Connect with us

Malappuram

ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തല്‍; ഡോക്ടര്‍മാര്‍ സമരത്തിലേക്ക്‌

Published

|

Last Updated

മലപ്പുറം: മഞ്ചേരിയിലെ ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കിയുളള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ജനറല്‍ ആശുപത്രി ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു.
ജനറല്‍ ആശുപത്രിയെ പൂര്‍ണമായും മെഡിക്കല്‍ കോളജില്‍ ലയിപ്പിക്കുകയും ഡോക്ടര്‍മാരെ യോഗ്യതയനുസരിച്ച് മെഡിക്കല്‍ കോളജിലേക്ക് നിയമിക്കുകയും ചെയ്യുന്ന പുതിയ ഉത്തരവിന് വഴങ്ങേണ്ടെന്നാണ് ഡോക്ര്‍മാരുടെ സംഘടനയായ കെ ജി എം ഒയുടെ തീരുമാനം. നടപടികളുമായി മുന്നോട്ടുപോയാല്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതടക്കമുളള കടുത്ത നിലപാട് സ്വീകരിക്കും. ആരോഗ്യവകുപ്പിന് കീഴിലെ ജനറല്‍ ആശുപത്രിയില്‍ മാത്രമേ ജോലി ചെയ്യുകയുളളൂവെന്നറിയിച്ച് ഇന്നലെ ഡോക്ടര്‍മാര്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഉമര്‍ഫാറൂഖിന് കത്തുനല്‍കി. ഏകപക്ഷീയമായ തീരുമാനത്തിലൂടെ ഡോക്ടര്‍മാരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുളള നീക്കം തുടര്‍ന്നാല്‍ സംസ്ഥാനതലത്തില്‍ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന് കെ ജി എം ഒ എ ജില്ലാഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹെല്‍ത്ത് സര്‍വീസിലുളള ജീവനക്കാരെ മെഡിക്കല്‍ കോേജിലേക്ക് മാറ്റുന്ന ഉത്തരവില്‍ കടുത്ത അമര്‍ഷമാണ് ഭൂരിഭാഗം ഡോക്ടര്‍മാര്‍ക്കുമുളളത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനും രണ്ടാം വര്‍ഷ എം ബി ബി എസ് ബാച്ചിന് പഠനസൗകര്യങ്ങള്‍ ഒരുക്കുന്നതിനും പുതിയ ബാച്ചിന്റെ പ്രവേശനത്തിനും ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളജില്‍ ലയിപ്പിക്കല്‍ അനിവാര്യമാണെന്ന നിലപാടാണ് സര്‍ക്കാറിന്.
നീണ്ട കാലം സര്‍വീസുളള ഡോക്ടര്‍മാര്‍ അടക്കം അധിക യോഗ്യതകള്‍ മാനദണ്ഡമാക്കി മെഡിക്കല്‍ കോളജിലേക്ക് നിയമിക്കപ്പെടുമ്പോള്‍ നിലവിലുളള തസ്തികകളേക്കാള്‍ താഴെയാവുമോയെന്നതാണ് ഡോക്ടര്‍മാരുടെ ആശങ്ക. ഒപ്പം തങ്ങളേക്കാള്‍ സര്‍വീസ് കുറവുളള ഡോക്ടര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യേണ്ടി വന്നേക്കാമെന്നതും ഡോക്ടര്‍മാരുടെ പുതിയ നീക്കത്തിന് കാരണമായി. മെഡിക്കല്‍ കോളജിലെ അധ്യാപകര്‍ക്ക് യു ജി സി സ്‌കെയില്‍ പ്രകാരമുളള മികച്ച ശമ്പളം ലഭിക്കുമെങ്കിലും ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലെത്തുന്ന ഡോക്ടര്‍മാരുടെ കാര്യത്തില്‍ ശമ്പള വര്‍ധനവ് അടക്കമുളളവ തീരുമാനമായിട്ടില്ല.
മെഡിക്കല്‍ കോളജില്‍ സ്ഥിരനിയമനം ലഭിക്കില്ലെന്ന ആശങ്കയുമിവര്‍ക്കുണ്ട്. ജനറല്‍ ആശുപത്രി താല്‍ക്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജിന് വേണ്ടി ഉപയോഗിച്ച് കൂടുതല്‍ ഭൗതികസൗകര്യങ്ങളുളള സ്ഥലം കണ്ടെത്തി മെഡിക്കല്‍ കോളജ് അങ്ങോട്ട് മാറ്റണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. 21 ഏക്കറാണ് മെഡിക്കല്‍ കോളജിലുളളത്.
സംസ്ഥാനത്ത് മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് നൂറ് ഏക്കറിന് മുകളിലുണ്ടെന്നും ഇപ്പോഴത്തെ നീക്കം മൂലം മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ഭാവിയിലെ വികസനസാധ്യത മങ്ങുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജില്ലാ പ്രസിഡന്റ് ഡോ.സത്യനാരായണന്‍, സെക്രട്ടറി ഡോ. അജേഷ് രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Latest