Connect with us

Wayanad

കബനി ജലം വയനാട്ടിലെ കൃഷിയിടങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ പദ്ധതി വേണം: സത്യന്‍ മൊകേരി

Published

|

Last Updated

കല്‍പ്പറ്റ: കബനി ജലം വയനാട്ടിലെ കൃഷിയിടങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ ചെറുകിട പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി ആവശ്യപ്പെട്ടു.
ഈ ജലത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത് അതീവ ഗൗരവമായി കാണണം. കബനി ജലത്തില്‍ 21 ടി എം സി വെള്ളം കേരളത്തിന് അവകാശപ്പെട്ടതാണ്. ഇതില്‍ അഞ്ച് ടി എം സി മാത്രമാണ് ബാണാസുരസാഗറില്‍ നിന്ന് കുറ്റിയാടി പദ്ധതിയിലേക്ക് വൈദ്യുതി ഉല്‍പാദനത്തിനായി എടുക്കുന്നത്. കാരാപ്പുഴ, ബാണാസുരസാഗര്‍ ജലസേചന പദ്ധതികളിലേക്കായി 11 ടി എം സി വെള്ളം കൂടി ഉപയോഗപ്പെടുത്താന്‍ പ്രവൃത്തികള്‍ നടക്കുന്നതായാണ് ഔദ്യോഗിക ഭാഷ്യം.
എന്നാല്‍ ഇത് പ്രയോഗത്തില്‍ നടക്കുന്നില്ല. കൃഷിയിടങ്ങള്‍ വെള്ളത്തിലാക്കിയും കര്‍ഷകരെ കുടിയിറക്കിയുമുള്ള ഒന്‍പത് പദ്ധതികളിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത്. ഒരു കര്‍ഷകനെ പോലും കുടിയിറക്കാതെയും കൃഷിയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങിപ്പോവാതെയുമുള്ള ചെറുകിട പദ്ധതികളും ലിഫ്ട് ഇറിഗേഷനുകളുമാണ് ഉണ്ടാവേണ്ടത്. അതിനായി വൈത്തിരി, വെണ്ണിയോട്, പനമരം, ബാവലി, തുരുനെല്ലി പുഴകളിലെല്ലാം റഗുലേറ്ററുകളും ലിഫ്ട് ഇറിഗേഷനുകളും ആണ് ഉണ്ടാവേണ്ടത്. തമിഴ്‌നാടിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാല്‍ കബനി ജലം എന്നന്നേക്കുമായി വയനാടിന് നഷ്ടപ്പെടുകയായിരിക്കും ഫലം. കേരളത്തിലെ തന്നെ മുഖ്യ കാര്‍ഷിക മേഖലയെന്ന് പരിഗണിക്കപ്പെടുന്ന വയനാട് ജില്ലയില്‍ കബനി ജലം ഉപയോഗപ്പെടുത്താന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കിസാന്‍സഭ കര്‍ഷകരുടെ കൂട്ടായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും സത്യന്‍ മൊകേരി അറിയിച്ചു. അതിരൂക്ഷമായ വരള്‍ച്ചയാണ് വയനാട് അഭിമുഖീകരിക്കാന്‍ പോവുന്നത്. ജില്ലയിലെ ഭൂഗര്‍ഭ ജലം ഭയാനകമായ നിലയില്‍ കുറയുകയാണ്. ഇക്കാര്യം മുന്നില്‍ കണ്ട് പദ്ധതികള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest