Connect with us

International

ഇറാഖ്: മൂന്നിടങ്ങളില്‍ ഇന്ത്യ ക്യാമ്പ് ഓഫീസ് തുറന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. നിലവില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമല്ലാത്ത മേഖലകളിലുള്ള പതിനായിരത്തോളം വരുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി മൂന്ന് ക്യാമ്പ് ഓഫീസുകള്‍ തുറന്നിട്ടുണ്ട്. നജഫ്, കര്‍ബല, ബസ്‌റ എന്നിവിടങ്ങളിലാണ് ക്യാമ്പ് ഓഫീസുകള്‍ തുറന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉടന്‍ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നിര്‍ദേശം നല്‍കി.
അതേസമയം, ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐ എന്‍ എസ് മൈസൂര്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ വിന്യസിച്ചു. നിര്‍ദേശങ്ങള്‍ ലഭിക്കുന്നത് വരെ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ നിലയുറപ്പിക്കാനാണ് ഉത്തരവ് ലഭിച്ചതെന്ന് നാവിക സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റൊരു യുദ്ധക്കപ്പലായ ഐ എന്‍ എസ് തര്‍ക്കാഷ് ഏദന്‍ കടലിടുക്കിലും വിന്യസിച്ചിട്ടുണ്ട്. ഒഴിപ്പിക്കല്‍ നടപടികള്‍ക്കായാണ് രണ്ട് യുദ്ധക്കപ്പലുകളും സജ്ജമാക്കിയിട്ടുള്ളത്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി സി 17, സി 130 ജെ ഹെര്‍ക്കുലീസ് വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു.
39 ഇന്ത്യക്കാരെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിന്ന് അജ്ഞാതര്‍ ബന്ദികളാക്കിയിട്ടുണ്ട്. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സംഘര്‍ഷ മേഖലയിലുള്ള ഇന്ത്യക്കാരുടെ എണ്ണം കൃത്യമായി പറയാന്‍ സാധിക്കില്ലെന്നും ഏകദേശം നൂറോളം പേര്‍ കലാപ മേഖലയിലുണ്ടെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിരിച്ചുവരാന്‍ സാധിക്കുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെ നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇറാഖിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കുവൈത്ത്, ഖത്തര്‍, ഒമാന്‍, സഊദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുമായി സുഷമാ സ്വരാജ് ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും മന്ത്രാലയ അധികൃതര്‍ പറഞ്ഞു.
അതിനിടെ, ഇറാഖിന്റെ വടക്കന്‍ മേഖലയില്‍ നിര്‍ണായക നഗരങ്ങള്‍ പിടിച്ച് സൈന്യത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ഇസില്‍ സംഘത്തിന് തിക്‌രീത്തില്‍ കനത്ത തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുണ്ട്.

Latest