Connect with us

International

തിക്‌രീതില്‍ വന്‍ മുന്നേറ്റമെന്ന് ഇറാഖീ സൈന്യം

Published

|

Last Updated

ബഗ്ദാദ്: വടക്കന്‍ നഗരമായ തിക്‌രീത് വിമതരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ഇറാഖീ സൈനികര്‍ ആക്രമണം തുടങ്ങി. വിമത കേന്ദ്രങ്ങളില്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തുകയും വിവിധയിടങ്ങളില്‍ നേരിട്ടുള്ള പോരാട്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. ദിജ്‌ലക്ക് അടുത്തുള്ള നഗരം സൈന്യം തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇവിടെ വിമതര്‍ കനത്ത ചെറുത്തുനില്‍പ്പ് നടത്തിയിരുന്നു.
വിവിധയിടങ്ങളില്‍ സൈന്യം മുന്നേറ്റം നടത്തുന്നതായി ലെഫ്. ജനറല്‍ ഖാസിം അത്വാ പറഞ്ഞു. വിമതര്‍ തമ്പടിച്ചിരിക്കുന്ന യൂനിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന ഖാദിസിയ്യ ജില്ലയില്‍ രൂക്ഷ പോരാട്ടമാണ് നടക്കുന്നത്. നേരത്തെ യു എസ് സൈന്യം ഉപയോഗിച്ചിരുന്ന താവളം കേന്ദ്രീകരിച്ചാണ് പോരാട്ടം. അതേസമയം, പോരാട്ടത്തില്‍ ഇരുഭാഗത്തും കനത്ത നഷ്ടമുണ്ടായിട്ടുണ്ട്. ഇസില്‍ വിഭാഗം ഒരു ഹെലികോപ്റ്റര്‍ വെടിവെച്ച് തകര്‍ത്തതായും പൈലറ്റിനെ പിടിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, തിക്‌രീത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സൈന്യത്തെ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണ് വിമതര്‍ നേരിടുന്നത്. ഇത് സൈന്യത്തിന് വന്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. വന്‍ ആയുധങ്ങള്‍ നശിപ്പിച്ചതായി സൈന്യം അവകാശപ്പെടുന്നുണ്ട്. രാത്രിയിലുടനീളം ബോംബ് വര്‍ഷവും കനത്ത വെടിയൊച്ചയുമായിരുന്നെന്ന് ഇവിടെ താമസിക്കുന്ന മറീന ജോസ് പറഞ്ഞു.