Connect with us

International

ഇസില്‍ 'ഖിലാഫത്ത്' പ്രഖ്യാപിച്ചു

Published

|

Last Updated

ബെയ്‌റൂത്ത്: ഇതോടെ തങ്ങളുടെ ഗ്രൂപ്പിന് ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പുനര്‍നാമകരണം ചെയ്തുവെന്നും ഇസില്‍ വൃത്തങ്ങള്‍ അറിയിച്ചു. അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഖലീഫയായും ഇവര്‍ പ്രഖ്യാപിച്ചു. തങ്ങളുടെ ഖിലാഫത്ത് ഭരണം വടക്കന്‍ സിറിയയിലെ അലെപ്പോ മുതല്‍ കിഴക്കന്‍ ഇറാഖിലെ ദിയാല പ്രവിശ്യ വരെ നീണ്ടുകിടക്കുന്നതാണെന്ന് സായുധ സംഘം വ്യക്തമാക്കിയിട്ടുണ്ട്. പാശ്ചാത്യര്‍ ലോകത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭരണവ്യവസ്ഥയെ തുടച്ചുനീക്കാന്‍ സായുധ സംഘം ആഹ്വാനം ചെയ്തിട്ടുമുണ്ട്. ഓണ്‍ലൈന്‍ റെക്കോര്‍ഡിംഗ് വഴിയാണ് ഇസില്‍ ഖിലാഫത്ത് പ്രഖ്യാപനം നടത്തിയത്. ശിക്ഷ, പ്രാര്‍ഥന തുടങ്ങിയ കാര്യങ്ങളില്‍ ഇസ്‌ലാമിക ഭരണ വ്യവസ്ഥ അനുസരിച്ചായിരിക്കും മുന്നോട്ടുപോകുകയെന്നും ഇവര്‍ അവകാശപ്പെടുന്നു.
അതേസമയം, ഖിലാഫത്ത് പ്രഖ്യാപനത്തെ വിമര്‍ശിച്ച് ഇറാഖ് സര്‍ക്കാര്‍ രംഗത്തെത്തി. ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന് പുനര്‍നാമകരണം ചെയ്ത ഇസില്‍ ഇറാഖിനോ സിറിയക്കോ മാത്രമല്ല, ലോകത്തിന് മുഴുവന്‍ ഭീഷണിയാണെന്ന് ഇറാഖ് സര്‍ക്കാറിന്റെ വക്താവ് ചൂണ്ടിക്കാട്ടി.
സദ്ദാം ഹുസൈന്റെ ജന്മനാടായ തിക്‌രീത്ത് പിടിച്ചെടുക്കാന്‍ ഇറാഖ് സൈന്യം ശക്തമായ പോരാട്ടം നടത്തുന്നതിനിടെയാണ് ഇസില്‍ ഖിലാഫത് പ്രഖ്യാപനം നടത്തുന്നത്. തിക്‌രീത്ത് നഗരം തിരിച്ചുപിടിച്ചുവെന്ന് ഇറാഖ് സൈന്യം അവകാശപ്പെടുന്നു. എന്നാല്‍ ഇപ്പോഴും ഇവിടെ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം എല്ലാവിഭാഗങ്ങള്‍ക്കും യോജിപ്പുള്ള പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Latest