Connect with us

National

ഒരു മാസം; ഒരുപാട് വിവാദങ്ങള്‍, നിരാശകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: വരാനിരിക്കുന്നത് നല്ല നാളുകളെന്ന പ്രഖ്യാപനവുമായി നരേന്ദ്ര മോദി അധികാരത്തിലേറിയിട്ട് ഒരു മാസം പിന്നിടുമ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത് വിവാദങ്ങളും ജനവിരുദ്ധ നയങ്ങളും. റെയില്‍വേ നിരക്ക് വര്‍ധനയും എല്‍ പി ജി, മണ്ണെണ്ണ തുടങ്ങിയവക്ക് പ്രതിമാസ വര്‍ധനവ് വരുന്നുവെന്നതും പഞ്ചസാര വിലവര്‍ധനവും വരാന്‍ പോകുന്ന ദുര്‍ദിനങ്ങളുടെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീം കോടതി ജഡ്ജിയാകുന്നുതില്‍ നിന്ന് തഴഞ്ഞുവെന്നതാണ് ഏറ്റവും ഒടുവിലത്തെ വിവാദം. ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിക്കസ് ക്യൂറി എന്ന നിലയില്‍, മോദിയുടെ വലം കൈയായ അമിത് ഷാക്കെതിരെ നിലപാടെടുത്തതിനാലാണ് ഐ ബിയുടെ പോലും നിര്‍ദേശം എഴുതിവാങ്ങി ഗോപാല്‍ സുബ്രഹ്മണ്യത്തെ വെട്ടിയത്. സേതുസമുദ്രം പദ്ധതിയില്‍ യു പി എക്ക് വേണ്ടി ഹാജരായതും “അയോഗ്യ”തയായി.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചതാണ് ആദ്യമായി വിവാദത്തിന് തിരികൊളുത്തിയത്. കാശ്മീര്‍ ഇന്ത്യയുടെ കൂടെ വേണമെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 വേണമെന്ന് വരെ കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലക്ക് പറയേണ്ടി വന്നു. രാജ്യത്താകെ പ്രതിഷേധം പടര്‍ന്നതോടെ മന്ത്രി തന്റെ വാക്കുകള്‍ വിഴുങ്ങി രംഗത്തെത്തി. തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് റിപോര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയായിരുന്നു അടുത്ത പ്രധാന വിവാദം. തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവര്‍ കാണിച്ചിരിക്കുന്നത് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് കറസ്‌പോന്‍ഡന്‍സായി ബിരുദം നേടിയെന്നാണ്. മറ്റൊരു സത്യവാങ്മൂലത്തില്‍ ബി കോം കഴിഞ്ഞുവെന്നുമുണ്ട്. ഇതില്‍ വൈരുധ്യമുണ്ടെന്നും ചില കോഴ്‌സുകള്‍ സര്‍വകലാശാല തുടങ്ങുന്നതിന് മുമ്പ് തന്നെ സ്മൃതി അവ “പാസ്സായെ”ന്നും കോണ്‍ഗ്രസ് ആരോപിച്ചു. തന്റെ യോഗ്യതയല്ല, പ്രവൃത്തി നോക്കി വിലയിരുത്തൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
സര്‍ക്കാറിതര സംഘടനകളെ സംബന്ധിച്ച ഐ ബി മുന്നറിയിപ്പിനെച്ചൊല്ലി ഉയര്‍ന്ന പ്രതിഷേധവും വിവാദവും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഐ ബി മുന്നറിയിപ്പിനെ തുടര്‍ന്ന് എന്‍ ജി ഒകളെക്കുറിച്ചുള്ള സമഗ്രമായ വിവരം ശേഖരിക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. ജൂണ്‍ മൂന്നിനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആദ്യ കത്ത് അയച്ചത്. എന്‍ ജി ഒകളുടെ പ്രവര്‍ത്തന മേഖല, ആരാണ് തലപ്പത്ത്, അവര്‍ ഏത് വിഭാഗത്തില്‍ പെടുന്നു, വിദേശികള്‍ ഉണ്ടോ, അവരുടെ വിസാ വിശദാംശങ്ങള്‍, വിദേശ സംഭാവനാ നിയന്ത്രണ നിയമം പാലിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളെല്ലാം ആരായാന്‍ ജൂണ്‍ അഞ്ചിനയച്ച കത്തില്‍ പറയുന്നു. ഗുജറാത്ത് സര്‍ക്കാറിനെതിരെ ചില എന്‍ ജി ഒകള്‍ പ്രവര്‍ത്തിച്ചുവെന്നും ഗ്രീന്‍ പീസ് പോലുള്ളവ വികസനത്തിന് തുരങ്കം വെക്കാന്‍ ശ്രമിക്കുന്നുവെന്നും ഐ ബി കണ്ടെത്തിയിരുന്നു.
