Connect with us

International

ബോക്കോ ഹറാം ആക്രമണം: നൈജീരിയയില്‍ 30 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ബൗച്ചി: നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികള്‍ മൂന്ന് ചര്‍ച്ചുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ 30ലധികം പേര്‍ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. പ്രാര്‍ഥനക്കെത്തിയ വിശ്വാസികള്‍ക്ക് നേരെ നടത്തിയ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ നാല് ചര്‍ച്ചുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ 200 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് ഇപ്പോഴത്തെ ആക്രമണം നടന്നിരിക്കുന്നത്. 30 പേരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചതായും ഇനിയും കൂടുതല്‍ പേര്‍ കൊല്ലപ്പെടാന്‍ സാധ്യതയുള്ളതായും പോലീസ് വ്യക്തമാക്കി. നിരവധി വീടുകള്‍ തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയെന്ന് ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടയാള്‍ വ്യക്തമാക്കി.
ചര്‍ച്ചിന് നേരെ ആക്രമണം നടത്തിയതിന് ശേഷം തീവ്രവാദികള്‍ അയല്‍ ഗ്രാമങ്ങളിലേക്ക് പോയതായും അവിടെയും ആക്രമണം നടത്തിയതായും റിപോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ എത്ര പേര്‍ മരിച്ചുവെന്ന കൃത്യമായ കണക്ക് വന്നിട്ടില്ല.
അതേസമയം, തീവ്രവാദി ആക്രമണം ഉണ്ടായപ്പോള്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് പെട്ടെന്ന് ഇടപെടലുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ആശയവിനിമയ സൗകര്യങ്ങള്‍ ഇല്ലാത്തത് മൂലം ആക്രമണ വിവരം പെട്ടെന്ന് അറിയാന്‍ സാധിച്ചില്ലെന്ന് പോലീസ് വക്താവ് ജീദോന്‍ ജുബ്രിന്‍ ചൂണ്ടിക്കാട്ടി. തീവ്രവാദികളോട് നേരിട്ട് ഏറ്റുമുട്ടാന്‍ സാധ്യമല്ലെന്നും ദൂരത്തിരുന്ന് വെടിവെപ്പിലൂടെ മാത്രമേ ഇവരെ കീഴ്‌പ്പെടുത്താന്‍ സാധിക്കൂവെന്നുമാണ് സൈന്യത്തിന്റെ നിലപാട്.

Latest