Connect with us

Articles

പാര്‍ട്ടിയുടെ പ്രതിസന്ധി കേവലം ഒരു 'ബേബി'യല്ല

Published

|

Last Updated

ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ കക്ഷിയായ സി പി എം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിട്ട ഒരു തിരഞ്ഞെടുപ്പാണ് കടന്നുപോയത്. സി പി എമ്മിനു മാത്രമല്ല, സഖ്യ ഇടതുകക്ഷികള്‍ക്കും ഇതേ അവസ്ഥയാണുണ്ടായത്. ആ കക്ഷികളുടെ പ്രധാന ശക്തികേന്ദ്രങ്ങളില്‍ വന്‍ തകര്‍ച്ചയുണ്ടായി. സഖ്യകക്ഷികളെ കിട്ടാത്തതിനാല്‍ മറ്റൊരിടത്തും പിടിച്ചുനില്‍ക്കാനുമായില്ല. 35 വര്‍ഷം നാടടക്കി ഭരിച്ച പശ്ചിമ ബംഗാളിലെ പതനമാണ് ഏറെ ദയനീയം. സീറ്റുകള്‍ കേവലം രണ്ട് എന്ന അക്കത്തിലേക്ക് (മൊത്തം 42ല്‍) ചുരുങ്ങിയെന്നതല്ല പ്രധാന പ്രശ്‌നം. മറിച്ച് മൊത്തം വോട്ടിന്റെ ശതമാനം 29 ആയി. 50 ശതമാനത്തിലധികം വോട്ട് ലഭിച്ചിരുന്ന സംസ്ഥാനമായിരുന്നു പശ്ചിമ ബംഗാള്‍ എന്നോര്‍ക്കുക. കേരളത്തില്‍ 2009നെ അപേക്ഷിച്ച് “നേട്ടം” ഉണ്ടാക്കിയെന്ന വീരവാദം എത്ര വലിയ ഭോഷ്‌കാണെന്ന് ആര്‍ക്കും മനസ്സിലാകും. പൊതവെ സംസ്ഥാനം ഭരിക്കുന്നവര്‍ക്ക് ഏതിരാണ് കേരളത്തിലെപ്പോഴും ജനവിധി. 2004, 2009 ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഉദാഹരണങ്ങള്‍. ബി ജെ പി ഭീതി മൂലം മതന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതിനാല്‍ തോറ്റുവെന്ന വാദം നിലനില്‍ക്കുന്നതല്ല. കാരണം, 2004ല്‍ ബി ജെ പി ഇന്ത്യ ഭരിക്കുന്ന സമയത്ത് പോലും ഇടതുപക്ഷം ഇവിടെ വന്‍ വിജയം നേടി. തന്നെയുമല്ല, മതന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ തൃശൂര്‍, ചാലക്കുടി, ഇടുക്കി തുടങ്ങിയ മണ്ഡലങ്ങളില്‍ ഇടതുപക്ഷം വിജയിക്കുകയും ചെയ്തു.
പ്രശ്‌നത്തെ അത്ര ലളിതമായി കാണാനാകില്ലെന്നര്‍ഥം. തന്നെയുമല്ല, ദേശീയ തലത്തില്‍ കോണ്‍ഗ്രസും കേരളത്തില്‍ യു ഡി എഫും ജനങ്ങളുടെ വെറുപ്പും ശത്രുതയും സമ്പാദിക്കുന്നതില്‍ ഒട്ടും പിന്നിലായിരുന്നില്ല. തമ്മിലടിയടക്കം എല്ലാം കൊണ്ടും ജനങ്ങള്‍ എതിര്‍ക്കുന്ന ഒന്നായി ഈ ഭരണങ്ങള്‍ മാറിയിരുന്നു. തന്നെയുമല്ല, ഇടതുപക്ഷം വിജയിച്ച ഇടുക്കിയടക്കം മൂന്ന് സീറ്റുകളിലെ “പിടിച്ചു നില്‍ക്കലിന്” കാരണമായത് പ്രകൃതിയെ കൊള്ളയടിക്കുന്ന (ഗാഡ്ഗില്‍വിരുദ്ധ) നയം കൈക്കൊണ്ടതിനാലെന്നും വ്യക്തം. (കണ്ണൂര്‍, കാസര്‍കോട്, മണ്ഡലങ്ങളില്‍ മലയോര മേഖലകളില്‍ യു ഡി എഫിനെതിരായ ജനവികാരമുണ്ടായതാണ് കുറഞ്ഞ ഭൂരിപക്ഷത്തിനെങ്കിലും എല്‍ ഡി എഫ് ജയിച്ചത്) ചുരുക്കത്തില്‍ സ്വന്തം ഇടതു രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മത്സരിച്ചാല്‍ പരമാവധി അഞ്ച് സീറ്റുകള്‍ മാത്രമായിരിക്കും കേരളത്തില്‍ നിന്നും കിട്ടുമായിരുന്നത് എന്നര്‍ഥം.
തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എല്ലാ കക്ഷികളും പതിവു രീതിയില്‍ “വിശകലനം” നടത്താറുണ്ട്. ഇത്തവണ ഏറ്റവും ശക്തമായ വിശകലനം നടത്തുന്നത് കോണ്‍ഗ്രസ് ആണ്. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയെന്നൊക്കെ പറഞ്ഞാല്‍ അത് ചെറുതാകും. രണ്ടക്ക സംഖ്യയില്‍ അവര്‍ക്ക് ഒരു സംസ്ഥാനത്തും സീറ്റില്ല. ഏറ്റവുമധികം കിട്ടിയ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രിസന്റെ വിശകലന വിലയിരുത്തലുകള്‍ക്കൊന്നും ഫലമില്ല. എന്ത് ചെയ്താലും മെച്ചപ്പെടാനാകാത്ത വിധത്തില്‍ അവര്‍ തകര്‍ന്നിരിക്കുന്നു. ആശയപരമായ സമ്പൂര്‍ണ ഉദാരീകരണ നയങ്ങള്‍ക്കവര്‍ കീഴ്‌പ്പെട്ടിരിക്കുന്നു. ജനങ്ങളെ കൂടെ നിര്‍ത്താന്‍ ശേഷിയുള്ള ഒരു നേതൃത്വമില്ല. നെഹ്‌റു, ഗാന്ധി മഹിമ അമേഠിയില്‍ പോലും വിലപ്പോയില്ലെന്നോര്‍ക്കുക. ഒപ്പം അഴിമതിയില്‍ അടിമുടി മുങ്ങിയ സംഘടന… ഗ്രൂപ്പ്… ഒരു വി എം സുധീരനു പോലും രക്ഷിക്കാനാകാത്ത വിധം അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നിരിക്കുന്നു.
ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനുമൊപ്പം മൂന്നാം മുന്നണിയെന്നും മറ്റും അവകാശപ്പെട്ടിരുന്ന ജാതിയധിഷ്ഠിത കക്ഷികള്‍ക്കും ശക്തമായ തിരിച്ചടി കിട്ടിയിരിക്കുന്നു. നിതീഷ്, ലാലു, മുലായം, മായാവതി.. ഒന്നൊന്നായി തകര്‍ന്ന നേതൃത്വങ്ങള്‍. എല്ലാ എതിര്‍പ്പുകളെയും തകര്‍ത്ത് ബി ജെ പിയുടെ സര്‍വാധിപത്യം വടക്കേ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, അതിലേറെ ഭീതിജനകമായ വസ്തുത സവര്‍ണ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വേരുകള്‍ പരമ്പരാഗത മേഖലകള്‍ വിട്ട് പുതിയ ഇടങ്ങളിലേക്കും പടരുന്നുവെന്നതാണ്. അസം തുടങ്ങിയ വടക്കുകിഴക്കന്‍ മേഖല അവര്‍ നേടിക്കഴിഞ്ഞിരിക്കുന്നു. ഉടതുപക്ഷ മേല്‍ക്കൈ ഉള്ള സംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിലും കേരളത്തിലും അവര്‍ നേടിയ മേല്‍ക്കൈ അവഗണിക്കാനാകില്ല. 11 ശതമാനമാണ് ബംഗാളിലെ അവരുടെ വോട്ടിംഗ് ശതമാനം. സീറ്റുകളും കിട്ടി. കേരളത്തില്‍ “ഭാഗ്യത്തിന്” തിരുവനന്തപുരത്ത് അവര്‍ ജയിച്ചില്ല. ഇപ്പോഴാണ് തിരഞ്ഞെടുപ്പെങ്കില്‍ അവര്‍ പുഷ്പം പോലെ ജയിക്കുമായിരുന്നു. ഇത് തന്നെയാണ് അപകടകരമായ അവസ്ഥ. കേരളത്തില്‍ ബി ജെ പി വളരുകയെന്നാല്‍ അതിനര്‍ഥം ഇടതുപക്ഷം പിറകോട്ട് പോകുകയെന്നാണ്. മറിച്ചും ഇത് കാണാം. ഇടതുപക്ഷത്തിന്റെ പിറകോട്ടടി സ്വാഭാവികമായും ബി ജെ പിക്ക് സഹായകരമാകും. കേരളത്തിലെ മധ്യവര്‍ഗ സമൂഹം അതിശയപ്പെടും വിധത്തില്‍ “അരാഷ്ട്രീയവത്കരി”ച്ചതിന്റെ പ്രഥമിക ഉത്തരവാദികള്‍ ഇടതുപക്ഷം തന്നെയാണെന്ന വൈരുധ്യവുമുണ്ട്.
