Connect with us

International

ഇറാഖില്‍ മാലികിയെ നീക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍

Published

|

Last Updated

ബഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലികിയെ താഴെയിറക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകള്‍. ചൊവ്വാഴ്ചക്കകം പുതിയ പ്രധാനമന്ത്രി അവരോധിതനാകണമെന്ന് ശിയ പരമോന്നത നേതാവ് ആയതുല്ല അലി സിസ്താനി കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ സജീവമായത്. ഇസില്‍ വിമതരുടെ മുന്നേറ്റം തടയുന്നതിന് എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വിശാല സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് നീക്കം. പുതിയ പ്രധാനമന്ത്രിയും സ്പീക്കറും പ്രസിഡന്റും പാര്‍ലിമെന്റംഗങ്ങളും ചൊവ്വാഴ്ച യോഗം ചേരണമെന്നാണ് സിസ്താനിയുടെ നിര്‍ദേശം.
ഒരു ധാരണയിലെത്താന്‍ അടുത്ത 72 മണിക്കൂര്‍ പ്രധാനമാണ്. വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ രഹസ്യമായി യോഗങ്ങള്‍ നടത്തുന്നുണ്ട്. മാലികിയുടെ സ്റ്റേറ്റ് ഓഫ് ലോ പാര്‍ട്ടി അടക്കമുള്ള ശിയ പാര്‍ട്ടികളുടെ സഖ്യരൂപമായ നാഷനല്‍ അലയന്‍സിന്റെ യോഗം ഇന്ന് നടക്കും. സുന്നി പാര്‍ട്ടികള്‍ ഇന്നലെ യോഗം ചേര്‍ന്നു. ഐക്യ സര്‍ക്കാറിന് തയ്യാറല്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതിന് ശേഷം വെള്ളിയാഴ്ചത്തെ സിസ്താനിയുടെ ആഹ്വാനം മാലികിക്ക് തിരിച്ചടിയാണ്. എട്ട് വര്‍ഷത്തെ പ്രധാനമന്ത്രിപദത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും മാലികിക്കായിരുന്നു വിജയം. സ്റ്റേറ്റ് ഓഫ് ലോ അടക്കമുള്ള എല്ലാ ശിയാ പാര്‍ട്ടികളുടെയും യോഗം ചേര്‍ന്നെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെ കൊണ്ടുവരുമെന്നതില്‍ സമവായം ഉണ്ടാക്കാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സിസ്താനിയുടെ ആഹ്വാനം.
പുതിയ അംഗങ്ങളുടെ പാര്‍ലിമെന്റ് സമ്മേളനം സമയത്തിന് ചേരാന്‍ സമ്മതിക്കാത്ത രാഷ്ട്രീയ എതിരാളികളുടെ കുതന്ത്രമാണ് ഇതെന്ന് മാലികി ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ അവര്‍ ആദ്യം ശ്രമിച്ചു. ഇപ്പോള്‍ കൗണ്‍സില്‍ പ്രതിനിധികളുടെ പ്രഥമ സമ്മേളനം നീട്ടിവെക്കാനാണ് ഇപ്പോഴവര്‍ ശ്രമിക്കുന്നത്. കമാന്‍ഡര്‍മാരുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ മാലികി പറഞ്ഞു.

Latest