Connect with us

Kozhikode

പ്രവാസിയുടെ കൊലയില്‍ ഭാര്യക്കും പങ്ക്: നടുക്കം മാറാതെ നാട്ടുകാര്‍

Published

|

Last Updated

thamarssery- 2- arrest maimoona (42)താമരശ്ശേരി: പ്രവാസി വ്യവസായിയുടെ കൊലക്കുപിന്നില്‍ ഭാര്യക്കും പങ്കുള്ളതായ കണ്ടെത്തല്‍ ഉള്‍ക്കൊള്ളാനാകാതെ നാട്ടുകാര്‍. പിതാവിനെ മക്കള്‍ കൊലപ്പെടുത്തിയത് മാതാവിന്റെ പിന്തുണയോടെയാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ ശ്രവിച്ചത്. 

എരഞ്ഞോണ അബ്ദുല്‍ കരീമിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ മൈമൂനയെ ഇന്നലെ വൈകിട്ടോടെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മക്കളുടെ അവിവേകത്തിന് തടസ്സം നില്‍ക്കേണ്ട മാതാവ് ക്രൂരതക്ക് കൂട്ടുനിന്നത് പ്രദേശവാസികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അബ്ദുല്‍ കരീമിനെ കാണാതായ ശേഷവും അയല്‍വാസികളോട് സംശയം തോന്നാത്ത വിധത്തില്‍ ഇടപെട്ട മൈമൂന വീട്ടില്‍ മരണാനന്തര കര്‍മങ്ങള്‍ നടത്തിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു. മൗലിദ് കഴിക്കുന്നു എന്നാണത്രെ അയല്‍വാസികളെ അറിയിച്ചത്.
2013 സെപ്തംബര്‍ 28 ന് രാത്രി എട്ടുമണിയോടെയാണ് അബ്ദുല്‍ കരീമിനെ മക്കളായ മി#േദ്‌ലാജ്, ഫിര്‍ദൗസ് എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന മൈമൂന മക്കളെ തടയാന്‍ ശ്രമിച്ചില്ല. 24 വര്‍ഷത്തോളം കുവൈത്തില്‍ ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിച്ച അബ്ദുല്‍ കരീം 13 വര്‍ഷം മുമ്പ് ശ്രീലങ്കന്‍ യുവതിയെ വിവാഹം കഴിച്ചിരുന്നു.
ഇതിലുള്ള വിരോധമാണ് അറും കൊലക്ക് കൂട്ടുനില്‍ക്കാന്‍ മൈമൂനയെ പ്രേരിപ്പിച്ചത്. ശനിയാഴ്ച രാത്രി കൊല്ലപ്പെട്ട അബ്ദുല്‍ കരീം ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയെന്നാണ് മൈമൂന ലോക്കല്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്. ഏര്‍വാടിയിലോ മറ്റോ പോയിരിക്കാമെന്നായിരുന്നു ഇവര്‍ അയല്‍വാസികളോട് പറഞ്ഞിരുന്നത്.
അബ്ദുല്‍ കരീമിനെ കാണാതായി ദിവസങ്ങള്‍ക്കകം കോരങ്ങാട്ടെ വീട്ടില്‍ അന്വേഷിച്ചെത്തിയ കാര്യസ്ഥന്‍ അബ്ദുര്‍റഹിമാനോട് നീയാണ് എന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു മൈമൂനയുടെ പ്രതികരണം. അന്നു മുതലാണ് അബ്ദുല്‍ കരീം കൊല്ലപ്പെട്ടതായി സഹോദരങ്ങള്‍ സംശയിച്ചു തുടങ്ങിയത്.
പിന്നീടാണ് ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം മൂത്തമകന്‍ മിദ്‌ലാജ് പോലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ അബ്ദുല്‍ കരീമിന്റെ തിരോധാനത്തില്‍ സഹോദരന്‍ മുഹമ്മദും കാര്യസ്ഥന്‍ അബ്ദുര്‍റഹിമാനും പങ്കുള്ളതായി കാണിച്ച് മൈമൂന റൂറല്‍ എസ് പിക്ക് പരാതിയും നല്‍കിയിരുന്നു.
നാടിനെ നടുക്കിയ കൊലപാതകത്തിന് മക്കളെ പ്രേരിപ്പിച്ച മാതാവിന്റെ ക്രൂരമുഖം നിയമത്തിന് മുന്നിലെത്തിക്കാനായതിലാണ് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമുള്ള ആശ്വാസം.

Latest