ഈ സാഹചര്യത്തിലാണ് ഇടതുപക്ഷത്തിന്റെ വിശകലനങ്ങളും ഭാവിപരിപാടികളും പ്രസക്തമാകുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകള്‍ വേണ്ടിവന്നു ഒരു വിശകലനം നടത്താന്‍ എന്നത് തന്നെ അവരുടെ ശേഷിയെയും ആത്മാര്‍ഥതയെയും സംശയത്തിന്റെ നിഴലിലാക്കുന്നു. ബൂത്ത് തിരിച്ചുള്ള വോട്ട് കണക്കുകള്‍ വോട്ടെണ്ണല്‍ ദിവസം തന്നെ ലഭിക്കുന്ന കാലമാണിത്. എന്നിട്ടും പ്രതികരണം ഇത്ര വൈകിയതെന്തുകൊണ്ട്? നടത്തിയ പ്രതികരണത്തിന്റെ ആത്മാര്‍ഥത എത്രത്തോളമുണ്ട്? ഭാവി പ്രവര്‍ത്തനങ്ങള്‍ രൂപവത്കരിക്കുന്നതില്‍ ഇതിനെത്ര സ്വാധീനമുണ്ടാകും? കേവലം നേതൃത്വത്തിലെ ചിലര്‍ രാജി വെക്കുന്നതോ മാറുന്നതോ അല്ല പ്രശ്‌നം. ഇടപെടലുകള്‍, നിലപാടുകള്‍ എത്രമാത്രം വ്യത്യസ്തമാണെന്നതാണ്.
കേരളത്തിലെ പരാജയത്തിന്റെ കേന്ദ്രം കൊല്ലമാണല്ലോ. പി ബി അംഗം തോറ്റതെന്തുകൊണ്ട് എന്ന ചര്‍ച്ച ഇനിയും തീര്‍ന്നിട്ടില്ല. ആ തോല്‍വിയില്‍ ഒരു “പരനാറി” എത്രത്തോളം സ്വാധീനം ചെലുത്തിയെന്നതാണല്ലോ നമ്മുടെ പ്രധാന ചര്‍ച്ച. ആ സംശയം തീര്‍ക്കാന്‍ പാര്‍ട്ടി സെക്രട്ടറി “ചെറ്റ” പ്രയോഗം കൂടി നടത്തിയതോടെ ആ ചര്‍ച്ച അവസാനിപ്പിക്കാം. എന്നാല്‍, ഇതിനപ്പുറം നമുക്ക് എന്തു പ്രതീക്ഷിക്കാം? സംസ്ഥാന സമിതിയുടെ വിശകലനം എത്രവരെ പോകുമെന്ന് നമുക്കറിയാം. എ ഐ സി സിയില്‍ സോണിയയും രാഹുലും പോലെയാണല്ലോ കേരളത്തിലെ പാര്‍ട്ടി നേതൃത്വം. (ഒരു വ്യത്യാസം. ഒരു “തമാശ”ക്കു വേണ്ടിയെങ്കിലും സ്വന്തം സ്ഥാനം ഒഴിയാമെന്ന് സോണിയയും രാഹുലും പറഞ്ഞു. പക്ഷേ, അതൊന്നും കേരളത്തില്‍ പറയുക പോലുമില്ല. ഇവിടെ ഒരു തെറ്റും നേതൃത്വത്തിന് പറ്റിയിട്ടില്ല. ഉണ്ടെങ്കില്‍ അത് ജനങ്ങള്‍ക്കാണ് പറ്റിയത്.)
