Connect with us

Malappuram

ടൂറിസം കേന്ദ്രങ്ങളെ അടുത്തറിയാന്‍ മണ്‍സൂണ്‍ ടൂറിസം പദ്ധതി

Published

|

Last Updated

മലപ്പുറം: ജില്ലയുടെ ടൂറിസം കേന്ദ്രങ്ങളെ കൂടുതല്‍ ആളുകളിലെത്തിക്കുന്നതിനും ജില്ലക്ക് പുറത്തുള്ള പ്രകൃതിദത്ത ടൂറിസം കേന്ദ്രങ്ങളെ ജില്ലയിലെ ആളുകള്‍ക്ക് പരിചയപ്പെടുത്തുന്നതിനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വിപുലമായ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു. മണ്‍സൂണ്‍ ടൂറിസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മഴയത്തൊരു വിനോദ യാത്ര എന്ന പേരില്‍ നടത്തുന്ന യാത്രാ സംഘങ്ങളിലേക്ക് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പങ്കാളികാന്‍ അവസരമുണ്ട്.
ജില്ലക്ക് പുറത്തുള്ളവര്‍ക്ക് ഷൊര്‍ണ്ണൂരില്‍ നിന്നും നിലമ്പൂര്‍ ട്രെയിനില്‍ അവിസ്മരണീയ കാഴ്ചകള്‍ കണ്ട് അങ്ങാടിപ്പുറം വരെ യാത്ര ചെയ്യാം. അങ്ങാടി പുറത്ത് നിന്ന് ജില്ലയുടെ സംസ്‌കാരിക പൈതൃക, തീര്‍ത്ഥാടന കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്ത് പ്രകൃതി ഭംഗി കണ്ടും , വനം ആസ്വദിച്ചും നിലമ്പൂരില്‍ അന്തിയുറങ്ങാനുള്ള അവസരമുണ്ടാകും. യാത്രയുടെ ഭാഗമായി ജില്ലയുടെ തനത് വിഭവങ്ങള്‍ കൊണ്ടുള്ള ഭക്ഷണം, തനത് നാടന്‍ കലാരൂപങ്ങള്‍, എന്നിവയും ഒരുക്കും. ആദ്യ ഘട്ടത്തില്‍ മൂന്ന് യാത്രകളാണ് ഡി ടി പി സി നടത്തുന്നത്.
മലപ്പുറം കോട്ടക്കുന്നില്‍ നിന്ന് യാത്ര തുടങ്ങി നിളയോരം, മാമാങ്ക സ്മാരകങ്ങള്‍, തിരുനാവായ കടവ്, നിളയിലൂടെ വഞ്ചിയാത്ര, പടിഞ്ഞാറേക്കര, ജങ്കാറിലൂടെ പൊന്നാനി തീരത്തേയ്ക്കുള്ള യാത്ര കഴിഞ്ഞ് രാത്രിയോടെ മലപ്പുറത്ത് തിരിച്ചെത്തുന്ന രീതീയിലാണ് ആദ്യത്തേത്. മലപ്പുറത്ത് നിന്ന് തുടങ്ങി ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം , നിലമ്പൂര്‍ കനോലി പ്ലോട്ട്, തേക്ക് മ്യൂസിയം, നെടുങ്കയം, ഫോറസ്റ്റ് ബംഗ്ലാവ്, ആഢ്യന്‍പാറ വെള്ളച്ചാട്ടം, നിലമ്പൂര്‍ കുംഭാരന്മാരുടെ മണ്‍പാത്ര നിര്‍മ്മാണം എന്നിവ കണ്ട് മലപ്പുറത്ത് തിരിച്ചെത്തുന്ന രീതിയാണ് രണ്ടാമത്തേത്.
ജില്ലയില്‍ നിന്ന പുറത്തേയ്ക്കുള്ള യാത്രയാണ് മൂന്നാമതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊല്ലം ജില്ലയിലെ തെന്മല ഇക്കോ ടൂറിസം പദ്ധതി പ്രദേശത്തേയ്ക്കുള്ള രണ്ട് ദിവസത്തേയ്ക്കുള്ള യാത്രയില്‍ സാഹസികടൂറിസം ബട്ടര്‍ഫ്‌ളൈ സവാരി, മ്യൂസിക് ഫൗണ്ടന്‍ ,കുട്ടികളുടെ പാര്‍ക്ക്, മ്യൂസിക്കല്‍ ക്യാമ്പ് ഫയര്‍ ,താമസം തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യഥാക്രമം ആളൊന്നിന് യാത്ര, ഭക്ഷണം, താമസം , ടിക്കറ്റ് എന്നിവ ഉള്‍പ്പെടെ 700 ,600, 3450, രൂപയാണ് ചാര്‍ജ്ജ്.
ജൂലൈ മാസത്തില്‍ യാത്രകള്‍ ആരംഭിക്കും വ്യാപാരികള്‍ക്കും, ഗ്രൂപ്പുകള്‍ക്കും യാത്രയില്‍ പങ്കാളികളാകാം. രജിസ്‌ട്രേഷന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടണം.
0483 2731504, 9447183676, 9539070474 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ കൂടുതല്‍ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തുമെന്ന് ഡി ടി പി സി സെക്രട്ടറി വി.ഉമ്മര്‍ കോയ അറിയിച്ചു.