കേന്ദ്ര വളം രാസവസ്തു വകുപ്പ് സഹമന്ത്രി നിഹാല്‍ ചന്ദിന്റെ പേരില്‍ ബലാത്സംഗത്തിന് എഫ് ഐ ആര്‍ വന്നതാണ് ബി ജെ പിക്കും കേന്ദ്ര സര്‍ക്കാറിനും നാണക്കേടായത്. ജയ്പൂരില്‍ നിന്നുള്ള 24കാരിയായ ഭര്‍തൃമതി നല്‍കിയ പരാതിയിലാണ് മന്ത്രിയടക്കം 17 പേര്‍ക്കെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്തത്. നേരത്തേ അവസാനിപ്പിച്ച കേസാണ് അതെന്നും നിഹാല്‍ ചന്ദ് രാജി വെക്കേണ്ട കാര്യമില്ലെന്നുമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിലപാട്.
ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സാമൂഹിക കൂട്ടായ്മകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഹിന്ദി മാത്രമേ ഉപയോഗിക്കാവൂ എന്ന ആഭ്യന്തര വകുപ്പിന്റെ സര്‍ക്കുലര്‍ വന്‍ വിവാദമായി. ഹിന്ദിവത്കരണത്തിന്റെ ഗൂഢ ശ്രമം ഏറ്റവുമേറെ പ്രതിഷേധം വിളിച്ചു വരുത്തിയത് തമിഴ്‌നാട്ടില്‍ നിന്നാണ്. എന്‍ ഡി എ സഖ്യകക്ഷിയായ എം ഡി എം കെയുടെ മേധാവി വൈക്കോ രൂക്ഷമായാണ് പ്രതികരിച്ചത്. ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണര്‍ത്തരുതെന്ന് അക്രമാസക്ത ഹിന്ദിവിരുദ്ധ സമരത്തെ ഓര്‍മപ്പെടുത്തി വൈക്കോ തുറന്നടിച്ചു. മുഖ്യമന്ത്രി ജയലളിതയും ഡി എം കെ മേധാവി കരുണാനിധിയുമെല്ലാം ആഞ്ഞടിച്ചു. കോണ്‍ഗ്രസ് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി വാദിച്ചു. ശിവസേനയും ബി എസ് പിയും മാത്രമാണ് സര്‍ക്കാറിനെ പിന്താങ്ങിയത്. ഒടുവില്‍ ആഭ്യന്തര വകുപ്പ് ഒരു സര്‍ക്കുലര്‍ കൂടിയിറക്കി. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമേ മുന്‍ സര്‍ക്കുലര്‍ ബാധകമാകൂ എന്നായിരുന്നു തിരുത്ത്.
മുസ്‌ലിം സംവരണം ഭരണഘടനാവിരുദ്ധമാണെന്ന ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹിബത്തുല്ലയുടെ പ്രസ്താവനയും വിവാദമായി. യു പി എ നിയമിച്ച ഗവര്‍ണര്‍മാര്‍ ഉടന്‍ സ്ഥാനമൊഴിയണമെന്ന നിര്‍ദേശത്തെ 2004ല്‍ ഒന്നാം യു പി എ കാണിച്ച മാതൃക ഉയര്‍ത്തിക്കാണിച്ച് ന്യായീകരിക്കാന്‍ സര്‍ക്കാറിന് സാധിച്ചു. കോണ്‍ഗ്രസില്‍ നിന്നു തന്നെ, ഗവര്‍ണര്‍മാര്‍ക്കെതിരെ ശബ്ദമുയര്‍ന്നു. ആസൂത്രണ കമ്മീഷന്റെയും കാബിനറ്റ് കമ്മിറ്റികളുടെയും അംഗസംഖ്യ കുറച്ചത് നല്ല കാര്യമായല്ല വിലയിരുത്തപ്പെട്ടത്. അധികാര കേന്ദ്രീകരണത്തിന്റെ ഉപാധിയാണ് ഇത്തരം വെട്ടിച്ചുരുക്കലുകളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Latest