Connect with us

Editorial

നിതിന്യായ വ്യവസ്ഥയെ തകര്‍ക്കരുത്

Published

|

Last Updated

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതക്ക് കളങ്കമേല്‍പ്പിക്കുന്നതാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പിന്മാറ്റത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍. സുപ്രീംകോടതി ജഡ്ജി നിയമനത്തിന്, നാമനിര്‍ദേശം ചെയ്ത നല് ജഡ്ജിമാരില്‍ ഒരാളാണ് നിയമ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം. സുപ്രീം കോടതി അഭിഭാഷകനായ റോഹിംഗ്ടണ്‍ നരിമാന്‍, കല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരാണ് മറ്റുള്ളവര്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള കൊളീജിയം യു പി എ സര്‍ക്കാറിന്റെ അവസാന കാലത്ത് നാമനിര്‍ദേശം ചെയ്ത ഈ നാല് പേരില്‍ നിന്ന്, അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യത്തെ നിരസിക്കുകയും മറ്റ് മൂന്ന് പേരുടെതും അംഗീകരിക്കുകയുമായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍
കോര്‍പറേറ്റ് ഇടനിലക്കാരി നിരാ റാഡിയയുമായി ഗോപാല്‍ സുബ്രഹ്മണ്യത്തിന് ബന്ധമുണ്ടെന്നും അദ്ദേഹത്തെ നിയമിക്കുന്നതില്‍ ഇന്റലിജന്‍സ് ബ്യൂറോയും സി ബി ഐയും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ നടപടിക്ക് പറയുന്ന ന്യായീകരണം. യുക്തിയേക്കാള്‍ ആത്മീയ നിഗമനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണെന്നാണ് ഇന്റലിജന്‍സ് അദ്ദേഹത്തിന് കണ്ടെത്തിയെന്ന് പറയപ്പെടുന്ന ന്യൂന്യത. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ക്രമക്കേട് കണ്ടെത്താന്‍ സഹായിച്ചത് ദൈവമാണെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണത്രെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഈ നിരീക്ഷണം. എന്നാല്‍ മോദിക്കും സംഘ് പരിവാറിനും അദ്ദേഹത്തോടുള്ള മുന്‍വിരോധമാണ് നിയമനം തടയാനിടയാക്കിയതെന്നും രഹസ്യാന്വേഷണ റിപോര്‍ട്ടുകള്‍ സര്‍ക്കാര്‍ നിലപാടിനെ സാധുകരിക്കാനായി സൃഷ്ടിച്ചതാണെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഗുജറാത്തിലെ സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിക്കസ് ക്യൂറിയായിരുന്നു ഗോപാല്‍ സുബ്രഹ്മണ്യം. അദ്ദേഹത്തിന്റെ റിപോര്‍ട്ടാണ് പ്രസ്തുത കേസില്‍ നരേന്ദ്രമോദിയുടെ വലംകൈയും ഗുജരാത്ത് ആഭ്യന്തര മന്ത്രിയുമായിരുന്ന അമിത് ഷായുടെ അറസ്റ്റിന് വഴിവെച്ചത്. സേതുസമുദ്രം കേസില്‍ യു പി എ സര്‍ക്കാറിന് വേണ്ടി ഹാജറായതും ഇദ്ദേഹമാണ്. ഈ കേസില്‍ അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിര ബി ജെ പി ശക്തിയായി രംഗത്ത് വന്നിരുന്നു. പത്മനാഭസ്വാമി ക്ഷേ്രത്തിലെ സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് അദ്ദേഹം തയാറാക്കിയ റിപോര്‍ട്ടും സംഘ്പരിവാറിന് നീരസമുണ്ടാക്കിയിരുന്നു. രാജകുടുംബത്തിന്റെ മേല്‍നോട്ടത്തിലാണ് ക്ഷേത്രത്തിലെ സ്വര്‍ണം കടത്തിയതെന്ന് അമിക്കസ് ക്യൂറിയായ അദ്ദേഹം തയാറാക്കിയ റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സംഘ്പരിവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് രാജകുടുംബാംഗങ്ങള്‍.
