Connect with us

Palakkad

ജില്ലയിലെ വിവിധ ബേങ്കുകളില്‍ 18403.28 കോടി രൂപയുടെ നിക്ഷേപം

Published

|

Last Updated

പാലക്കാട്: ജില്ലയിലെ വിവിധ ബേങ്കുകളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 18403.28 കോടി രൂപയുടെ നിക്ഷേപമുളളതായി ബേങ്കിങ് അവലോകന യോഗത്തില്‍ വ്യക്തമാക്കി.
2013 സാമ്പത്തിക വര്‍ഷത്തില്‍ 16174.09 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായിരുന്നത്. 2229.19 കോടി രൂപയുടെ വര്‍ദ്ധനവാണ് നിക്ഷേപരംഗത്ത് ഉണ്ടായത്. 2014 സാമ്പത്തിക വര്‍ഷത്തില്‍ 14632.01 കോടി രൂപ ബേങ്കുകള്‍ വായ്പയായി നല്‍കി. 2013 വര്‍ഷത്തില്‍ 13488.31 കോടി രൂപയാണ് വായ്പയായി നല്‍കിയത്.
എട്ട് ശതമാനം വര്‍ദ്ധനവ് ഈ രംഗത്തുണ്ടായി. വായ്പ നിക്ഷേപ അനുപാതം 2014 ല്‍ 80 ശതമാനമാണ്. മുന്‍ഗണനാ മേഖലയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 10548 കോടി രൂപ വായ്പയായി നല്‍കി. ഇത് മൊത്തം വായ്പയുടെ 72 ശതമാനമാണ്. ദുര്‍ബല മേഖലയില്‍ 2551 കോടി രൂപ നല്‍കി. ഇത് മൊത്തം വായ്പയുടെ 19 ശതമാനമാണ്. സ്വയം സഹായ സംഘങ്ങള്‍ വഴി ജില്ലയില്‍ 1445.39 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ചു. ഇതില്‍ 19796 സംഘങ്ങള്‍ക്ക് വായ്പയായി 13382.33 ലക്ഷം രൂപ വിതരണം ചെയ്തു.
അനധികൃത പണമിടപാടുകാര്‍ക്കെതിരെ ഗവണ്‍മെന്റ് നടത്തിയ ഇടപെടലുകളുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലുണ്ടായ വിടവ് നികത്തുന്നതിന് ബേങ്കുകള്‍ക്ക് കഴിയണമെന്ന് ബേങ്കിങ് അവലോകന സമിതി അ‘ിപ്രായപ്പെട്ടു. ജില്ലയുടെ കാര്‍ഷിക മേഖലയിലും അട്ടപ്പാടി പോലുളള മേഖലകളിലും ബാങ്കുകള്‍ക്ക് ഉദാരമായി സഹായിക്കാന്‍ കഴിയുമെന്ന് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ പറഞ്ഞു.
ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും ബേങ്കെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കും. ജില്ല ഈ നേട്ടം നേരത്തെ കൈവരിച്ചതാണ്. ബ്ലോക്ക് തല എഫ് എല്‍ സികള്‍ വഴി സാമ്പത്തിക ബോധവത്ക്കരണം, ലോണുകള്‍ ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും തീരുമാനിച്ചു.
ഹോട്ടല്‍ ടോപ്-ഇന്‍-ടൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി ജെ. നായര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍ ബി ഐ എല്‍ ഡി ഒ കെ ആര്‍ രാധാകൃഷ്ണന്‍, നബാര്‍ഡ് ഡി ഡി എം രമേഷ് വേണുഗോപാല്‍, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ കെ എസ് പ്രദീപ്, വ്യവസായകേന്ദ്രം ജി എം കൃഷ്ണകുമാര്‍, കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ പി. ഉണ്ണികൃഷ്ണന്‍, എന്‍ വി മുരളീകൃഷ്ണന്‍ പങ്കെടുത്തു.

Latest