Connect with us

Kerala

വൃഷ്ടിപ്രദേശങ്ങളില്‍ മഴയില്ല; വൈദ്യുതി ബോര്‍ഡ് ആശങ്കയില്‍

Published

|

Last Updated

തൊടുപുഴ: കേരളത്തിന്റെ ഊര്‍ജകലവറയായ ഇടുക്കി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ മൂന്നു ദിവസങ്ങളായി തുള്ളി മഴ പോലും പെയ്തില്ല. വൈദ്യുതി ബോര്‍ഡിന്റെ പദ്ധതിപ്രദേശങ്ങളില്‍ കുറ്റിയാടി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് മാത്രമാണ് ഇന്നലെ മഴ ലഭിച്ചത്. 38 മില്ലീമീറ്റര്‍ മഴയാണ് ഇന്നലെ കുറ്റിയാടിയില്‍ രേഖപ്പെടുത്തിയത്.
ലോഡ് ഷെഡിംഗ് പിന്‍വലിച്ച പശ്ചാത്തലത്തില്‍ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറയുന്നത് സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കനത്ത ആശങ്കയിലാക്കുന്നുണ്ട്. പ്രത്യേകിച്ചും ഇടുക്കിയിലെ മഴക്കുറവാണ് ബോര്‍ഡിനെ ഏറെ അലട്ടുന്നത്. വൈദ്യുതി ഉപഭോഗം കൂടുന്നതും ആശങ്കപ്പെടുത്തുന്നുണ്ട്. കടുത്ത ഊര്‍ജ പ്രതിസന്ധിയുടെ നാളുകളാണ് വരാന്‍ പോകുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
2313.38 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 18 ശതമാനമാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 0.22 അടി കുറവാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേദിവസത്തേക്കാള്‍ 18 അടി കുറവാണിത്. അഞ്ച് ആഴ്ചത്തേക്കു വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് അണക്കെട്ടില്‍ അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം സംഭരണശേഷിയുടെ 30 ശതമാനം വെള്ളം അണക്കെട്ടിലുണ്ടായിരുന്നു. 6.913 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള വെള്ളം ഇന്നലെ ഒഴുകിയെത്തി. മൂലമറ്റം പവര്‍ ഹൗസില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം 9.725 ദശലക്ഷം യൂനിറ്റായിരുന്നു. സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപയോഗം 60.795 ദശലക്ഷം യൂനിറ്റും. 35.546 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും വാങ്ങി. ലോഡ് ഷെഡിംഗ് പിന്‍വലിച്ചതിനാല്‍ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം അഞ്ച് മുതല്‍ പത്ത് ശതമാനംവരെ കൂടുമെന്നാണ് വിലയിരുത്തല്‍.
അറ്റകുറ്റപ്പണിയിലായിരുന്ന ശബരിഗിരി, നേര്യമംഗലം, പെരിങ്ങല്‍ക്കുത്ത് പദ്ധതികളില്‍ ഉദ്പാദനം തുടങ്ങി. ശബരിഗിരി പദ്ധതിയിലെ ഉല്‍പാദനവും പുനരാരംഭിച്ചു. 2.795 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇന്നലെ ഉത്പ്പാദിപ്പിച്ചു. ആദ്യം അഞ്ച് മെഗാവാട്ട് ഉത്പാദനം നടത്തിയശേഷം പടിപടിയായി കൂട്ടി. ആവശ്യമനുസരിച്ചു 350 മെഗാവാട്ട് വരെ ഇവിടെ ഉത്പാദനം നടത്താന്‍ കഴിയും. പദ്ധതിയുടെ അണക്കെട്ടുകളിലെ ജലനിരപ്പില്‍ വന്‍ കുറവുണ്ടായിരിക്കുന്നത് പ്രശ്‌നമാകും. ശബരിഗിരിയില്‍ ഉത്പാദനം തുടങ്ങിയതോടെ ഇവിടെനിന്ന് പുറന്തള്ളുന്ന വെള്ളമുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കക്കാട് അള്ളുങ്കല്‍, മണിയാര്‍ കാരികയം, പെരുനാട് ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ ഉത്പാദനം പൂര്‍ണതോതില്‍ ആരംഭിച്ചു. സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ഇതുവരെ 16 ശതമാനം കുറവാണ് കണക്കാക്കിയിരിക്കുന്നത്.
ഇടുക്കിയിലെ മഴക്കുറവ് 16 ശതമാനമാണ്. ഈ മാസം 25 വരെ സാധാരണ കിട്ടേണ്ടത് 514.3 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍, ഇതിനകം കിട്ടിയത് 431.7 മില്ലിമീറ്റര്‍ മാത്രം. തിരുവനന്തപുരം ജില്ലയിലാണ് മഴ ഏറ്റവും കുറവ്. മലപ്പുറം, വയനാട് ജില്ലകളില്‍ ആവശ്യത്തിന് മഴ ലഭിച്ചു. മലപ്പുറത്തും വയനാടും കിട്ടേണ്ടതിനെക്കാള്‍ നാലു ശതമാനം കൂടുതല്‍ കിട്ടി. മറ്റ് ജില്ലകളിലെല്ലാം ശരാശരിയെക്കാള്‍ വളരെ കുറഞ്ഞ മഴയാണ് ലഭിച്ചിരിക്കുന്നത്.

Latest