Connect with us

Gulf

പാസ്‌പോര്‍ട്ട് പ്രശ്‌നത്തിന് ഉടന്‍ പരിഹാരമാകും: സ്ഥാനപതി

Published

|

Last Updated

അബുദാബി: പാസ്‌പോര്‍ട്ട് ബുക്ക് ക്ഷാമത്തിന് ഉടന്‍ പരിഹാരമാകുമെന്ന് യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം വ്യക്തമാക്കി. സിറാജിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ പാസ്‌പോര്‍ട്ട് അച്ചടിക്കുന്ന പ്രസില്‍ ലാമിനേഷന്‍ പേപ്പര്‍ തീര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണം. തത്കാല്‍ പദ്ധതിയില്‍ പാസ്‌പോര്‍ട്ട് നല്‍കുന്നുണ്ട്. നിരക്ക് അല്‍പം കൂടുതലാണെന്നേയുള്ളു.
യു എ ഇയിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നയതന്ത്ര കാര്യാലയങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. രാവിലെ പത്ത് മുതല്‍ പന്ത്രണ്ട് വരെ പരാതികള്‍ സ്വീകരിക്കും. പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഓഫീസുകളെ സമീപിക്കാവുന്നതാണ്. എംബസിയുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 800 ഇന്ത്യ (80046342) കാള്‍ സെന്റര്‍ ആരംഭിച്ചു. പരാതിയുള്ളവര്‍ക്ക് ഈ നമ്പറിലേക്ക് വിളിക്കാം. മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, തെലുങ്ക് എന്നീ അഞ്ച് ഭാഷകളില്‍ പരാതി പറയാം. നിയമ സഹായം, സാമ്പത്തിക കാര്യം, കൗണ്‍സലിംഗ് എന്നിവ ആവശ്യമുള്ളവര്‍ക്ക് എംബസി നല്‍കുന്നുണ്ട്. ആവശ്യമുള്ളവര്‍ക്ക് നിയമ വിദഗ്ധരെ ഏര്‍പ്പാട് ചെയ്തു നല്‍കും. എംബസിയുടെ കീഴില്‍ “ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്” ആരംഭിച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടവര്‍ക്ക് നാട്ടിലേക്ക് പോകുന്നതിന് വിമാനടിക്കറ്റ്, ചികിത്സ സഹായം ആവശ്യമുള്ളവര്‍ക്ക് സഹായം, വിവിധ മന്ത്രാലയങ്ങളില്‍ പിഴ ലഭിച്ചവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വഴി ലഭിക്കും.
സിനിയര്‍ ഐ എ എസ് ഓഫീസര്‍ ബിഹാര്‍ സ്വദേശി ആനന്ദ് ബര്‍ധന്‍ ഐ എ എസിനെ കമ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസറായും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സമൂഹത്തിന് ഏത് തരത്തിലുള്ള സഹായം വേണമെങ്കിലും കമ്യൂണിറ്റി വെല്‍ഫെയര്‍ വകുപ്പിനെ സമീപിക്കാവുന്നതാണെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ആനന്ദ് ബര്‍ധന്‍ ഐ എ എസ് വ്യക്തമാക്കി. സിറാജിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി സാമൂഹിക സാമ്പത്തിക സഹായങ്ങള്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ വകുപ്പു നടത്തികഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 35 ഓളം മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
എംബസി, കോണ്‍സുലേറ്റ്, ബി എല്‍ എസ് എന്നിവിടങ്ങളില്‍ നിന്നും അപേക്ഷകള്‍ സൗജന്യമായാണ് നല്‍കുന്നത്. ഫോമുകള്‍ക്ക് കാശ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും അംബാസഡര്‍ ടി പി സീതാറാമും ആനന്ദ് വര്‍ധനയും വ്യക്തമാക്കി. ബി എസ് എല്‍ ഓഫീസില്‍ പരാതി ബോക്‌സുകള്‍ സ്ഥാപിക്കും. എംബസി കോണ്‍സുല്‍ സൈറ്റുകളില്‍ നിന്ന് ആവശ്യമായത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള ഫോമുകളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്, അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്വദേശികള്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തെറ്റിദ്ധാരണ മൂലമാണ് പലരും പേര് രജിസ്റ്റര്‍ ചെയ്യാത്തത്. 20 ലക്ഷം ഇന്ത്യക്കാരുള്ള യു എ ഇയില്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 25,000 പേരാണ്. ഇന്ത്യന്‍ സര്‍ക്കാറിന്റെ പുതിയ നിയമങ്ങളും എംബസിയുടെ പുതിയ ഉത്തരവുകളും ജനങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ നിര്‍ബന്ധമായും പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടവര്‍ മറയില്ലാതെ എംബസി, കോണ്‍സുലേറ്റ് എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ കടന്ന് വരാവുന്നതാണെന്നും സ്ഥാനപതി വ്യക്തമാക്കി.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest