Connect with us

Malappuram

സ്‌നേഹത്തണലൊരുക്കി കൈവല്യഗ്രാമം മൂന്നാം വര്‍ഷത്തിലേക്ക്

Published

|

Last Updated

പെരിന്തല്‍മണ്ണ: മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സ്‌നേഹത്തണലൊരുക്കി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച കൈവല്യഗ്രാമം മൂന്നാം വര്‍ഷത്തിലേക്ക്. ഈ പദ്ധതി സംസ്ഥാനതലത്തില്‍ തന്നെ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി പഞ്ചായത്തിലുള്‍പ്പെട്ട നൂറോളം കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സയും വിവിധ തെറാപ്പികളും നല്‍കി കഴിഞ്ഞു. ലേണിംഗ്, തെറാപ്പി കിറ്റുകളും കുടുംബങ്ങള്‍ക്ക് നല്‍കി. മെഡിക്കല്‍ ക്യാമ്പ് നടത്തി തിരഞ്ഞെടുത്ത 37 കുട്ടികള്‍ക്ക് കൂടി അടുത്ത മാസം ഒന്ന് മുതല്‍ അങ്ങാടിപ്പുറം “റിച്ചി”ല്‍ ഫിസിയോ തെറാപ്പിയും മറ്റു ചികിത്സകളും കൗണ്‍സിലിംഗും ആരംഭിക്കും. ചികിത്സയും അനുബന്ധ സൗകര്യങ്ങളും ഈ വര്‍ഷം മുഴുവനുമുണ്ടാകും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പുത്തനങ്ങാടി പ്രതീക്ഷ സെന്ററില്‍ ആഴ്ചയില്‍ ഒരു ദിവസം നടത്തി വരുന്ന ബോധവത്കരണ-പരിശീലന ക്ലാസുകള്‍ രണ്ട് ദിവസമാക്കാനും തീരുമാനിച്ചു. അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനവും നല്‍കും. കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കാനും നടപടിയെടുക്കും. അങ്ങാടിപ്പുറത്ത് നടന്ന കൈവല്യഗ്രാമം വാര്‍ഷിക കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് അംഗം ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കോറാടന്‍ റംല അധ്യക്ഷത വഹിച്ചു. ആശ്രയ പദ്ധതി ഭക്ഷണ കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതിയംഗം കുന്നത്ത് മുഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കളത്തില്‍ ശങ്കുണ്ണി പ്രസംഗിച്ചു.