Connect with us

Malappuram

നഗരസഭാ ബജറ്റ് മിഷന്‍ പതിനാറുമായി മലപ്പുറം

Published

|

Last Updated

മലപ്പുറം: മലപ്പുറം നഗരസഭാ ഭരണ സമിതിയുടെ കാലാവധി അവസാനിക്കാന്‍ 16 മാസങ്ങള്‍ കൂടി ബാക്കിയിരിക്കെ മിഷന്‍-16 എന്ന പേരില്‍ വൈവിധ്യങ്ങളായ 16 പദ്ധതികള്‍ നടപ്പിലാക്കാന്‍ ബജറ്റ് നിര്‍ദേശം.
ഇന്നലെ വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഗിരിജ അവതരിപ്പിച്ച ബജറ്റിലാണ് മലപ്പുറം നഗരത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികള്‍ അവതരിപ്പിച്ചത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്ന് വ്യക്തമാകുന്നതാണ് ബജറ്റ്. 7 0.96 കോടിയുടെ വരവും 66.97 കോടി ചെലവും 17.09 കോടി നീക്കിയിരിപ്പുമുളള ബജറ്റ് വൈവിധ്യമാര്‍ന്ന പദ്ധതികളാണുള്ളത്.
മലപ്പുറത്തെ വൈഫൈ സിറ്റിയാക്കുക, ജി ഐ എസ്, റോഡുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, എന്റെ ഹോട്ടല്‍, എഫ് എം റേഡിയോ, അഡോപ്റ്റ് എ റോഡ്, എല്ലാ വീട്ടിലും ബയോഗ്യാസ് പ്ലാന്റ്, സമ്പൂര്‍ണ ഖരമാലിന്യ സംസ്‌കരണ പദ്ധതി, നേരറിയാന്‍ നേരിട്ട്, അറവുശാല, ഇ പെയ്‌മെന്റ്, വാര്‍ഡുകളിലെ പ്രാദേശിക മരാമത്ത് പണികള്‍, പുതിയ അങ്കണ്‍വാടികള്‍, ബഡ്‌സ് സ്‌കൂള്‍, പട്ടിക ജാതി വികസനം, തെരുവ് വിളക്ക് സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് നഗരസഭ തുടക്കമിടുക. ബജറ്റിന്‍മേലുള്ള ചര്‍ച്ച ഇന്ന് നടക്കും.
വൈഫെ സിറ്റി
മലപ്പുറത്തെ വൈഫൈ സിറ്റിയാക്കുന്നതിനുള്ള പ്രാഥമിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബി എസ് എന്‍ എല്ലുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ നഗരസഭയിലെ ജനസാന്ദ്രത കൂടുതലുള്ള കേന്ദ്രങ്ങളെയും രണ്ടാംഘട്ടമായി മുഴുവന്‍ പ്രദേശങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ആദ്യഘട്ടം 2015 മാര്‍ച്ച് 31 ന് മുമ്പായി പൂര്‍ത്തിയാക്കും. ഇതിന് 1.50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സഹായം ലഭിക്കുന്ന പദ്ധതിക്കായി 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ജി ഐ എസ്
നഗരസഭയിലെ മുഴുവന്‍ വിവരങ്ങളും കെട്ടിടം, പാലം, കലുങ്ക്, പൊതുസ്ഥാപനങ്ങള്‍, ജലാശയങ്ങള്‍, തോട് എന്നിവയുടെ സ്ഥാനം, ഇവയുടെ സ്വഭാവം, കെട്ടിടങ്ങളുടെ അളവ്, ഉപയോഗം, നഗരസഭയിലെ ജനങ്ങളുടെ വിവരങ്ങള്‍ എന്നിവ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയാണിത്. 52 ലക്ഷം രൂപ ഇതുവരെ ഇതിനായി വിനിയോഗിച്ചിട്ടുണ്ട്. ബജറ്റില്‍ അഞ്ച് ലക്ഷം രൂപയും നീക്കിവെച്ചു.
റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍
നഗരസഭയിലെ പ്രധാനപ്പെട്ട 40 റോഡുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുന്നതിന് 15 കോടി ഇതിനകം അനുവദിച്ചിട്ടുണ്ട്. നഗരസഭകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുക റോഡ് വികസനത്തിനായി ചെലവഴിക്കുന്നത്. 2015 മാര്‍ച്ച് 31ന് മുമ്പായി പൂര്‍ത്തിയാക്കും. ഇതിനായി 15 കോടി ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. റോഡുകളുടെ വിശദമായ എസ്റ്റിമേറ്റ് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.
എന്റെ ഹോട്ടല്‍
പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും നല്‍കുന്നതിന് ഭക്ഷണശാല ആരംഭിക്കും. ഇതിനായി സാമൂഹിക സുരക്ഷാ മിഷന്റെയും കുടുംബശ്രീയുടെയും സഹായം തേടും. പദ്ധതിയുടെ പ്രാരംഭ ചെലവിലേക്കായി 30 ലക്ഷം രൂപ നീക്കിവെച്ചു.
എഫ് എം റേഡിയോ
പരമ്പരാഗത, പ്രാദേശിക, കാര്‍ഷിക മേഖലയിലെ വിഷയങ്ങള്‍ അനാവരണം ചെയ്യുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും എഫ് എം റേഡിയോ തുടങ്ങും. കുടുംബശ്രീയും കൃഷി വകുപ്പുമായി ചേര്‍ന്ന് ഇതിനായി പദ്ധതി രൂപവത്കരിക്കും.
അഡോപ്റ്റ് എ റോഡ്
നഗരസഭയിലെ റോഡുകള്‍ മികച്ച രീതിയില്‍ പരിപാലിക്കുന്നതിന് സ്വകാര്യ സംരംഭകരെ തേടും. ഏറ്റെടുക്കുന്ന സംരംഭകര്‍ക്ക് പരസ്യം സ്ഥാപിച്ച് വരുമാനം നേടാവുന്നതാണ്. ഇതിന് ആവശ്യമായ പശ്ചാതലം നഗരസഭ ഒരുക്കും.
ബയോഭവനം
വീടുകളിലെ ജൈവ മാലിന്യം വീട്ടുകാര്‍ തന്നെ സംസ്‌കരിച്ച് ഊര്‍ജം ഉത്പാദിപ്പിക്കുന്ന സമ്പൂര്‍ണ ബയോഗ്യാസ് പ്ലാന്റ് പദ്ധതി ബയോഭവനം എന്ന പേരില്‍ നടപ്പാക്കും. 90 ശതമാനം സബ്‌സിഡിയോടെ 5 മീറ്റര്‍ കപ്പാസിറ്റിയുള്ള വാട്ടര്‍ സീല്‍ഡ് ബയോഗ്യാസ് പ്ലാന്റ് നഗരസഭ സ്ഥാപിച്ച് നല്‍കും. താത്പര്യമുള്ള വീടുകളില്‍ ഈ വര്‍ഷം തന്നെ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കും. ഒരു യൂനിറ്റിന് 10500 രൂപയാണ് ചെലവ് വരുന്നത്. പദ്ധതിയുടെ ഭാഗമായി 20000 മാലിന്യ ശേഖരണ ബക്കറ്റുകള്‍ എല്ലാ വീടുകള്‍ക്കും സൗജന്യമായി നല്‍കും. വിവിധ സ്ഥാപനങ്ങളിലായി 42 വലിയ ബയോഗ്യാസ് പ്ലാന്റും രണ്ട് ഇന്‍സിനേറ്ററും ഒരു പ്ലാസ്റ്റിക് ഷെഡിംഗ് യൂനിറ്റും സ്ഥാപിക്കും. ബയോഭവനം പദ്ധതിക്കായി ബജറ്റില്‍ 7.5 കോടി രൂപ നീക്കിവെച്ചു.
ഖരമാലിന്യ സംസ്‌കരണ പദ്ധതി

