Connect with us

National

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് പത്ത് മരണം

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണ് പത്ത് പേര്‍ മരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭാഗത്തുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. മരിച്ചവരില്‍ അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളുമുള്‍പ്പെടുന്നു. 50 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട് പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്ദര്‍ലോക് മേഖലയിലെ തുളസീനഗറില്‍ രാവിലെ 8.55നാണ് സംഭവം. 50 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അനധികൃതമായി നിര്‍മിച്ച കെട്ടിടമാണ് തകര്‍ന്നിരിക്കുന്നതെന്ന് പോലീസ് പറയുന്നു. കെട്ടിടം തകര്‍ന്നതിനെക്കുറിച്ചു അന്വേഷിക്കാന്‍ നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (എന്‍ ഡി എം സി) ഉത്തരവിട്ടു. കെട്ടിടം തകര്‍ന്നതുമായി ബന്ധപ്പെട്ടു രണ്ട് എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.
ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍, അഗ്നിശമന സേന വിഭാഗം, ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരുക്കേറ്റവരെ ബാര ഹിന്ദു റാവു ആശുപത്രി, ആചര്യ ഭിക്ഷു ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
അപകടം നടന്ന വടക്കന്‍ ഡല്‍ഹിയുടെ ഈ ഭാഗത്ത് 144ഓളം കെട്ടിടങ്ങള്‍ കാലപ്പഴക്കത്താല്‍ അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.