Connect with us

Ongoing News

ഫ്രാന്‍സ്-ജര്‍മനി ക്വാര്‍ട്ടര്‍

Published

|

Last Updated

പോര്‍ട്ടോ അലെഗ്ര:മുന്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സും ജര്‍മനിയും ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും.ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ആഫ്രിക്കന്‍ ടീമുകളോട് കഷ്ടിച്ച് രക്ഷപ്പെട്ടാണ് ഇരു ടീമുകളുടേയും വരവ്.ഫ്രാന്‍സ് നൈജീരിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.ജര്‍മനി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അള്‍ജീരിയയെ മറികടന്നു.

ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ഫ്രാന്‍സിന്റെ രണ്ട് ഗോളുകള്‍. എഴുപത്തിയൊമ്പതാം മിനുട്ടില്‍ പോള്‍ പോഗ്ബ ഹെഡറിലൂടെ വല കുലുക്കിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ നൈജീരിയന്‍ താരം ജോസഫ് യോബോയുടെ കാലില്‍ ഉരുമ്മി പന്ത് വലയിലെത്തി. ബെന്‍സിമയെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ പന്ത് അബദ്ധത്തില്‍ വലയില്‍ കയറുകയായിരുന്നു. നൈജീരിയന്‍ ഗോളി എനിയേമയെ ഫ്രഞ്ച് മുന്നേറ്റ നിര ശരിക്കും പരീക്ഷിച്ചു. അരഡസന്‍ ഗോളെങ്കിലും എനിയേമയുടെ പ്രതിഭക്ക് മുന്നില്‍ നിര്‍വീര്യമായി. നൈജീരിയയുടെ മുന്നേറ്റവും ഫ്രാന്‍സ് ഗോള്‍മുഖത്ത് അപായഭീഷണി മുഴക്കി. ഇരുഭാഗത്തേക്കും പന്ത് ഒഴുകിയെങ്കിലും മത്സരത്തില്‍ ആധിപത്യം ഫ്രാന്‍സിനു തന്നെയായിരുന്നു.
നിശ്ചിത സമയത്ത് പിടിച്ചുകെട്ടിയ അള്‍ജീരിയന്‍ കരുത്തിനു മുന്നില്‍ ജര്‍മനി വിറച്ചു.ഗോള്‍ രഹിതമായ 90 മിനിറ്റിനു ശേഷം അധികസമയത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ജര്‍മനി ഗോള്‍ നേടി.പകരക്കാരനായിറങ്ങിയ ഷുര്‍ലെ അള്‍ജീരിയന്‍ വലകുലുക്കിയത് മുള്ളറുടെ മികച്ചൊരു പാസിലായിരുന്നു.കളിതീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ 119ാം മിനിറ്റില്‍ മെസൂട്ട് ഓസിലിന്റെ വക ജര്‍മനിയുടെ രണ്ടാം ഗോളും എത്തി.തൊട്ടടുത്ത മിനിറ്റില്‍ തന്നെ വീരോചിതമായി പോരാടിയ അള്‍ജീരിയക്ക് വേണ്ടി ജാബോയും ഗോള്‍നേടി.