Connect with us

Kerala

ഹയര്‍സെക്കന്‍ഡറിയിലെ സമയമാറ്റം വിദ്യാര്‍ഥികള്‍ക്ക് പ്രയാസമുണ്ടാക്കും

Published

|

Last Updated

വണ്ടൂര്‍: ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ പ്രവൃത്തി ദിനം അഞ്ചായി ചുരുക്കുന്നതിന്റെ ഭാഗമായി പിരീയഡുകളുടെയും ഇടവേളകളുടെയും സമയം കുറക്കുന്നത് വിദ്യാര്‍ഥികളെ ദോഷകരമായി ബാധിച്ചേക്കും. വിദ്യാര്‍ഥികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സമയം ലഭിക്കാത്ത വിധത്തിലാണ് ഇടവേളകള്‍ ക്രമീകരിച്ചിട്ടുള്ളത്. നേരത്തെ പത്ത് മിനുട്ട് ഇടവേള ലഭിച്ചിരുന്നു. ഇനി മുതല്‍ ഇത് അഞ്ചായി ചുരുക്കിയിട്ടുണ്ട്. രാവിലെയും ഉച്ച കഴിഞ്ഞും ഉള്ള ഇടവേളകളെ കുറിച്ച് ടൈം ടേബിള്‍ പരാമര്‍ശിക്കുന്നില്ല. അഞ്ച് മിനിട്ടു വീതം കിട്ടുമെന്നാണറിയുന്നത്. എന്നാല്‍ അഞ്ച് മിനുട്ടിനകം പ്രാഥമികവാശ്യങ്ങള്‍ നിറവേറ്റാനുള്ള മൂത്രപ്പുരകളോ കക്കൂസുകളോ മിക്ക സ്‌കൂളുകളുമില്ല. ഒരു ക്ലാസില്‍ 60 കുട്ടികളാണ് നിലവിലെ എണ്ണമെങ്കിലും പലയിടത്തും 70ലേറെ കുട്ടികള്‍ പഠിക്കുന്നുണ്ട്. ശരാശരി മിക്ക സ്‌കൂളുകളിലും 360 പെണ്‍കുട്ടികള്‍ക്ക് ഒരു ടോയ്‌ലെറ്റ്, ഭക്ഷണ ശേഷം കൈ കഴുകാന്‍ രണ്ട് വാഷ് ബെയിസിന്‍ എന്നിങ്ങനെയൊക്കെയാണ് സൗകര്യങ്ങളുള്ളത്.
സംസ്ഥാനത്താകെ 1907 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുകളാണുള്ളത്. ഇതില്‍ 760 സര്‍ക്കാര്‍ സ്‌കൂളുകളും 686 എയ്ഡഡ് സ്‌കൂളുകളും 461 അണ്‍എയ്ഡഡ് സ്‌കൂളുകളുമാണ്. പ്ലസ് വണ്ണിലും പ്ലസ് ടുവിലുമായി മൊത്തം എട്ടുലക്ഷത്തിലേറെ വിദ്യാര്‍ഥികളെന്നാണ് കഴിഞ്ഞ അധ്യയന വര്‍ഷത്തെ കണക്ക്. ഇത്രയും കുട്ടികള്‍ക്കുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ ഈ ഇടവേളകള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിതവും പിരിമുറുക്കവുമാണ് സമ്മാനിക്കുക. കൂടാതെ സയന്‍സ് ലാബ് വിഷയങ്ങളുടെ പഠനത്തിനും പ്രസ്തുത ടൈംടേബിള്‍ ക്രമീകരണം പ്രയാസം സൃഷ്ടിച്ചേക്കും. അവസാനത്തെ രണ്ടു പിരീയഡുകളായിരുന്നു നേരത്തെ ലാബുകള്‍ക്കായി മാറ്റിവെച്ചിരുന്നത്. എന്നാല്‍ സമയം കുറക്കുന്നതോടെ ലാബ് പഠനം കുറയാനും വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് വൈകാനും ഇത് കാരണമായേക്കുമെന്നും അധ്യാപകര്‍ പറയുന്നു. ആഴ്ചയില്‍ 48 പിരീഡാണ് ഹയര്‍ സെക്കന്‍ഡറിയില്‍ നിലവിലുള്ളത്. ശനിയാഴ്ചത്തെ അധ്യയനം കുറക്കുമ്പോള്‍ ആ ദിവസത്തെ എട്ട് പിരീയഡുകള്‍ ബാക്കിയുള്ള ദിവസങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇപ്രകാരം ദിവസം പത്ത് പിരീയഡുണ്ടാകും. ഇനി മുതല്‍ രാവിലെ ഒമ്പത് മുതല്‍ 4.30 വരെയാണ് ക്ലാസ് സമയം. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കുറവായ മലബാര്‍ മേഖലയില്‍ മിക്ക വിദ്യാര്‍ഥികളും മണിക്കൂറുകള്‍ യാത്ര ചെയ്താണ് സ്‌കൂളുകളില്‍ എത്തിച്ചേരുന്നത്. ക്ലാസ് സമയം രാവിലെ ഒമ്പത് ആകുന്നതോടെ ഈ കുട്ടികള്‍ക്കെല്ലാം എത്തിച്ചേരലും പ്രയാസം സൃഷ്ടിച്ചേക്കും. കൂടാതെ മദ്‌റസ പഠനത്തെയും ഇത് ദോഷകരമായി ബാധിച്ചേക്കും. വൈകീട്ട് നാലിന് ക്ലാസുകള്‍ അവസാനിച്ചിരുന്നെങ്കിലും ഇനി മുതല്‍ 4.30 നാണ് അവസാനിക്കുക. കൗമാരക്കാരായ ഈ വിദ്യാര്‍ഥികള്‍ക്ക് വൈകീട്ട് വീട്ടിലെത്താനും ഇത് പ്രയാസം സൃഷ്ടിക്കുമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ശനിയാഴ്ച ക്ലാസ് ഒഴിവാക്കുന്നത് വിദ്യാര്‍ഥികളുടെ ആവശ്യത്തേക്കാള്‍ അധ്യാപകരുടെ ആവശ്യമാണെന്ന ആക്ഷേപവും ശക്തമാണ്. നിലവില്‍ ഞായറാഴ്ചകളില്‍ സ്വാകര്യ ടൂട്ടോറിയല്‍ സെന്ററുകളില്‍ ക്ലാസെടുക്കാന്‍ പോകുന്ന അധ്യാപകര്‍ക്ക് ശനിയാഴ്ചയും ഉപയോഗപ്പെടുത്താമെന്നതാണ് പ്രധാന വിമര്‍ശമായി ഉന്നയിക്കുന്നത്.

---- facebook comment plugin here -----

Latest