ആധുനിക രീതിയിലുള്ള ഖരമാലിന്യ സംസ്‌കരണ പ്ലാന്റും ഉറവിട ശേഖരണ സംവിധാനവും ഒരുക്കും. മാലിന്യം കടത്തുന്നതിനായി ജെ സി ബി, ടിപ്പര്‍ ഉള്‍പ്പെടെയുള്ള ആധുനിക രീതിയിലുള്ള 16 വാഹനങ്ങള്‍ വാങ്ങും. 12 ലക്ഷം രൂപ ഇതിനായി നീക്കി വെക്കും. നടപ്പ് വര്‍ഷം 50 ലക്ഷം രൂപ വകയിരിത്തിയിരുന്നു.
നേരറിയാന്‍ നേരിട്ട്
ജനങ്ങളുടെ വിഷയങ്ങള്‍ നേരിട്ടറിയാന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ നഗരസഭ കൗണ്‍സില്‍ ജനങ്ങളുടെ അടുത്തേക്ക് എത്തുന്ന നേരറിയാന്‍ നേരിട്ട് പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും പരാതികള്‍ സ്വീകരിക്കുന്നതിന് അദാലത്ത് നടത്തുകയും 30 ദിവസത്തിനകം പരാതികളില്‍ തീര്‍പ്പ് കല്‍പിക്കുകയും ചെയ്യും. ഇതിനായി നാല് ലക്ഷം രൂപ നീക്കിവെക്കും.
അറവുശാല
ആധുനിക രീതിയിലുള്ള അറവ്ശാലയുടെ നിര്‍മാണം ആഗസ്റ്റ് അവസാനം ആരംഭിക്കും. ഒരേ സമയം 10 മൃഗങ്ങളെ കശാപ്പ് ചെയ്യാന്‍ സംവിധാനമുണ്ടാകും. ഇതിന് 110 ലക്ഷം രൂപ നീക്കിവെച്ചു.
ഇ പെയ്‌മെന്റ്
പൊതുജനങ്ങള്‍ക്ക് വീടുകളിലിരുന്ന് നികുതി അടക്കാന്‍ ഇ പെയ്‌മെന്റ് സംവിധാനം നടപ്പാക്കും. 2015 ജനുവരിയോടെ പദ്ധതി ആരംഭിക്കും. 3 ലക്ഷം രൂപ വകയിരുത്തി.
പ്രാദേശിക മരാമത്ത് പണികള്‍

