Connect with us

Kerala

വിദ്യാര്‍ഥികള്‍ക്കുള്ള പരിസ്ഥിതി ബോധവത്കരണം ഫലം ചെയ്തില്ല; പാഴായത് കോടികള്‍

Published

|

Last Updated

green_nature_eye_by_mu6കൊച്ചി: കൃത്യമായ പാഠ്യപദ്ധതികളില്ലാതെ വിദ്യാര്‍ഥികള്‍ക്കായി വനം വകുപ്പ് നടപ്പാക്കിയ പരിസ്ഥിതി ബോധവത്കരണ പരിപാടികള്‍ വിജയം കണാതെ പോകുന്നു. ഇേതത്തുടര്‍ന്ന് വനം വകുപ്പിന് പാഴാകുന്നത് കോടികള്‍. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളില്‍ പ്രതിവര്‍ഷം നൂറുകണക്കിന് പരിസ്ഥിതി ബോധവത്കരണ ക്ലാസുകളാണ് വനം വകുപ്പ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്നത്. സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നും നല്‍കുന്ന അപേക്ഷകള്‍ പ്രകാരം നിശ്ചിത ദിവസം ക്രമീകരിച്ചാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

മിക്കപ്പോഴും മൂന്ന് ദിവസം നീളുന്നതായിരിക്കും ക്യാമ്പ്. പരിപാടിയില്‍ പങ്കെടുക്കുന്ന ഒരംഗത്തിന് ഭക്ഷണം, താമസം എന്നിവക്കായി 90 മുതല്‍ 110 രുപ വരെ ചെലവ് വരും. എന്നാല്‍ വ്യക്തമായ ധാരണയോ പാഠ്യപദ്ധതിയോ ഇല്ലാത്തതിനാല്‍ ക്യാമ്പ് ചടങ്ങായി മാറുകയാണ്. പരിസ്ഥിതി രംഗത്തെ പരിചയസമ്പന്നരുടെ അപര്യാപ്തതയും ഇത്തരം ക്യാമ്പുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍പരിശീലനം ലഭിക്കുന്നതിനുളള സാധ്യത ഇല്ലാത്തതും പദ്ധതി ലക്ഷ്യത്തിലെത്താത്തതിന് കാരണമായിട്ടുണ്ട്.
ഓരോ മേഖലയിലും വ്യത്യസ്ത രീതിയിലുളള പഠനക്ലാസുകളാണ് നടക്കുന്നത്. പലപ്പോഴും ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത് ആവശ്യമായ പരിശീലനമോ അറിവോ ഇല്ലാത്ത വ്യക്തികളാണ്. ഇതുമൂലം ക്യാമ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ തുടക്കം മുതലേ അട്ടിമറിക്കപ്പെടുകയാണ്. വര്‍ഷങ്ങളായി തുടരുന്ന ക്യാമ്പ് പരാജയമാണെന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ അജ്ഞത നടിക്കുകയാണ്.
വ്യത്യസ്ത ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതേ്യക പാഠ്യപദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചിട്ടയായ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്താല്‍ മാത്രമേ ക്യാമ്പുകള്‍ ഫലപ്രാപ്തിയിലെത്തൂ. ഇതുസംബന്ധിച്ച് വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പരിസ്ഥിതി സംഘടനകളും പ്രവര്‍ത്തകരും സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കായി അവതരിപ്പിക്കേണ്ട വിഷയങ്ങളെ കുറിച്ചും രീതിയെക്കുറിച്ചും വനം വകുപ്പ് നാല് വര്‍ഷം മുമ്പ് സൈലന്റ്‌വാലിയില്‍ പരിശീലനക്കളരി സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ ക്യാമ്പില്‍ പങ്കെടുത്ത പരിശീലകരില്‍ മിക്കവരും പലവഴിക്ക് പിരിഞ്ഞതോടെ ആ ക്യാമ്പും ഫലം കാണാതെ പോയി. പരിസ്ഥിതി നാശം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തലം മുതല്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളോടെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്ന പദ്ധതിയാണ് ഫലവത്താകാതെ പോയത്.