Connect with us

Malappuram

മഞ്ചേരി ചെരണിയില്‍ ജനറല്‍ ആശുപത്രി സ്ഥാപിക്കും: എം എല്‍ എ

Published

|

Last Updated

മഞ്ചേരി: നിലവിലുള്ള ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളജുമായി ലയിപ്പിച്ച സാഹചര്യത്തില്‍ മഞ്ചേരി ചെരണിയില്‍ പുതിയ ജനറല്‍ ആശുപത്രി സ്ഥാപിക്കുമെന്ന് എം എല്‍ എ അഡ്വ. എം ഉമ്മര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.
മഞ്ചേരി ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചു കൊണ്ട് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതനുസരിച്ച് ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍, ഉപകരണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കും. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ റഫറല്‍ സംവിധാനം നിലനില്‍ക്കുന്നതിനാല്‍ പുതിയ ജനറല്‍ ആശുപത്രി അത്യാവശ്യമായിരിക്കുകയാണ്. രണ്ട് ആശുപത്രി ഒരു വളപ്പില്‍ പ്രവര്‍ത്തിക്കുന്നതില്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും ഭരണനിര്‍വഹണത്തിനുള്ള തടസ്സങ്ങളും ഒഴിവാക്കുന്നതിന് ജനറല്‍ ആശുപത്രി സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന് കീഴില്‍ ചെരണിയില്‍ പ്രവര്‍ത്തിക്കുന്ന ടി ബി സെന്ററിനോടനുബന്ധിച്ച് പുതിയ ജനറല്‍ ആശുപത്രി സ്ഥാപിക്കാന്‍ തീരുമാനമായത്. ഇതിനായുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും എം എല്‍ എ അറിയിച്ചു.