വിവിധ വാര്‍ഡുകളിലെ മരാമത്ത് പ്രവൃത്തികള്‍ക്കായി 21 ലക്ഷം രൂപ അനുവദിച്ചു. പ്രാദേശികമായ ചെറിയ റോഡുകള്‍, നടപ്പാതകള്‍, ഓടകള്‍, സംരക്ഷണ ഭിത്തികള്‍, തെരുവ് വിളക്കുകള്‍ കുടിവെള്ള പദ്ധതികള്‍ എന്നിവ നിര്‍മിക്കുന്നതിനും സംരക്ഷിക്കുന്നതിനുമാണ് പദ്ധതി.
അങ്കണ്‍വാടികള്‍, സ്‌കൂളുകള്‍

മൂന്ന് പുതിയ അങ്കണ്‍വാടികള്‍ നിര്‍മിക്കുകയും 25 അങ്കണ്‍വാടികളില്‍ പുതുതായി ലൈറ്റ് റൂഫ് ചെയ്ത് തുറസായ ഒരു നിലകൂടി നിര്‍മിക്കുകയും ചെയ്യും. 88 ലക്ഷം രൂപ ഇതിനായി മാറ്റിവെക്കും. നഗരസഭയിലെ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 51 ലക്ഷം രൂപയും വകയിരുത്തി.
ബഡ്‌സ് സ്‌കൂള്‍
ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പഠനത്തിനായി ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കും. മാമ്പറമ്പില്‍ 60ലക്ഷം രൂപ ചെലവില്‍ സ്‌കൂള്‍ ഈ വര്‍ഷം തുടങ്ങുന്നതിനും ബജറ്റില്‍ നിര്‍ദേശമുണ്ട്.
പട്ടികജാതി വികസനം
അര്‍ഹരായ പട്ടിക ജാതിക്കാര്‍ക്ക് ഭവന നിര്‍മാണത്തിന് രണ്ട് ലക്ഷം രൂപ വീതം നീക്കി വെച്ചു. യുവജനങ്ങള്‍ക്ക് വിദേശ തൊഴില്‍ നല്‍കുന്നതിന് പരിശീലനവും സാമ്പത്തിക സഹായവും നല്‍കും. ഇതിനായി 5 ലക്ഷം രൂപ നീക്കിവെക്കും.
തെരുവ്‌വിളക്ക്
നഗരസഭാ പരിധിയില്‍ 300 പുതിയ എല്‍ ഇ ഡി വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ നീക്കിവെച്ചു.