Connect with us

Palakkad

റെയില്‍വേ കീമാന്‍ ഡ്യൂട്ടിക്ക് സ്ത്രീകളെ ഒറ്റക്ക് നിയോഗിക്കുന്നതായി പരാതി

Published

|

Last Updated

പാലക്കാട്: റെയില്‍വേ കീമാന്‍ഡ്യൂട്ടിക്ക് വിജനമായ സ്ഥലത്തുപോലും സ്ത്രീകളെ ഒറ്റ്ക്ക് നിയോഗിക്കുന്നതായി പരാതി. ഒലവക്കോട് സെക്ഷന്‍പരിധിയിലെ കൊട്ടേക്കാടുമുതല്‍ വാളയാര്‍വരെയുള്ള റെയില്‍വേട്രാക്കിലെ ജോലികളാണ് നിശ്ചിതദൂരംവെച്ച് ഒരോ സ്ത്രീകളും ചെയ്തുതീര്‍ക്കേണ്ടത്.
കഞ്ചിക്കോട് സെക്ഷന്‍പരിധിയില്‍ ജോലിചെയ്യുന്ന ഏഴ് സ്ത്രീകള്‍ക്കാണ് ഈ ദുരിതം.തീരെ ആള്‍പ്പെരുമാറ്റമില്ലാത്ത, കാടുപിടിച്ച സ്ഥലത്തുകൂടിയാണ് കഞ്ചിക്കോട്‌വാളയാര്‍ റെയില്‍പ്പാത കടന്നുപോകുന്നത്.
ഇവിടെ അഞ്ചരക്കിലോമീറ്റര്‍ സഞ്ചരിച്ച് ട്രാക്ക് നിരീക്ഷിച്ച് തിരിച്ചുവരുന്നതാണ് ഒരാള്‍ക്കുള്ള ജോലി. പുരുഷന്മാരായ കീമാന്‍ജോലിക്കാരില്ലാത്ത ദിവസങ്ങളിലാണ് സ്ത്രീജീവനക്കാരെ ഈ ഡ്യൂട്ടിക്ക് തനിച്ച് നിയോഗിക്കുന്നത്. കഞ്ചിക്കോട്, വാളയാര്‍ ഭാഗത്തെ നാട്ടുകാരാണ് ഇവരുടെ ദുരിതം ശ്രദ്ധയില്‍പ്പെടുത്തിയത്. നേരത്തെ പുരുഷന്മാര്‍ തനിച്ച് ചെയ്തിരുന്ന പണിക്കാണ് ഒന്നരവര്‍ഷം മുമ്പ് റെയില്‍വേ സ്ത്രീകളെ നിയമിച്ചുതുടങ്ങിയത്. എന്നാല്‍, വിജനമായ സ്ഥലങ്ങളില്‍ സ്ത്രീകളെ തനിച്ചുവിടരുതെന്ന നിര്‍ദേശം അവഗണിച്ചാണ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നടപടി. ഈഭാഗത്തെ ട്രാക്കിന്റെ പരിസരങ്ങളില്‍ മദ്യപരുടെയും സാമൂഹികവിരുദ്ധരുടെയും ശല്യമുണ്ടെന്നകാര്യം നാട്ടുകാരും സ്ത്രീജീവനക്കാരും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമില്ലെന്നാണ് ആരോപണം.
രണ്ടുപേരെ ഒരുമിച്ച് ഡ്യൂട്ടിക്കിടാന്‍ ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ട സെക്ഷന്‍ എന്‍ജിനിയര്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. ഇതേതസ്തികയിലുള്ള 22 സ്ത്രീജീവനക്കാരാണ് ഈസ്റ്റ് സെക്ഷന്റെ കീഴിലുള്ളത്. ഇവരില്‍ പലരും ട്രാക്കിലിറങ്ങാതെ പദവി ദുരുപയോഗംചെയ്യുമ്പോള്‍ പുതുതായി നിയമിതരായ ജീവനക്കാരോട് പക്ഷപാതം കാണിക്കുന്നെന്നും ആക്ഷേപമുണ്ട്.റെയില്‍വേയുടെ നിയമമനുസരിച്ച് ഒന്നില്‍ക്കൂടുതലാളെ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ നിര്‍വാഹമില്ലെന്ന് കഞ്ചിക്കോട്‌വാളയാര്‍ ഭാഗത്തെ ചുമതലയുള്ള സെക്ഷന്‍ എന്‍ജിനിയര്‍ സി കൃഷ്ണന്‍ പറഞ്ഞു.
ആനയിറങ്ങുന്ന സാഹചര്യമുള്ളതിനാല്‍ ബി ലൈനില്‍മാത്രം രണ്ടുപേരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.