Connect with us

Editorial

വാതക പൈപ്പ്‌ലൈന്‍: സൂക്ഷ്മത അനിവാര്യം

Published

|

Last Updated

അടിസ്ഥാന സൗകര്യ വികസനം നിലക്കാത്ത ഒരു പ്രക്രിയയാണ്. ഊര്‍ജം, ഗതാഗതം, വ്യവസായം, വാണിജ്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെല്ലാം ആധുനികവത്കരണത്തിന്റെയും പുരോഗതിയുടെയും ചുവടൊപ്പിച്ച് വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഈ മാറ്റങ്ങള്‍ക്കനുസരിച്ച് സൗകര്യങ്ങളിലും പരിഷ്‌കരണങ്ങള്‍ നടക്കുന്നു. പുതിയ പുതിയ നിര്‍മിതികള്‍ വരുന്നു. അവയെല്ലാം വികസനത്തിന്റെ നിദര്‍ശനങ്ങളായി മാറുന്നു. അണക്കെട്ടുകള്‍, തുറമുഖങ്ങള്‍, ആണവ നിലയങ്ങള്‍, താപ നിലയങ്ങള്‍, വാതക പൈപ്പ്‌ലൈന്‍ ശൃംഖലകള്‍, വിമാനത്താവളങ്ങള്‍, വ്യവസായ പാര്‍ക്കുകള്‍, കൂറ്റന്‍ ആശുപത്രികള്‍, ഖനികള്‍, അതിവേഗ റെയില്‍വേ ലൈനുകള്‍. എല്ലാം അനിവാര്യതകള്‍ തന്നെ. പക്ഷേ ഇത്തരം നിര്‍മാണങ്ങള്‍ പലയിടത്തും മനുഷ്യര്‍ക്ക് മനസ്സിലാകുന്നില്ല. അവരുടെ സ്വാഭാവികമായ ആവാസ പരിസരത്തു നിന്ന് ആട്ടിയോടിച്ചാണ് ഇത്തരം വികസനങ്ങള്‍ നടക്കുന്നതെന്ന ആക്ഷേപം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. പലയിടങ്ങളിലും ഭരണകൂടം ഇത്തരം ശബ്ദങ്ങളെ ബലപ്രയോഗത്തിലൂടെ കുഴിച്ചു മൂടുന്നു. ചിലയിടങ്ങളില്‍ പ്രതിഷേധത്തിന് വഴങ്ങുന്നു. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ തങ്ങളെ പരിഗണിക്കുന്നില്ലെന്ന പരാതിയാണ് സാധാരണ മനുഷ്യര്‍ക്കുള്ളത്. തങ്ങളുടെ ജീവിതത്തെ നിതാന്തമായ അരക്ഷിതാവസ്ഥയില്‍ തള്ളിയിട്ട് ആര്‍ക്കോ സുഖിക്കാന്‍ വേണ്ടി നടക്കുന്ന വികസനമെന്നേ അവര്‍ക്ക് ബോധ്യപ്പെടുന്നുള്ളൂ. ഒരു വശത്ത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന്റെ നട്ടെല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍. മറുവശത്ത് മനുഷ്യരുടെ ആശങ്കകള്‍. ആണവ നിലയങ്ങളും വാതക പൈപ്പ്‌ലൈന്‍ ശൃംഖലകളും അണക്കെട്ടുകളുമെല്ലാം ഈ നിതാന്തമായ വൈരുധ്യത്തിന്റെ അടയാളങ്ങള്‍ കൂടിയാകുന്നു. ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാതക പൈപ്പ്‌ലൈന്‍ ദുരന്തവും ഈ വൈരുധ്യത്തെയാണ് അടയാളപ്പെടുത്തുന്നത്.
ഹൈദരബാദില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ നഗരമെന്ന ഗ്രാമത്തിലൂടെ കടന്നു പോകുന്ന 18 ഇഞ്ച് പൈപ്പ്‌ലൈനിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയില്‍)യുടെതാണ് പൈപ്പ്‌ലൈന്‍. മീറ്ററുകളോളം ഉയര്‍ന്ന തീ അതിവേഗം പടരുകയായിരുന്നു. പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന തെങ്ങിന്‍ തോപ്പില്‍ താമസിച്ചിരുന്നവരാണ് ദുരന്തത്തിനിരയായത്. 15 പേര്‍ തത്ക്ഷണം മരിച്ചു. രണ്ട് പേര്‍ പിന്നീട് ആശുപത്രിയിലും. ഒ എന്‍ ജി സിയുടെ ശുദ്ധീകരണ സമുച്ചയത്തിന് അടുത്താണ് സംഭവമെന്നത് ദുരന്തത്തിന്റെ ഭീകരതയേറ്റുന്നു. വിജയവാഡക്കടുത്ത് കൊണ്ടപ്പള്ളിയിലെ ലാന്‍കോ പവര്‍ പ്ലാന്റിലേക്കുള്ള പൈപ്പ്‌ലൈനാണ് പൊട്ടിത്തെറിച്ചത്. മുറപോലെ ഉന്നതതല അന്വേഷണം നടക്കുന്നുണ്ട്.
