Connect with us

Kozhikode

പ്ലസ് വണ്‍ പരീക്ഷാ ഫലം അപൂര്‍ണം; വിദ്യാര്‍ഥികളുടെ തുടര്‍പഠനം അവതാളത്തില്‍

Published

|

Last Updated

കൊടുവള്ളി: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ കുത്തഴിഞ്ഞ നടപടികള്‍ മൂലം ഇത്തവണ പ്ലസ് വണ്‍ പരീക്ഷയെഴുതിയ നിരവധി വിദ്യാര്‍ഥികള്‍ കണ്ണീര് കുടിക്കുന്നു.
രണ്ട് ഘട്ടമായി പരീക്ഷാഫലം വന്നിട്ടും ഇവരുടെ റിസല്‍റ്റ് അപൂര്‍ണമാണ്. ഇങ്ങനെ പുറത്തുവന്ന റിസള്‍ട്ടില്‍ തന്നെ പലര്‍ക്കും മാതൃഭാഷയായ മലയാളത്തിന് ലഭിച്ചത് പൂജ്യം മാര്‍ക്കും.
കൊടുവള്ളി കെ എം ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും മെഡിക്കല്‍ കോളജ് റഹ്മാനിയ വികലാംഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും 13 വീതം വിദ്യാര്‍ഥികളെയാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് വിഷമവൃത്തത്തിലാക്കിയത്.
ഈ മാസം 18ന് പ്ലസ് വണ്‍ റിസല്‍റ്റ് പ്രസിദ്ധീകരിച്ചത് തന്നെ അപൂര്‍ണമായിട്ടായിരുന്നു. സ്‌കോര്‍ ഷീറ്റ് ലഭിക്കാത്തതിന്റെ പേരിലാണത്രെ സംസ്ഥാനത്ത് അയ്യായിരത്തോളം കുട്ടികളുടെ റിസല്‍റ്റ് തടഞ്ഞുവെച്ചിരുന്നത്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രശ്‌നം പരിഹരിച്ച് 25ന് റിസല്‍റ്റ് പൂര്‍ണമായി പ്രസിദ്ധീകരിക്കുമെന്ന് വിശദീകരണം ലഭിച്ചിരുന്നു. എന്നാല്‍, രണ്ട് ദിവസം വൈകി ഇന്നലെ ഫലം വന്നപ്പോഴും കൊടുവള്ളി കെ എം ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും മെഡിക്കല്‍ കോളജ് റഹ്മാനിയ വികലാംഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ഥികളുടെ പ്രശ്‌നം ബാക്കിയായി.
നേരത്തേ ഫലം തടഞ്ഞുവെച്ചിരുന്ന കെ എം ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തുടര്‍ച്ചയായി നമ്പറുള്ള 13 വിദ്യാര്‍ഥികള്‍ക്ക് മലയാളത്തിന് ലഭിച്ചിരിക്കുന്നത് പൂജ്യം മാര്‍ക്കാണ്. റഹ്മാനിയ സ്‌കൂളില്‍ ഫലം തടഞ്ഞിരുന്ന 13 പേരില്‍ ഒരാളുടെ റിസല്‍റ്റ് ഇനിയും വന്നിട്ടില്ല. അവശേഷിച്ച 12 പേരുടെ റിസള്‍ട്ട് വന്നെങ്കിലും ആറ് പേര്‍ക്ക് മലയാളത്തില്‍ പൂജ്യം മാര്‍ക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ തുടര്‍ പഠനം അവതാളത്തിലാക്കിയ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നിന്ന് ഇനി എന്ത് ചെയ്യണമെന്ന നിര്‍ദേശമൊന്നും സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.

Latest