Connect with us

Religion

റമസാന്‍ പിറ: അറിയേണ്ടതെല്ലാം...

Published

|

Last Updated

റമളാന്‍ വ്രതം ആരംഭിക്കുന്നത് ശഅ്ബാന്‍ 30 പൂര്‍ത്തിയാവുകയോ അല്ലെങ്കില്‍ 29ന് വൈകീട്ട് മഗ്‌രിബിനു ശേഷം (മുപ്പതാം രാവ്) കണ്ണാടിപോലുള്ളതിന്റെ-ദൂരദര്‍ശിനി അടക്കം – സഹായമില്ലാതെ ബാലചന്ദ്രനെ കാണുന്നത് കൊണ്ടോ മാത്രമാണ്. കണക്ക് കൂട്ടി മാസമുറപ്പിക്കാവുന്നതല്ല. നബി(സ) പറഞ്ഞു. മാസം കണ്ടതിന് വേണ്ടി നിങ്ങള്‍ വ്രതമെടുക്കുക. കണ്ടെതിനു വേണ്ടി നിങ്ങള്‍ വ്രതമവസാനിപ്പിക്കുകയും ചെയ്യുക. (പെരുന്നാള്‍ എടുക്കുക). ഇനി നിങ്ങള്‍ക്ക് മേഘം മൂടപ്പെട്ടുപോയെങ്കില്‍ ശഅ്ബാന്റെ എണ്ണം മുപ്പതാക്കി പൂര്‍ത്തിയാക്കുക. (ബുഖാരി)

ശഅ്ബാന്‍ 29ന് വൈകീട്ട് അസ്തമനം കഴിഞ്ഞപ്പോള്‍ വേഗം മൂടപ്പെട്ടുപോയെങ്കില്‍ ബാലചചന്ദ്രന്‍ ഉദയം ചെയ്തിട്ടുണ്ടെങ്കില്‍പോലും അത് ഗൗനിക്കേണ്ടതില്ല എന്നാണ് ഈ വാക്കിന്റെ സാരം. മാസം ഉദിച്ചെങ്കില്‍ ഉദിക്കട്ടെ. കാണാത്തതുകൊണ്ട് റമളാന്‍ തുടങ്ങരുത്. പെരുന്നാള്‍ ആഘോഷ സമയത്തും ഇതുതന്നെ നയം. ജ്യോതിശാസ്ത്രവും കണക്കുകൂട്ടലും പരിഗണനീയമല്ലെന്ന് തീര്‍ത്തു പറയുന്നതാണ് മേല്‍ ഹദീസ്. ഫുഖഹാഅ് അതിനടിവരയിട്ട് എഴുതുന്നു: ജ്യോതിശാസ്ത്രജ്ഞന്റെ -നക്ഷത്രത്തെ അവലംബിക്കുന്നവന്‍ വാക്കുകൊണ്ടും കണക്കുകാരന്റെ -ചന്ദ്രന്റെ സഞ്ചാരപഥവും സഞ്ചാര സമയവും അവലംബിക്കുന്നവന്‍ – വാക്കുകൊണ്ടും വ്രതമില്ല. അവര്‍ രണ്ടുപേരെയും അനുഗമിക്കാന്‍ ഒരാള്‍ക്കും അനുവാദമില്ല. അമല്‍ ചെയ്യാം എന്നാല്‍ റമളാനിന്റെ വകയില്‍ അങ്ങനെ നോറ്റതിനെ എണ്ണപ്പെടില്ല. ഇതാണ് “മജ്മൂഇല്‍ സഹീഹാക്കിയത്.”” (തുഹ്ഫ 3/373)