ജനവാസ മേഖലയില്‍ കൂടി ലൈന്‍ പോകുന്നതിനെ അവിടുത്തുകാര്‍ എതിര്‍ത്തിരുന്നു. സുരക്ഷിതത്വത്തെ കുറിച്ച് തന്നെയായിരുന്നു അവരുടെ ആശങ്ക. അധികൃതര്‍ നല്‍കിയ ഉറപ്പുകളില്‍ അവരുടെ പ്രതിഷേധം അലിഞ്ഞില്ലാതെയാകുകയായിരുന്നു. അതോടെ ഗെയില്‍ അധികൃതര്‍ നിര്‍ദേശങ്ങളുടെ കെട്ടഴിച്ചു. ഗ്രാമവാസികളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട കൃഷിപ്പണികളും കാലിവളര്‍ത്തലുമെല്ലാം നിരോധിക്കപ്പെട്ട പ്രവൃത്തിയിലുള്‍പ്പെട്ടു. ആദ്യമൊക്കെ പേടി കൊണ്ട് ഗ്രാമവാസികള്‍ വിട്ടു നിന്നു. പിന്നെ എല്ലാം അയഞ്ഞു. അപ്പോഴും അവര്‍ ആശങ്കകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിക്കൊണ്ടിരുന്നു. ദുരന്തമുണ്ടായ പൈപ്പ്‌ലൈന്‍ തുരുമ്പിച്ചിട്ടുണ്ടെന്നും അതുവഴി വാതകം ചോരുന്നുണ്ടെന്നും പ്രദേശത്തുകാര്‍ അറിയിച്ചിരുന്നു. അന്തരീക്ഷത്തില്‍ പ്രകൃതി വാതകത്തിന്റെ രൂക്ഷ ഗന്ധം പടര്‍ന്നപ്പോഴായിരുന്നു അത്. പക്ഷേ അധികൃതര്‍ ചെവിക്കൊണ്ടില്ല. അടുത്തുള്ള ചായക്കടയില്‍ സ്റ്റൗ കത്തിച്ചപ്പോഴാണ് തീ പടര്‍ന്നതെന്നാണ് പോലീസ് പറയുന്നത്. സ്റ്റൗ കത്തിച്ചതല്ല, ചോര്‍ച്ചയാണ് പ്രശ്‌നം. ഉറങ്ങിക്കിടക്കുന്ന മനുഷ്യര്‍ കത്തിക്കരിഞ്ഞത് അധികാരികളുടെ അനാസ്ഥ കൊണ്ടു തന്നെയാണ്. ഏതായാലും ഗെയില്‍ അധികൃതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗെയിലിന്റെ അലംഭാവം വ്യക്തമാക്കുന്നതാണ് പ്രാഥമിക റിപോര്‍ട്ട്.
ഗെയിലും ഒ എന്‍ ജി സിയുമെല്ലാം പൊതു മേഖലാ സ്ഥാപനങ്ങളാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്വം അവര്‍ക്കുണ്ട്. കേരളത്തിലെ ജനനിബിഡമായ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന നിര്‍ദിഷ്ട കൊച്ചി- മംഗളൂരു എല്‍ എന്‍ ജി പൈപ്പ്‌ലൈനിനെതിരെ ഉയരുന്ന പ്രതിഷേധം ഇത്തരുണത്തില്‍ പ്രസക്തമാകുകയാണ്. ആന്ധ്രാപ്രദേശിലെ ദുരന്തം തങ്ങള്‍ മുന്നോട്ടു വെച്ച ആശങ്കകള്‍ ശരിവെക്കുന്നതാണെന്നും അനാവശ്യ ഭീതി സൃഷ്ടിക്കുന്നുവെന്ന അധികൃതരുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞുവെന്നും ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പൈപ്പ്‌ലൈനിന് പകരം ബാര്‍ജ്, കടല്‍ഗതാഗതം തുടങ്ങിയ വഴികള്‍ തേടണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതെന്ന് ഗെയില്‍ ഉദ്യോഗസ്ഥര്‍ ആണയിടുന്നു. ഒരോ 40 കിലോമീറ്ററിലും വാല്‍വുകള്‍ ഉണ്ട്. അഥവാ ചോര്‍ച്ചയുണ്ടായാല്‍ അവിടെ അടയ്ക്കാം. ഈ ദൂരപരിധിയില്‍ ഉണ്ടാകുന്ന ചോര്‍ച്ച തന്നെ വന്‍ ദുരന്തമാകില്ലേ എന്ന് മറുചോദ്യം. അത്യന്തം സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതാണ് പൈപ്പ്‌ലൈന്‍ വാതക നീക്കമെന്ന് ചുരുക്കം.