ഈ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വം ഏത് രീതിയില്‍ കാണുന്നു എന്നത് പ്രസക്തമാകുന്നത്. (കേരളം, പശ്ചിമ ബംഗാള്‍ സമിതികളുടെ “വിശകലന”ങ്ങളെ തള്ളിക്കളയാനുള്ള ശേഷിയൊന്നും കേന്ദ്ര നേതൃത്വത്തിനില്ലെന്ന് നമുക്കറിയാം. എങ്കിലും എന്തെങ്കിലും “പ്രതീക്ഷ” പലര്‍ക്കുമുണ്ടായിരുന്നു. കേരളത്തിലെ പാര്‍ട്ടിയുടെ പ്രധാന “ശല്യ” മായി പല നേതാക്കളും കരുതിയിരുന്ന വി എസ് അച്യുതാനന്ദനെ(വധശിക്ഷക്ക് തന്നെ വിധിച്ച വ്യക്തിയെ) പാര്‍ട്ടിക്കകത്ത് നിലനിര്‍ത്താന്‍ കേന്ദ്ര നേതൃത്വം നടത്തിയ ചില ഇടപെടലുകളാണ് ഈ വിശ്വാസത്തിന് ആധാരം. തീരെ അയോഗ്യനെന്ന് സംസ്ഥാന സമിതി കണ്ടെത്തിയ വ്യക്തിയെ “കേന്ദ്ര കമ്മിറ്റി”യില്‍ നിലനിര്‍ത്തുന്നത് അവരാണല്ലോ.
ആ കേന്ദ്ര നേതൃത്വം കണ്ടെത്തിയ ചില ചെറിയ പിഴവുകള്‍ ആരിലും ചിരി പടര്‍ത്തുന്നതാണ്. പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകന്നതാണ് പ്രശ്‌നത്തിന്റെ കാതലെന്ന് അവര്‍ പറയുന്നു. യഥാര്‍ഥത്തില്‍ ജനങ്ങള്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചതാണ് പ്രശ്‌നം. അതെന്തുകൊണ്ടെന്നതാണ് ചോദ്യം. ഇതിനുള്ള വിശദീകരണമാണ് രസകരം. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടി പിറകോട്ടുപോയി എന്നത്രേ കാരണമായി കണ്ടെത്തിയിരിക്കുന്നത്. കേരളത്തിലാണെങ്കില്‍ ഇത് ശരിയാണെന്ന് നേതൃത്വം ഒരിക്കലും സമ്മതിക്കില്ല. ഇപ്പോഴും സമ്മതിച്ചിട്ടില്ല. കേരളത്തില്‍ വ്യാപിച്ചിട്ടുള്ള ഏതാണ്ടെല്ലാ തരം അധോലോക മാഫിയകളെയും നിയന്ത്രിക്കാന്‍ തക്ക ശേഷിയുള്ള ഒന്നായി പാര്‍ട്ടി മാറിയെന്ന് നേതാക്കള്‍ക്ക് നന്നായി അറിയാം. ഇത് മുകള്‍ തട്ടിലെ മാത്രം പ്രശ്‌നമല്ല. നാട്ടില്‍ പാറമട, പാടം നികത്തല്‍, കുന്നിടിക്കല്‍, മലിനീകരണം തുടങ്ങിയവക്കെതിരെ നടക്കുന്ന നിരവധി ജനകീയ സമരങ്ങളുണ്ട്. ഒപ്പം വിവിധ വികസന പദ്ധതികളുടെ പേരില്‍ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ കുടിയിറക്കപ്പെടുന്നതിനെതിരെ (ദേശീയപാത, അതിവേഗ കോറിഡോര്‍, ഗ്യാസ് പൈപ്പ്‌ലൈന്‍… ) നടക്കുന്ന സമരങ്ങളുണ്ട്. ഈ സമരങ്ങളെയെല്ലാം എതിര്‍ക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയായി സി പി എം നാട്ടിലെങ്ങും വളര്‍ന്നിരിക്കുന്നു. ഇതൊക്കെ “ചെറു സംഘങ്ങള്‍ നടത്തുന്ന വ്യാജ സമരങ്ങള്‍”. കാരണം, ഇതിനെതിരെ നില്‍ക്കുന്നവരുടെ ഏജന്റുമാരും നടത്തിപ്പുകാരും പലപ്പോഴും പങ്കാളികളുമായി പാര്‍ട്ടി നേതാക്കള്‍ മാറിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഈ പ്രശ്‌നങ്ങളൊന്നും ജനകീയ പ്രശ്‌നങ്ങളായി പാര്‍ട്ടി കാണുന്നില്ല.