കണക്കുകൊണ്ടും നക്ഷത്രം നോക്കിക്കൊണ്ടും മാസമുദിച്ചു എന്ന് പൂര്‍ണബോധ്യം വന്നയാള്‍ക്ക് തന്റെ പരമബോധ്യത്തിന്റെ മുമ്പില്‍ നിശ്ചലമായി നില്‍ക്കാനേ കഴിയുന്നുള്ളൂ. കാണുക എന്ന നിയമത്തില്‍ മുട്ടി അയാളെടുത്ത വ്രതം ഉടഞ്ഞുപോകുന്നു. എന്തിനാണ് ആ വ്രതത്തെ മതം ഉടച്ചുകളഞ്ഞത്? സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അയാളെ മാറ്റിനിര്‍ത്താന്‍ മാത്രം കരുത്ത് അയാളുടെ ഗണിതത്തിനും ജ്യോതിവിദ്യക്കുമില്ല. അയാളുടെ സ്വന്തം വ്രതത്തിനുപോലും റമളാനിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കെ പിന്നെങ്ങനെയാണ് അയാളെ മറ്റൊരാള്‍ക്ക് പിന്തുടരാന്‍ പറ്റുക. പാടില്ല. അയാള്‍ പിന്തുടരപ്പെട്ടുകൂടാ, നിയമം നിയമമാണ്. സമൂഹം സമൂഹമാണ്. വ്യക്തി കേവലം വ്യക്തി മാത്രം. വ്യക്തിയുടെ തുറുപ്പ് ചീട്ട് സമൂഹത്തിന്റെ ഭദ്രത ഇളക്കാന്‍ കാരണമായിക്കൂടാ.

നിയമം വരച്ച വരയില്‍ നില്‍ക്കുന്നതിന്റെ മറ്റൊരു രൂപം കാണുക. ശഅ്ബാന്‍ 29ന് അസ്തമനത്തിന് 5 മിനുട്ട് മുമ്പ് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചന്ദ്രനെ കാണാറായി. ഉടന്‍ മേഘം വന്ന് ചന്ദ്രനെ മറച്ചു മേഘം നീങ്ങിയത് അസ്തമനം കഴിഞ്ഞ് 10 മിനിട്ട് ശേഷം. അപ്പോള്‍ ചന്ദ്രന്‍ അസ്തമിച്ചു പോയതുകൊണ്ടാവും കാണുന്നില്ല. മേഘമായിരുന്നുവെങ്കില്‍ അസ്തമനത്തിനുശേഷം തന്നെ ചന്ദ്രനെ കാണാമായിരുന്നു. അത്രകണ്ട് മുകളിലാണ് കണ്ടപ്പോള്‍ ചന്ദ്രനുണ്ടായിരുന്നത്. അസ്തമനത്തിന് ശേഷം മേഘം നീങ്ങിയപ്പോള്‍ ചന്ദ്രനെ കാണാത്ത ഈ രൂപത്തില്‍ വ്രതമെടുക്കാന്‍ പാടില്ല. കണക്കിനേക്കാള്‍ പ്രധാനമാണല്ലോ ഈ ദൃശ്യം.

മേഘമുണ്ടായാല്‍ പോലും സൂര്യാസ്തമനത്തിനു മുമ്പ് ഹിലാല്‍ കണ്ടതുകൊണ്ട് കാര്യമില്ല. മേഘമില്ലായിരുന്നുവെങ്കില്‍ ചന്ദ്രനെ സൂര്യാസ്തമനത്തിനുശേഷം കാണാമായിരുന്നു. അത്രയ്ക്ക് ഉയരത്തിലായിരുന്നു ചന്ദ്രനെങ്കില്‍ പോലും. എന്നാല്‍ ഈ പറഞ്ഞതിനോട് ഇമാം അസ്‌നവി യോജിക്കുന്നില്ല. നിയമദാതാവ് വിധിയെ ബന്ധിച്ചിരിക്കുന്നത് സൂര്യാസ്തമനത്തിന് ശേഷമുള്ള ദര്‍ശനത്തോടാണ് എന്നതിന്റെ പേരിലും, ചന്ദ്രന്റെ ഉണ്‍മയില്‍ എന്നതിലുപരി ദര്‍ശനത്തിന്മേലാണ് അവംലംബം എന്നതിന്റെ പേരിലുമാണ് മേല്‍പ്പറഞ്ഞ ദര്‍ശനത്തിന് അപ്രസക്തി വന്നത്. (തുഹ്ഫ 3/374)

