Connect with us

International

ഇറാഖ് റഷ്യയില്‍ നിന്ന് പോര്‍വിമാനങ്ങള്‍ വാങ്ങി

Published

|

Last Updated

ബഗ്ദാദ്: ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത്(ഇസില്‍) സായുധ സംഘം സര്‍ക്കാര്‍ സൈന്യത്തെ വെല്ലുവിളിച്ച് കീഴടക്കിയ പ്രദേശങ്ങളില്‍ നിലയുറപ്പിക്കുന്നതിനിടെ ഇറാഖ് റഷ്യയില്‍ നിന്ന് പോര്‍വിമാനങ്ങള്‍ വാങ്ങി. വിമതര്‍ക്കെതിരെ വ്യോമാക്രമണം ശക്തമാക്കുന്നതിനാണ് സുഖോയ് വിഭാഗത്തില്‍ പെട്ട വിമാനങ്ങള്‍ ഇറാഖ് വാങ്ങിയത്. മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ജന്‍മ നാടായ തിക്‌രീത്തിനായി വിമതരും സര്‍ക്കാര്‍ സൈന്യവും പോരാട്ടം രൂക്ഷമാക്കിയിരിക്കെയാണ് റഷ്യന്‍ വിമാനങ്ങളെത്തുന്നത്.
പുതുതായി വാങ്ങിയ എസ് യു-25 വിമാനങ്ങള്‍ ഉപരിതല ആക്രമണത്തിനാണ് ഉപയോഗിക്കുക. ഉടന്‍ തന്നെ ഇവ യുദ്ധ മുഖത്തേക്ക് കുതിക്കും. സിവിലിയന്‍മാര്‍ക്കിടയിലാണ് വിമതര്‍ ഉള്ളതെന്നതിനാല്‍ വ്യോമാക്രമണം അപകടകരമാണെന്ന ആശങ്ക ശക്തമാണ്. മാത്രമല്ല, സദ്ദാമിന്റെ കാലത്ത് സുഖോയ്-25 വിമാനങ്ങള്‍ പറത്തിയിരുന്ന പൈലറ്റുമാര്‍ കൂറുമാറി ഇപ്പോള്‍ വിമതരുടെ കൂടെയാണ്.
500 ദശലക്ഷം ഡോളറിന്റെ യുദ്ധോപകരണങ്ങള്‍ റഷ്യയില്‍ നിന്ന് വാങ്ങുമെന്ന് പ്രധാനമന്ത്രി നൂരി അല്‍ മാലികി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. വ്യോമാക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ യു എസ് ഉപദേശകരുമായി ചര്‍ച്ച നടത്തിയ ശേഷം നിശ്ചയിച്ചിട്ടുണ്ടെന്ന് ഇറാഖ് സുരക്ഷാ വക്താവ് പറഞ്ഞു. ജൂണ്‍ ഒമ്പത് മുതല്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു എന്‍ കണക്ക്. ഇതില്‍ ഏറെയും സിവിലിയന്‍മാരാണ്. വ്യാമാക്രമണം ശക്തമാകുന്നതോടെ മരണസംഖ്യ കുതിച്ചുയരും.

Latest