എന്നാല്‍, ചാക്ക് രാധാകൃഷ്ണനെപ്പോലുള്ള “ജനങ്ങളെ” കൂടെ നിര്‍ത്താന്‍ പാര്‍ട്ടിക്ക് കഴിയുന്നുണ്ട്. അത്തരം ആളുകളുടെ പിന്തുണ ഉറപ്പാക്കുകയാണ് പാര്‍ട്ടി നേതൃത്വം ചെയ്യുന്നത്. ഇതൊക്കെ തെറ്റാണെന്ന് ആര് സമ്മതിക്കാനാകും? ഇതിന്മേല്‍ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പാര്‍ട്ടി ജനങ്ങളിലേക്കിറങ്ങി ചെല്ലും (നമ്മള്‍ മുകളിലാണ്, ജനം താഴെയും. അതുകൊണ്ട് ഇറങ്ങിച്ചെല്ലണം) എന്ന് കേട്ടാല്‍ ആര്‍ക്കാണ് ചിരിക്കാതിരിക്കാന്‍ കഴിയുക?
ഈ ലേഖകനടക്കം നിരവധി പേര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഒരു വിമര്‍ശം മേല്‍പറഞ്ഞവ തന്നെയല്ലേ? പക്ഷേ, അന്നൊക്കെ നേതാക്കളുടെ പിണിയാള്‍ സംഘക്കാര്‍ ശക്തമായി ഞങ്ങളെ ആക്രമിക്കുകയായിരുന്നു. ഇങ്ങനെ പറയുന്നവര്‍ “പാര്‍ട്ടിയെ നശിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയവര്‍” ആണെന്നവരുടെ പക്ഷം. എന്നാല്‍, താഴെ തട്ടില്‍ ആത്മാര്‍ഥതയുള്ള ഏത് ബ്രാഞ്ച് സെക്രട്ടറിക്കും നന്നായറിയുന്ന വസ്തുതകളാണിത്. പാര്‍ട്ടി നേതാക്കളുടെ ജീവിതം, പ്രവര്‍ത്തനം, വേഷം, ഭാഷ, യാത്ര, കുട്ടികളുടെ വിദ്യാഭ്യാസം മുതലായവയൊക്കെ ജനങ്ങളെ വല്ലാതെ അകറ്റുന്നതും വെറുപ്പിക്കുന്നതുമാണെന്ന സത്യം തിരിച്ചറിയാന്‍ അഖിലേന്ത്യാ നേതൃത്വം ഇത്ര വൈകിയതെന്തുകൊണ്ടെന്ന സംശയമേ അണികള്‍ക്കുള്ളൂ. എന്നാല്‍, ഈ “കണ്ടെത്തലുകള്‍” കൊണ്ടൊന്നും മാറ്റം ഉണ്ടാകും എന്നാരും കരുതുന്നില്ല.
പാര്‍ട്ടി പരാജയത്തിന്റെ ഫലമായി പാര്‍ട്ടി നേതൃത്വത്തില്‍ ഒരു മാറ്റവും ഉണ്ടാകാനുള്ള സാധ്യതയില്ല. ഒരു സഹൃദയനായ സുഹൃത്ത് പറഞ്ഞ ഫലിതം ഓര്‍ക്കുന്നു: പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞാല്‍ പിന്ന ആ സ്ഥാനത്തിന് യോഗ്യതയുള്ളത് മൂന്ന് ജയരാജന്മാരിലൊരാള്‍ക്കാണ് എന്നതാണാ ഫലിതം. ദേശീയ പാതാ സ്വകാര്യവത്കരണത്തിനും ബി ഒ ടിക്കും വേണ്ടി വാദിക്കുന്ന പിണറായി സഖാവിന് കാണാന്‍ പദ്ധതി മൂലം കുടിയൊഴിപ്പിക്കപ്പെടുന്ന ചില സഖാക്കള്‍ ചെന്നപ്പോള്‍ അവര്‍ക്ക് കിട്ടിയ “സ്വീകരണം” അനുഭവിച്ച പാര്‍ട്ടി സഖാവ് പറഞ്ഞു- ഇനിയൊരിക്കലും ഈ പാര്‍ട്ടി നന്നാകില്ലെന്ന്. സാധാരണ ഒരു സഖാവിനറിയുന്ന ഒരു വസ്തുത കേന്ദ്ര നേതാക്കള്‍ക്കറിയില്ലെന്നതു തന്നെയല്ലേ പാര്‍ട്ടിയുടെ പ്രശ്‌നം?
വാല്‍ കഷണം: പാര്‍ട്ടിയുടെ തകര്‍ച്ചയെ കേവലം ഒരു “ബേബി” പ്രശ്‌നമായി ഒതുക്കാനാണ് പലരും ശ്രമിക്കുന്നത്. അതത്ര “ബേബി”യല്ല. വലുതാണ് എന്ന് ഇവര്‍ അറിയുന്നില്ലല്ലോ.

Latest