കാണാത്തവര്‍ക്ക് 

ഒരു പ്രദേശത്തെ സംബന്ധിച്ചിത്തോളം റമളാന്‍ ഹിലാല്‍ ഉദയം ചെയ്തത് കാണാത്തവര്‍ക്ക് ദര്‍ശനം ബാധകമാവുന്നതിന് ചില മാര്‍ഗ്ഗങ്ങളുണ്ട്. ഒന്ന്: ഖാളിയുടെ വിധി. രണ്ട്: ഒരു നീതിമാന്‍ -റമളാനേതര മാസത്തിന് രണ്ട് നീതിമാന്‍മാര്‍ വേണം. ദൃശ്യത്തിന് സാക്ഷിത്വം പറയുക. സാക്ഷി പറയുന്നവര്‍ കുട്ടികളോ സ്ത്രീകളോ അടിമകളോ ആവരുത്. മാസം കണ്ടിട്ടുണ്ടെന്ന് പരക്കെ ന്യൂസ് (മുതവാതിര്‍) ആയാല്‍ നോമ്പെടുക്കാം. പറയുന്നത് കളവാകാനുള്ള സാധ്യത അത്യപൂര്‍വ്വമാകും വിധമുളള ഈ ന്യൂസ് വന്നത് കാഫിറുകളില്‍ നിന്നാണെങ്കില്‍ പോലും വിശ്വസിക്കാം. ഓട്ടോ ഡ്രൈവര്‍മാര്‍, ടാക്‌സിക്കാര്‍, കശാപ്പുകാര്‍ തുടങ്ങിയവരിലെ തിക്കും ബഹളവും 30-ാം രാവില്‍ ശ്രദ്ധിക്കാമെന്നര്‍ത്ഥം. എന്നപോലെ മാസം കണ്ടുകഴിഞ്ഞാല്‍ മാത്രം പ്രത്യക്ഷപ്പെടാറുള്ള ദിക്‌റ്, ഉദ്‌ബോധനം എന്നിവയും അവലംബിച്ചുനോമ്പെടുക്കാം.
മാസം കാണുന്നതുപോലെയും ശഅ്ബാന്‍ 30 തികയുന്നതുപോലെയുമുള്ള അംഗീകൃത മാര്‍ഗമാണ് കണ്ടുവെന്ന പരക്കെയുള്ള ന്യൂസ്. ഇത് കാഫിറുകളില്‍ നിന്നാണെങ്കില്‍ പോലും ആ അനിഷേധ്യജ്ഞാനം ലഭിക്കുമല്ലോ എന്നതാണ് കാരണം. (ജയിലിലടക്കല്‍ പോലുള്ളതിനാല്‍ അവ്യക്തത നേരിടുമ്പോള്‍) ഗവേഷണം വഴി മാസം ഉദിച്ചു എന്ന മികച്ച വിചാരമാണ് രണ്ടാം മാര്‍ഗ്ഗം. മിനാരങ്ങളില്‍ (സ്‌പെഷ്യല്‍) വിളക്ക് കത്തുന്നത് കാണുക പോലുള്ള സാധാരണ ഗതിയില്‍ തെറ്റാവാന്‍ സാധ്യതയില്ലാത്ത സ്പഷ്ഠമായ അടയാളം കൊണ്ട് മികച്ച വിചാരം വരലാണ് മറ്റൊരു മാര്‍ഗ്ഗം (തുഹ്ഫ 3/373)

