Connect with us

Health

ആരോഗ്യ വകുപ്പ് ലക്ഷങ്ങളുടെ മരുന്ന് കത്തിച്ചു

Published

|

Last Updated

medicine.....തിരുവനന്തപുരം:രൂക്ഷമായ മരുന്നുക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശമുന്നയിക്കുന്നതിനിടെ ആരോഗ്യ വകുപ്പ് ലക്ഷങ്ങള്‍ വില വരുന്ന മരുന്ന് തീയിട്ട് നശിപ്പിച്ചു. തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന മരുന്നുകളാണ് തൊട്ടടുത്ത സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പ് കേന്ദ്രത്തില്‍ രഹസ്യമായി കത്തിച്ചത്. രണ്ട് വലിയ കുഴികളിലിട്ടാണ് മരുന്നുകള്‍ കത്തിച്ചത്. കാലാവധി കഴിയാത്തവ ഉള്‍പ്പെടെ പല തവണയായി എത്തിച്ച മരുന്നുകള്‍ മൂന്ന് ദിവസങ്ങളിലായാണ് കത്തിച്ച് തീര്‍ത്തത്.

പകര്‍ച്ചപ്പനി നേരിടാന്‍ പോലും അവശ്യമരുന്നില്ലാത്ത സാഹചര്യത്തിലാണ് ലക്ഷങ്ങള്‍ വില വരുന്ന മരുന്നുകള്‍ അഗ്നിക്കിരയാക്കിയത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സീലുള്ളതും 2016 ജനുവരി വരെ കാലാവധിയുമുള്ള മരുന്നുകളും കത്തിച്ചവയില്‍പ്പെടും. മണ്ണിലും, വെള്ളത്തിലും കലരാതെയാവകണം മരുന്ന് നശിപ്പിക്കേണ്ടതെന്ന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ നിര്‍ദേശങ്ങളടക്കം മരുന്ന് സംസ്‌കരണത്തിന്റെ യാതൊരു നിര്‍ദേശങ്ങളും പാലിക്കാതെയായിരുന്നു നടപടി.
മരുന്നുകളുടെ സ്വഭാവമനുസരിച്ച് വേണം സംസ്‌കരണവും. ചിലത് കത്തിച്ചാല്‍ അന്തരീക്ഷത്തില്‍ മാരകമായ വിഷാംശം പടര്‍ത്തും. പൊതുസ്ഥലങ്ങളിലായാല്‍ ജനങ്ങള്‍ക്കും ഇത് ദോഷകരമാകും. കത്തിക്കരുത് എന്നത് പ്രാഥമിക നിര്‍ദേശമാണ്. ഏതൊക്കെ മരുന്നുകള്‍ കത്തിച്ചെന്നും എത്രലക്ഷം വില വരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വി ശിവന്‍കുട്ടി എം എല്‍ എയെ ജീവനക്കാര്‍ ഡി എച്ച് എസ് സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പിലേക്ക് കടക്കുന്നത് തടഞ്ഞു.
അതേസമയം, തലസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നു ക്ഷാമം സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ട അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ആക്ഷേപമുയര്‍ന്നു. പകര്‍ച്ചവ്യാധി പടരുമ്പോള്‍ ആശുപത്രികളില്‍ മരുന്നെത്തിക്കുന്നതില്‍ വീഴ്ചവരുത്തിയത് സംബന്ധിച്ച് മെയ് 30നകം വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, ജൂണ്‍ അവസാനമായിട്ടും ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജിലടക്കം അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമായ സാഹചര്യം ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ പി കെ രാജു ഏപ്രിലിലാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട കമ്മീഷന്‍ ഏപ്രില്‍ 29ന് വിശദീകരണം തേടി ചീഫ് സെക്രട്ടറിക്ക് നോട്ടീസയച്ചു. മഴക്കാലരോഗങ്ങള്‍ നേരിടുന്നതിന് അവശ്യ മരുന്നുകള്‍ ആശുപത്രികളിലെത്തിക്കാത്തത് സര്‍ക്കാറിന്റെ വീഴ്ചയാണെന്നും ഇതുസംബന്ധിച്ച് മെയ് 30നകം വിശദീകരണം നല്‍കണമെന്നുമായിരുന്നു കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി ആവശ്യപ്പെട്ടത്. പക്ഷേ, കമ്മീഷന്റെ നിര്‍ദേശം മുഖവിലക്കെടുക്കാന്‍ ചീഫ് സെക്രട്ടറി കൂട്ടാക്കിയില്ല.
മറുപടി ലഭിക്കാതായതോടെ തീയതി ജൂലൈ 15 വരെ നീട്ടി നല്‍കി കമ്മീഷന്‍ സ്വമേധയാ കേസുമെടുത്തു. മറുപടി നല്‍കിയില്ലെങ്കില്‍ ജൂലൈ 31ന് ചീഫ് സെക്രട്ടറി കമ്മീഷന് മുന്നില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടി മരണത്തിന് ഇടയാക്കുന്ന ബ്രെയിന്‍ എ വി എം എന്ന രോഗത്തിനുള്ള മരുന്നുകള്‍ സംസ്ഥാനത്ത് ഒരിടത്തും ലഭ്യമല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും വി ശിവന്‍കുട്ടി എം എല്‍ എ ആവശ്യപ്പെട്ടു.

 

Latest