സുഹ്‌റാബുദ്ദീന്‍, തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുംബൈ സ്‌പെഷ്യല്‍ സി ബി ഐ കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ സംഭവം ഇതോട് ചേര്‍ത്ത് കാണേണ്ടതാണ്. ഭീകര ബന്ധം ആരോപിച്ചാണ് 2005 ല്‍ സുഹ്‌റാബുദ്ദീനെയും ഭാര്യയെയും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് വ്യാജ ഏറ്റുമുട്ടലില്‍ കൊന്നത്. പിന്നീട് കേസിലെ ഏക ദൃക്‌സാക്ഷിയായ പ്രജാപതിയെയും കൊലപ്പെടുത്തി. കേസില്‍ പ്രതിയായ അമിത് ഷായോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജഡ്ജി ജെ ടി ഉത്പദ് ആവശ്യപ്പെട്ടെങ്കിലും ഷാ അതിന് തയാറായില്ല. കോടതി ഉത്തരവിനോട് അനാദവരവ് കാണിക്കുന്ന ഈ നടപടിയെ ജഡ്ജി രുക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ വിടുതല്‍ ഹര്‍ജിയില്‍ വിധിപറയേണ്ടിയിരുന്ന ബുധനാഴ്ച, ജഡ്ജിയെ സ്ഥലം മാറ്റിയത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണും ഭരണഘടനയുടെ കാവല്‍ക്കാരുമായാണ് കോടതികളെ വിശേഷിപ്പിക്കുന്നത്. ഭരണകൂടം രാഷ്ട്രീയ, വര്‍ഗീയ പക്ഷപാതിത്വത്തിന് വിധേയമായിക്കൊണ്ടിരിക്കുകയും അഴിമതിയില്‍ മുങ്ങിത്താഴുകയും ചെയ്ത നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അവശേഷിക്കുന്ന ഏക പ്രതീക്ഷ കോടതികളാണ്. പ്രാപ്തരും സത്യസന്ധരും മുഖംനോക്കാതെ നീതി നടപ്പാക്കാന്‍ ആര്‍ജവവുമുള്ള ജഡ്ജിമാരാണ് കോടതികളുടെ അന്തസ്സും ഔന്നത്യവും കാത്തുസൂക്ഷിക്കുന്നത്. ജഡ്ജിമാര്‍ മികച്ചവരെങ്കില്‍ ജുഡീഷ്യറിയുടെ മുഖച്ഛായ തന്നെ മാറുമെന്ന് രാജ്യത്തിന്റെ 41-ാം ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കവെ, ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ പറഞ്ഞത് ശ്രദ്ധേയമാണ്. കോടതികളുടെ ചില വിധികള്‍ ഭരണകര്‍ത്താക്കള്‍ക്ക് അസ്വാരസ്യമുണ്ടാക്കിയേക്കാം. അതിന്റെ സാഹചര്യങ്ങള്‍ വിലയിരുത്തി തെറ്റ് തങ്ങളുടെ ഭാഗത്തെങ്കില്‍ അത് തിരുത്തുകയും കോടതിക്ക് തെറ്റ് പറ്റിയെന്നഭിപ്രായമുണ്ടെങ്കില്‍ വ്യവസ്ഥാപിതായ മാര്‍ഗേണ അത് തിരുത്തിക്കുകയുമാണ് വേണ്ടത്. പകരം ജഡ്ജി നിയമനത്തിലും മറ്റും തങ്ങളുടെ താത്പര്യങ്ങള്‍ക്കൊത്ത് തുള്ളുന്നവരെ നിയമിച്ചു കോടതികളെ വരുതിയില്‍ വരത്താനുള്ള ഭരണകൂടത്തിന്റെ ശ്രമം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ തകര്‍ച്ചക്ക് വഴിയൊരുക്കും.

Latest