നീതിമാനല്ലാത്തവന്‍, സ്ത്രീ, അടിമ എന്നിവര്‍ മാസം കാണുന്ന പക്ഷം അവരുടെ സാക്ഷിമൊഴിയുടെ മേല്‍ മാസം ഉറപ്പിക്കുക. ഇല്ലെങ്കിലും അവര്‍ക്ക് തങ്ങളുടെ ദര്‍ശനത്തിനനുസസരിച്ച് അമല്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. മാത്രമല്ല. അവര്‍ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്നവര്‍ക്കും (ഉദാ-ഭര്‍ത്താവ്) അമല്‍ ചെയ്യല്‍ നിര്‍ബന്ധമത്രെ. ഒരു നീതിമാന്റെ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ വ്രതമാരംഭിച്ച് 30 ദിവസം കഴിഞ്ഞിട്ടും ശവ്വാല്‍ ബാലചന്ദ്രനെ കാണുന്നില്ലെങ്കില്‍ പെരുന്നാള്‍ എടുത്തുകൊള്ളണം കാരണം, പരിഗണനീയമായ ദര്‍ശനത്തെ ആസ്പദമാക്കിയാണ് റമളാന്‍ ആരംഭിച്ചിരിക്കുന്നത്. മുപ്പതിലെ ഓരോ ദിനവും പരിഗണനീയമായിരിക്കെ പെരുന്നാള്‍ എടുക്കാതിരിക്കല്‍ മുപ്പത്തിഒന്ന് ദിവസം റമളാന്‍ ഉണ്ടെന്ന് വരുത്തലായിരിക്കും. അതുപാടില്ല. എന്നാല്‍ സാക്ഷിമൊഴി സ്വീകരിക്കപ്പെടാത്ത സ്ത്രീ പോലുള്ളവരുടെ റമളാന്‍ ബാലചന്ദ്ര ദര്‍ശനവാക്കിന്മേല്‍ വിശ്വസിച്ച് നോമ്പെടുക്കുന്നവര്‍ക്ക് ആ വകയില്‍ 30 തികയുമ്പോള്‍ ശവ്വാല്‍ മാസം കണ്ടില്ലെങ്കില്‍ പെരുന്നാള്‍ എടുത്തുകൂടാ. അഥവാ അയാള്‍ക്ക് 31 വേണ്ടിവരും. കാരണം, അയാളുടെ റമളാന്‍ ഒന്ന് പൊതുവ്യവസ്ഥ (അംഗീകൃത വ്യക്തിയുടെ ദര്‍ശനം) മേല്‍ ഉണ്ടായതല്ല.

മുപ്പത്തിഒന്ന് നോമ്പ്!

ഒരു തിയ്യതിക്ക് മാസം കണ്ടതിന്റെ പേരില്‍ റമളാന്‍ എടുത്തു തുടങ്ങിയ നാട്ടില്‍നിന്ന് ഒരാള്‍ അന്നേദിവസം മാസം കണ്ടിട്ടില്ലാത്ത (ഉദയാസ്തമയ വ്യത്യാസം കൊണ്ട്) രാജ്യത്തേക്ക് യാത്രപോവുന്ന പക്ഷം ആ രാജ്യത്തിന്റെ നില പോലെ നീങ്ങിക്കൊള്ളണം. അഥവാ, തന്റെ വ്രതം 30 കഴിഞ്ഞിട്ടും അവിടെ റമളാന്‍ അവസാനിച്ചില്ലെങ്കില്‍ മുപ്പത്തി ഒന്നു നോല്‍ക്കണം. ഒറ്റക്ക് പെരുന്നാള്‍ എടുക്കരുത്. (ചെന്നിറങ്ങുന്ന ദിവസം അവിടെ നോമ്പില്ലെങ്കില്‍ പോലും അവന്റെ വ്രതം മുറിക്കാവതല്ല) ഉദയ വ്യത്യാസമില്ലാത്ത രാജ്യത്താണ് ഈ അനുഭവമെങ്കില്‍ ആ നാട്ടുകാര്‍ക്ക് തങ്ങളുടെ ഒരു നോമ്പ് നഷ്ടപ്പെട്ടതായി ശറഇന്റെ വെളിച്ചത്തില്‍ ബോധ്യപ്പെടാത്ത പക്ഷം പ്രസ്തുത യാത്രക്കാരന്‍ അവിടെ നോമ്പ് പിടിക്കേണ്ടതുമാണ്. ഒരാള്‍മാത്രം ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ സാക്ഷിത്വം സ്വീകരിക്കപ്പെടില്ല. എന്നാല്‍, അയാള്‍ പെരുന്നാളെടുക്കല്‍ നിര്‍ബന്ധമാണ്.

