Connect with us

Ongoing News

ഇനി വ്രതവിശുദ്ധിയുടെ നാളുകള്‍

Published

|

Last Updated

കോഴിക്കോട്: ആകാശത്തിന്റെ പടിഞ്ഞാറന്‍ ചെരുവില്‍ നേര്‍ത്ത ചന്ദ്രക്കല പ്രത്യക്ഷപ്പെട്ടതോടെ മണ്ണിലും വിണ്ണിലും നാഥന്റെ സങ്കീര്‍ത്തനങ്ങള്‍ ഉയര്‍ന്നു തുടങ്ങി. റമസാനിന്റെ വിശുദ്ധി ഏറ്റുവാങ്ങാനായി ഹൃദയങ്ങളെ പാകപ്പെടുത്തി കാത്തിരുന്ന വിശ്വാസികളിലേക്ക് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവുമായി ഒരു വ്രതമാസം കൂടി വിരുന്നെത്തി.
മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് റമസാന്‍ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റമസാന്‍ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, കോഴിക്കോട് സംയുക്ത മഹല്ല് ജമാഅത്ത് ഖാസി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധികളായ സയ്യിദ് അലി ബാഫഖി തങ്ങള്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചതോടെയാണ് സത്കര്‍മങ്ങളുടെ വസന്തമായ റമസാന് സമാരംഭമായത്.
അളവറ്റ ആത്മഹര്‍ഷത്തോടെയാണ് മുസ്‌ലിം ലോകം വിശുദ്ധ റമസാനെ വരവേല്‍ക്കുന്നത്. ഓരോ പുണ്യ പ്രവൃത്തിക്കും അനേകമടങ്ങ് പ്രതിഫലം ലഭിക്കുന്ന കാലം. പാപ പരിഹാരത്തിന്റെയും നരക മോചനത്തിന്റേയും കാലം. അല്ലാഹുവിന്റെ അനുഗ്രഹങ്ങളിലേക്കുള്ള ആത്മസമര്‍പ്പണം കൂടിയാണ് റമസാന്‍. പള്ളികളും ഭവനങ്ങളും തേച്ചു മിനുക്കി വിശ്വാസി കാത്തിരുന്നത് ഈ വെണ്‍തിങ്കള്‍ കലയുടെ ഉദയത്തിനായിരുന്നു. പുണ്യങ്ങളുടെ നിറവസന്തം തീര്‍ക്കുന്ന റമസാന്‍ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ നേരത്തെ തന്നെ ഒരുക്കം തുടങ്ങിയിരുന്നു.
ആത്മ പരിശോധനക്കും സംസ്‌കരണത്തിനും അവസരം നല്‍കിയാണ് പുണ്യമാസം കടന്നു വരുന്നത്. ഒരു മാസകാലത്തെ ഇനിയുള്ള രാപ്പകലുകള്‍ ആരാധനാമുഖരിതമായിരിക്കും. പകലുകളില്‍ പ്രപഞ്ചനാഥനു വേണ്ടി അന്നപാനീയങ്ങള്‍ വര്‍ജിച്ചും രാത്രികള്‍ പ്രാര്‍ഥന കൊണ്ട് സമ്പന്നമാക്കിയും റമസാനെ കരുതലോടെ ആദരിക്കും.
വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമെന്നതാണ് റമസാനെ കൂടുതല്‍ പവിത്രമാക്കുന്നത്. ഖുര്‍ആന്‍ അനുശാസിക്കുന്ന രീതിയില്‍ ജീവിതം ചിട്ടപ്പെടുത്തുകയെന്നതും റമസാനിന്റെ സന്ദേശമാണ്. ഉദാര ദാനധര്‍മങ്ങളും ഈ മാസത്തിന്റെ പ്രത്യേകതയാണ്. സത്കര്‍മങ്ങള്‍ക്കൊക്കെയും അനേകമിരട്ടി പ്രതിഫലം ലഭിക്കുന്ന മാസമായതിനാല്‍ വിശ്വാസികള്‍ നിര്‍ബന്ധ ദാനമായ സക്കാത്ത് കൊടുത്തു വീട്ടുന്നതും റമസാനിലാണ്. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്‌റും റമസാനിന്റെ പുണ്യം നിറഞ്ഞ പ്രതീക്ഷയാണ്. അഞ്ച് നേരത്തെ നിര്‍ബന്ധ നിസ്‌കാരത്തിനും രാത്രി തറാവീഹിനും ഉദ്‌ബോധന ക്ലാസുകള്‍ക്കുമൊക്കെയായി ഇനി പള്ളികള്‍ സജീവമാകും. മത മൈത്രിയുടെ സന്ദേശം പരത്തി എല്ലാ വിഭാഗവും ഒന്നിച്ചിരിക്കുന്ന ഇഫ്താറുകളും റമസാനിന്റെ പ്രത്യേകതയാണ്.

Latest