Connect with us

International

ഇ യുവിലെ തോല്‍വി: കാമറൂണിന് രൂക്ഷ വിമര്‍ശം

Published

|

Last Updated

ബ്രസ്സല്‍സ്: ബ്രിട്ടന്റെ ശക്തമായ എതിര്‍പ്പ് വകവെക്കാതെ, അടുത്ത യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റായി ലക്‌സംബര്‍ഗ് മുന്‍ പ്രധാനമന്ത്രി ജീന്‍ ക്ലോഡ് ജങ്കറിനെ യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി നാമനിര്‍ദേശം ചെയ്തതില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെതിരെ രൂക്ഷ വിമര്‍ശം. യൂറോപ്പില്‍ ബ്രിട്ടന്റെ സ്ഥാനം ഇപ്പോള്‍ പുറത്തേക്കുള്ള വാതിലിന്റെ തൊട്ടടുത്തെന്ന് ലേബര്‍ നേതാവ് എഡ് മിലിബാന്‍ഡ് പരിഹസിച്ചു. സമ്പദ്‌വ്യവസ്ഥക്ക് ശക്തമായ ഭീഷണിയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനന്ത്രി തികച്ചും പരിഹാസ്യനായതായി യു കെ ഐ പി നേതാവ് നിഗല്‍ ഫറാഷ് പറഞ്ഞു. കാമറൂണിന്റെ ഇ യു പരിഷ്‌കരത്തിനുള്ള മുറവിളി പരിഗണിക്കപ്പെടേണ്ടിയിരുന്നുവെന്ന് സ്വീഡനും ജര്‍മനിയും ചൂണ്ടിക്കാട്ടി.
യൂറോപ്പില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ കാമറൂണ്‍ ധൈര്യം പ്രകടിപ്പിച്ചതായി ആരോഗ്യ സെക്രട്ടറി ജെറിമി ഹണ്ട് പറഞ്ഞു. ബ്രിട്ടന്റെ കാര്യത്തിന് മാത്രമല്ല യൂറോപ്പിലെ എല്ലാ ജനങ്ങള്‍ക്കും വേണ്ടിയാണ് പരിഷ്‌കരണത്തിന് വേണ്ടിയുള്ള ചര്‍ച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ തുടങ്ങിവെച്ചതെന്ന് പ്രതിരോധ സെക്രട്ടറി ഫിലിപ് ഹമ്മോണ്ട് പറഞ്ഞു. രാഷ്ട്രീയ യൂനിയനാക്കി ഇ യുവിനെ മാറ്റണമെന്ന നിലപാടുകാരനായ ജങ്കര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ ബ്രിട്ടന്‍ കഴിവിന്റെ പരമാവധി തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രണ്ടിനെതിരെ 26 വോട്ടുകള്‍ക്ക് ഇ യു ജങ്കറിനെ തീരുമാനിക്കുകയായിരുന്നു. ബ്രിട്ടനൊപ്പം ഹങ്കറി മാത്രമാണ് ജങ്കറിനെ എതിര്‍ത്തത്.
കഴിഞ്ഞ മാസത്തെ യൂറോപ്യന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുന്‍നിര സ്ഥാനാര്‍ഥിയായിരുന്നു ജങ്കര്‍. ഇ യുവിന്റെ പരിഷ്‌കാരങ്ങളെ അദ്ദേഹം തടയുകയും ചെയ്യും. അതിനാല്‍ തന്നെ ജങ്കറിന്റെ മുന്നേറ്റത്തെ തടയാന്‍ കാമറൂണ്‍ ആഗ്രഹിക്കുന്നു. കമ്മീഷന്‍ മേധാവിയെ നേതാക്കള്‍ നിര്‍ദേശിക്കുകയും തുടര്‍ന്ന് യൂറോപ്യന്‍ പാര്‍ലിമെന്റ് അദ്ദേഹത്തിന് വോട്ട് ചെയ്യുകയുമാണ് നടപടി. വോട്ടെടുപ്പ് അടുത്ത മാസമാണ്. സമവായത്തിലൂടെയല്ലാതെ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കണമെന്ന കാമറൂണിന്റെ അഭിപ്രായം സ്വീകരിച്ചെങ്കിലും മറ്റ് രാജ്യങ്ങളുടെ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ കാമറൂണ്‍ പരാജയപ്പെട്ടു.

Latest