റമളാന്‍ മാസപ്പിറവി കാണപ്പെടാത്ത നാട്ടില്‍നിന്ന് കാണപ്പെട്ട നാട്ടിലേക്ക് യാത്ര ചെയ്യുന്നവന്‍ തനിക്ക് 28 വ്രതം മാത്രമേ കിട്ടിയിട്ടുള്ളുവെങ്കില്‍ പോലും താന്‍ എത്തിപ്പെട്ട നാട്ടുകാരുടെ കൂടെ ചേര്‍ന്ന് നീങ്ങണം. അവരുടെ സമയത്ത് പെരുന്നാള്‍ ആഘോഷിക്കണം. എന്നാല്‍ 29 വ്രതം തനിക്ക് കിട്ടിയശേഷമാണ് അവര്‍ക്കൊപ്പം പെരുന്നാള്‍ എടുത്തതെങ്കില്‍ ഒരു ദിവസം ഖളാഅ് വീട്ടേണ്ടതില്ല. 28 മാത്രം കിട്ടിയ രൂപത്തില്‍ ഒരു ദിവസം ഖളാഅ് വീട്ടണം.

ഒരാള്‍ സ്വന്തം നാട്ടില്‍ നിന്ന് പെരുന്നാള്‍ ദിവസം വിമാനം കയറി റമളാന്‍ 30 വ്രതമെടുത്തുകൊണ്ടിരിക്കുന്ന ഒരു നാട്ടില്‍ മഗ്‌രിബിന് നോമ്പുകാരനെപ്പോലെ ആഹാരപാനീയാദികള്‍ വെടിഞ്ഞുകൊണ്ടിരിക്കണം. എന്നാല്‍ യാത്ര പുറപ്പെടുന്ന നാട്ടില്‍ പെരുന്നാള്‍ ഉറപ്പിച്ച ശേഷം രാത്രി തന്നെ വിമാനം കയറി പെരുന്നാള്‍ ആയിട്ടില്ലാത്ത രാജ്യത്ത് സുബ്ഹിക്ക് മുമ്പ് വന്നിറങ്ങിയാല്‍ ആ ദിവസവും വ്രതമെടുക്കണം. അഥവാ എടുത്തിട്ടില്ലെങ്കില്‍ ഖസാഅ് വീട്ടേണ്ടി വരും. ചിലപ്പോള്‍ തന്നെ സംബന്ധിച്ചിടത്തോളം ആ ഖളാഅ് വീട്ടേണ്ടി വരുന്നത് മുപ്പത്തിഒന്നാമത്തെ വ്രതമായേക്കും.

അതേസമയം ഒരാള്‍ ബോംബെ എയര്‍പോര്‍ട്ടില്‍ വെച്ച് മഗ്‌രിബ് ആയപ്പോള്‍ മഗ്‌രിബ് നിസ്‌കരിച്ച് വിമാനം കയറി. ചെന്നിറങ്ങിയ പോര്‍ട്ടില്‍ മഗ്‌രിബ് ആയിട്ടില്ല. എങ്കില്‍ അവിടെ മഗ്‌രിബ് ആയതിനു ശേഷം അയാള്‍ വീണ്ടും മഗ്‌രിബ് നിസ്‌കരിക്കണമോ വേണ്ടയോ? വേണമെന്നാണ് ശിഹാബ് റംലി(റ) ഫത്‌വ നല്‍കിയിട്ടുള്ളത്. എന്നാല്‍. പ്രായപൂര്‍ത്തിയാകും മുമ്പ് ഒരു കുട്ടി മഗ്‌രിബ് നിസ്‌കരിക്കുകയും ഉടന്‍ പ്രായപൂര്‍ത്തിയാവുകയും ചെയ്താല്‍ ആ മഗ്‌രിബ് മടക്കി നിസ്‌ക്കരിക്കേണ്ടതില്ല.
റമളാന്‍ അവസാന പകല്‍ പിന്നിട്ടപ്പോള്‍ ഒരാള്‍ തല്‍സമയത്തുള്ള മഹല്ലില്‍ ഫിത്വറ് സകാത്ത് നല്‍കി. ഉടന്‍ വിമാനം കയറി ചെന്നിറങ്ങിയത് റമളാന്‍ അവസാന പകല്‍ അവസാനിച്ചിട്ടില്ലാത്ത പോര്‍ട്ടിലാണ്. ഫിത്വറ് സകാത്ത് വീണ്ടും നല്‍കണമോ? വേണ്ടതില്ല എന്ന ഭാഗത്തിനാണ് ഇബ്‌നു ഖാസിം മുന്‍തൂക്കം നല്‍കിയത്. (തുഹ്ഫ 3/385).

