Connect with us

International

ഇ യു വ്യാപാര കരാറില്‍ ഉക്രൈന്‍ ഒപ്പ് വെച്ചു

Published

|

Last Updated

കീവ്: യൂറോപ്യന്‍ യൂനിയനുമായി ഉക്രൈന്‍ സര്‍ക്കാര്‍ നിര്‍ണായക വ്യാപാര കരാറില്‍ ഒപ്പ് വെച്ചു. ഇത്തരമൊരു കരാറില്‍ ഒപ്പ് വെക്കുന്നതിന് വിസമ്മതിച്ച റഷ്യന്‍ അനുകൂല പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ച് സ്ഥാനഭ്രഷ്ടമാക്കപ്പെട്ട ശേഷം അധികാരത്തില്‍ വന്ന പ്രസിഡന്റ് പെട്രോ പൊറഷെങ്കോയാണ് ഇ യുവുമായുള്ള കരാറില്‍ ഒപ്പ് വെച്ചത്. വര്‍ഷങ്ങളുടെ രാഷ്ട്രീയ അസ്ഥിരത അവസാനിപ്പിച്ച് രാജ്യം പുതിയ യുഗത്തിലേക്ക് പ്രവേശിക്കുന്നതിന് പ്രചോദനം നല്‍കുന്നതാണ് ഇ യുവുമായുള്ള “ഡീപ് ആന്‍ഡ് കോംപ്രഹന്‍സീവ് ഫ്രീ ട്രേഡ് എഗ്രിമെന്റ്” എന്ന് പൊറോഷെങ്കോ പറഞ്ഞു. ചരിത്രപരമായ ദിനമാണ് ഇത്. യൂറോപ്യന്‍ സ്വപ്‌നങ്ങള്‍ സഫലമാക്കുന്നതിന് കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഉക്രൈന്‍ വലിയ വില നല്‍കേണ്ടി വന്നു. യൂറോപ്പിനോടുള്ള ഐക്യദാര്‍ഢ്യം രാജ്യത്തെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ജോര്‍ജിയയും മാള്‍ദോവയും സമാനമായ കരാറില്‍ ഒപ്പു വെച്ചതോടെ മേഖലയില്‍ റഷ്യയെ മാറ്റി നിര്‍ത്തിയുള്ള വ്യാപാര സഖ്യം രൂപപ്പെടുകയാണ്. റഷ്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ഉക്രൈന്‍- ഇ യു കരാര്‍ യാഥാര്‍ഥ്യമായത്.
കഴിഞ്ഞ നവംബറില്‍ ഇ യു മുന്നോട്ട് വെച്ച കരാറില്‍ ഒപ്പ് വെക്കാന്‍ അന്നത്തെ പ്രസിഡന്റ് യാനുകോവിച്ച് വിസമ്മതിക്കുകയായിരുന്നു. റഷ്യന്‍ അനുകൂല നിലപാടുള്ള യാനുകോവിച്ച് രാജ്യത്തിന്റെ വികസനം തടയുകയാണെന്നാരോപിച്ച് വന്‍ പ്രക്ഷോഭമാണ് അരങ്ങേറിയത്. തുടര്‍ന്ന് സ്ഥാനഭ്രഷ്ടമാക്കപ്പെട്ട വിക്ടര്‍ യാനുകോവിച്ച് റഷ്യയിലേക്ക് പലായനം ചെയ്തു. റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയ വേര്‍പെട്ട് റഷ്യയില്‍ ചേരുന്നതിലാണ് ഇത് കലാശിച്ചത്. കിഴക്കന്‍ മേഖലയില്‍ ഇപ്പോഴും റഷ്യന്‍ അനുകൂലികള്‍ പ്രക്ഷോഭത്തിലാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ ഉക്രൈന്‍ ആക്ടിംഗ് പ്രധാനമന്ത്രി ആര്‍സനി യാത്‌സന്യൂക് ഇ യുവുമായി രാഷ്ട്രീയ സഹകരണ കരാറില്‍ ഒപ്പ് വെച്ചിരുന്നു. പുതിയ കരാറോടെ ജോര്‍ജിയക്കും മാള്‍ദോവക്കും ഉക്രൈനിനും യൂറോപ്യന്‍ യൂനിയന്‍ എന്ന ബഹുരാഷ്ട്ര കമ്പോളം തുറന്നു കിട്ടുകയാണ്.

Latest