Connect with us

International

ഗാസയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

gazaഗാസ: ഗാസ മുനമ്പില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഫലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഗാസ ബീച്ചിലെ അഭയാര്‍ഥി ക്യാമ്പിന് സമീപമുള്ള റോഡിലൂടെ പോകുകയായിരുന്ന കാറിനെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ പോരാളി ഗ്രൂപ്പായ പോപ്പുലര്‍ റെസിസ്റ്റന്‍സ് കമ്മിറ്റിയംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

അതേസമയം, രാവിലെ ഇസ്‌റാഈലി സൈന്യം ടാങ്ക് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നിരവധി ഫലസ്തീന്‍കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇസ്‌റാഈല്‍- ഗാസ അതിര്‍ത്തിയിലെ ദക്ഷിണ ഭാഗത്താണ് ആക്രമണമുണ്ടായത്. പതിനൊന്നുകാരനായ ബാലന് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. ദക്ഷിണ ഗാസയിലെ ഖാന്‍ യൂനുസിന്റെ കിഴക്ക് ഭാഗത്തുള്ള രണ്ട് മസ്ജിദുകളുടെ മിനാരങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ഇസ്‌റാഈലി ടാങ്ക് ആക്രമണം. സ്‌ഫോടക വസ്തു ഉപയോഗിച്ച് സൈന്യത്തെ ആക്രമിച്ചതിനുള്ള പ്രതികരണമാണ് ഇതെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഗാസയില്‍ നിന്ന് നിരവധി തവണ റോക്കറ്റ് ആക്രമണങ്ങള്‍ ഉണ്ടായതായും ഇസ്‌റാഈല്‍ അധികൃതര്‍ കുറ്റപ്പെടുത്തി.
മൂന്ന് ബാലന്‍മാരെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് പേരെ ഇസ്‌റാഈല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. വെസ്റ്റ് ബാങ്ക് നഗരത്തിലെ ഹീബ്രോണില്‍ നിന്നുള്ള ഫലസ്തീനികളായ മര്‍വാന്‍ ഖാസം, അമര്‍ അബൂ ആഇശ എന്നിവരാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് ഇസ്‌റാഈല്‍ ആരോപിച്ചിട്ടുണ്ട്.
വീടുവീടാന്തരം കയറിയിറങ്ങിയാണ് ഇസ്‌റാഈല്‍ സൈന്യം കുട്ടികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി മുന്നൂറിലേറെ ഫലസ്തീനികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.