ഉപഗ്രഹ ദര്‍ശനം

പരിഷ്‌കൃത യുഗത്തില്‍ പലതും വരുന്ന കൂട്ടത്തില്‍ മാസം കാണാന്‍ ഉപഗ്രഹം വരുന്നു എന്ന് സങ്കല്‍പിക്കുക. എന്നാല്‍ ഉപഗ്രഹം അയക്കുന്ന ചിത്രം നോക്കി ഭൂമിയിലെ ഖാളിക് മാസം ഉറപ്പിക്കാമോ? പറ്റില്ല. കാരണം, ഭൂമിയില്‍ വെച്ച് നഗ്ന നേത്രം കൊണ്ട് ചക്രവാളത്തിന് മുകളിലായി ബാലചന്ദ്രനെ ദര്‍ശിക്കണം. യന്ത്രത്തിന്റെ കാഴ്ച പോരാ. മാസം പശ്ചിമ ചക്രവാളത്തില്‍ ഉണ്ടായാല്‍ മാത്രം മതിയാവില്ല. കാണണം. മനുഷ്യന്‍ അവന്റെ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണണം. കണ്ടതിനു നിങ്ങള്‍ വ്രതമനുഷ്ഠിക്കുക. കണ്ടതിനു ശേഷം നിങ്ങള്‍ വ്രതം നിര്‍ത്തുക. നിങ്ങള്‍ക്ക് മേഘം മൂടപ്പെട്ടാല്‍ നിങ്ങള്‍ മുപ്പത് പൂര്‍ത്തിയാക്കുക. എന്നാണ് നബി (സ) പറഞ്ഞത്. ഇതിന്റെ സാരം മേഘം മൂടപ്പെട്ടു കിടക്കുന്നിടത്ത് യാഥാര്‍ത്ഥത്തില്‍ ബാലചന്ദ്രന്‍ ഉണ്ടായാല്‍ തന്നെ നിങ്ങള്‍ അത് പ്രശ്‌നമാക്കരുത് എന്നാണ്. മേഘം മൂടപ്പെട്ട സാഹചര്യത്തില്‍ ചക്രവാളത്തില്‍ യാഥാര്‍ത്ഥമായി മാസം വരുന്നുണ്ടെന്ന് അറിയുന്നവരായിരുന്നു നബി (സ) . കഴിഞ്ഞതും വരാനിരിക്കുന്നതുമായ എന്തിനെക്കുറിച്ചുവേണമെങ്കിലും ചോദിച്ചുകൊള്‍ക എന്നു പറഞ്ഞു നബി(സ) സഹാബത്തിനുവേണ്ടി ഇരുന്നു കൊടുത്തത് ഹദീസിലുണ്ട്. പോലീസിനെകുറിച്ചും അവരുടെ ചാട്ടവാറിനെക്കുറിച്ചും (ലാത്തി) നബി(സ) ദര്‍ശനം ചെയ്തിട്ടുണ്ട്. എന്നിരിക്കെ പില്‍ക്കാല പുരോഗതിയെക്കുറിച്ച് നബി(സ) ബോധവാനായില്ല എന്ന് പറയുന്നത് തികഞ്ഞ വങ്കത്തമാണ്.