാധിക്കുമായിരുന്നു. ആധികാരികമായിരുന്നു തന്റെ ടീമിന്റെ കളി. പക്ഷേ, റഫറി വിവാദ പെനാല്‍റ്റിയില്‍ മെക്‌സിക്കോയെ ലോകകപ്പില്‍ നിന്ന് പുറത്താക്കി – ഹെരേരയുടെ കണ്ണുകളില്‍ രോഷാഗ്നി.
നാല് മത്സരങ്ങളില്‍ മൂന്നിലും റഫറിമാര്‍ മെക്‌സിക്കോക്കെതിരെ ആയിരുന്നു. യൂറോപ്യന്‍ റഫറിമാര്‍ പക്ഷപാതത്വം കാണിക്കുന്നുണ്ട്. എന്തുകൊണ്ട് ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്കന്‍ ഭാഗങ്ങളിലെ റഫറിമാര്‍ക്ക് ഫിഫ തുല്യ അവസരം നല്‍കുന്നില്ല. യൂറോപ്പില്‍ മാത്രമാണോ റഫറിമാരുള്ളത് – മെക്‌സിക്കോ കോച്ച് ചോദിക്കുന്നു.

റോബനെതിരെ നടപടി
പെനാല്‍റ്റി നേടിയെടുക്കാന്‍ റഫറിയെ തെറ്റിദ്ധരിപ്പിക്കും വിധം പെരുമാറിയെന്ന് ആര്യന്‍ റോബന്‍ സമ്മതിച്ചതോടെ ഫിഫ നടപടിക്കൊരുങ്ങുന്നു.
ഫെയര്‍ പ്ലേ ചട്ടങ്ങള്‍ ലംഘിക്കുന്നതാരായാലും വെച്ചുപൊറുപ്പിക്കില്ലെന്ന് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ പറഞ്ഞു. മത്സരത്തിനിടെ ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുന്നവരെ പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ വിലയിരുത്തി ശിക്ഷിക്കുന്ന രീതി കൊണ്ടുവരുമെന്ന് ഫെബ്രുവരിയില്‍ സെപ് ബ്ലാറ്റര്‍ പറഞ്ഞിരുന്നു.
മെക്‌സിക്കോ കോച്ച് മിഗ്വേല്‍ ഹെരേര ഡച്ച് വിംഗറെ ചതിയനെന്നും പോര്‍ച്ചുഗല്‍ റഫറി പെഡ്രോ പ്രോയിന്‍കയെ ചതിക്ക് കൂട്ടുനിന്നവനെന്നും ആക്ഷേപിച്ചതോടെ സംഭവത്തിന് വിവാദമാനം കൈവന്നിരിക്കുകയാണ്.
ഉറുഗ്വെ താരം ലൂയിസ് സുവാരസിനെതിരെ കടുത്ത നടപടി സ്വീകരിച്ച ഫിഫയുടെത് ഫാസിസ്റ്റ് രീതിയെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. യൂറോപ്യന്‍ കളിക്കാര്‍ക്കെതിരെ വിരലനക്കാന്‍ ഫിഫ മടിക്കുന്നുവെന്ന ആക്ഷേപം മറികടക്കാന്‍ റോബനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കേണ്ടത് ഫിഫക്ക് അനിവാര്യമാണ്.

ഡച്ച് മാധ്യമങ്ങള്‍ രണ്ട് തട്ടില്‍

റോബന്റെ ഡൈവിംഗില്‍ ഹോളണ്ടിലെ മാധ്യമങ്ങള്‍ക്ക് രണ്ട് പക്ഷം. ഒരു കൂട്ടര്‍ പെനാല്‍റ്റി അര്‍ഹിക്കുന്നുവെന്നും മറുപക്ഷം അനാവശ്യമെന്നും എഴുതി. ഡി ടെലിഗ്രാഫ് റോബന് പിന്തുണയര്‍പ്പിക്കുന്നു. മാര്‍ക്വേസും ഹെക്ടര്‍ മൊറേനോയും ചേര്‍ന്ന് റോബനെ ആദ്യം വീഴ്ത്തിയത് പെനാല്‍റ്റിയായിരുന്നു. അത് പക്ഷേ അനുവദിച്ചില്ല. ഇഞ്ചുറിടൈമില്‍ റോബന്‍ അര്‍ഹിക്കുന്ന പെനാല്‍റ്റി സമ്പാദിച്ചെടുത്തു.

ടാബ്ലോയിഡ് പത്രം ഡി വോള്‍സ്‌ക്രാന്ത് ഡച്ച് ജയത്തെ അത്ഭുതമെന്ന് വിശേഷിപ്പിച്ചു. റോബന്‍ ബോക്‌സറെ പോലെ ആക്രമിച്ചു കളിക്കുകയായിരുന്നു. ഒടുവില്‍ മാര്‍ക്വേസിന്റെ കാലിന് മുന്നില്‍ അമിതാഭിനയത്തോടെ റോബന്‍ തന്റെ പരിശ്രമത്തിന് ഫലം കണ്ടെത്തി.
നരഗത്തില്‍ നിന്ന് സ്വര്‍ഗത്തിലേക്ക് ആറ് മിനുട്ടിന്റെ ദൂരമെന്ന് ഏറെ പ്രചാരമുള്ള ടാബ്ലോയിഡ് അല്‍ജിമീന്‍ ഡാഗ്ബ്ലാഡ് എഴുതി.
സമ്മര്‍ദം മുറ്റിനിന്ന നിമിഷത്തില്‍ ഹുണ്ട്‌ലാര്‍ നേടിയ ഗോളിന് നൂറുമേനിയെന്നും പത്രമെഴുതി. റോബന്റെ പെനാല്‍റ്റി ഡൈവിംഗിനേക്കാള്‍ ഹുണ്ട്‌ലര്‍ക്കാണ് പ്രശംസ.

Latest