Connect with us

Wayanad

വെറ്ററിനറി സര്‍വകലാശാല കോഴ്‌സുകളില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം വേണമെന്ന്‌

Published

|

Last Updated

കല്‍പ്പറ്റ: വയനാട് ജില്ലയിലുള്ള കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിലവിലുള്ളതും പുതിയതായി ആരംഭിക്കുന്നതുമായ മുഴുവന്‍ കോഴ്‌സുകള്‍ക്കും ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം അനുവദിക്കണമെന്ന് സോഷ്യലിസ്റ്റ് യുവ ജനത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കൃഷി-മൃഗസംരക്ഷണ ക്ഷീരോത്പാദന മേഖലകളില്‍ പ്രമുഖ സ്ഥാനമുള്ള ജില്ലയാണ് വയനാട്. ജില്ലയിലെ കര്‍ഷകരില്‍ ഭൂരിഭാഗവും ക്ഷീരോത്പാദന മൃഗ സംരക്ഷണ മേഖലയെ ഉപജീവന മാര്‍ഗമായി സ്വീകരിച്ചവരാണ്. പിന്നോക്ക ജില്ല എന്ന നിലയില്‍ ജില്ലയിലെ വിദ്യര്‍ഥികള്‍ക്ക് ഉന്നതതല വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങള്‍ ജില്ലിയല്‍ കുറവാണ്. അതിനാല്‍ സംവരണം ഏര്‍പ്പെടുത്തുന്നത് ഭാവിയില്‍ മൃഗസംരക്ഷണ ക്ഷീരോത്പാദന മേഖലയില്‍ ഗ്രാമപ്രദേശങ്ങളില്‍ പോലും വിദഗ്ദരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വളരെയേറെ ഉപകാരപ്രദമാകും.
നിലവില്‍ യൂണിവേഴിസിറ്റിയില്‍ എന്‍ആര്‍ഐ സീറ്റ് അനുവദിച്ച സാഹചര്യത്തില്‍ ജില്ലക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്താന്‍ യാതൊരു നിയമ തടസങ്ങളുമില്ല. വെറ്ററിനറി സര്‍വകലാശാല രൂപീകരണ സമയത്ത് ഭൂമി നല്കിയ കുടുംബത്തില്‍പ്പെട്ട 89 തൊഴിലാളികളില്‍ സ്ഥിരം നിയമനം നല്കാന്‍ ബാക്കിവന്ന 14 താത്കാലിക തൊഴിലാളികളെ സ്ഥിരം ജീവനക്കാരായി നിയമിക്കാന്‍ സര്‍വകാലാശാല അധികൃതര്‍ തയാറാകണം. വെറ്ററിനറി സര്‍വകലാശാലയില്‍ നിലവില്‍ നടക്കുന്ന സമരങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതവും വയനാടിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവുന്ന സ്ഥാപനത്തെ തകര്‍ക്കുന്നതിനും വേണ്ടിയുള്ളതാണ്.
സര്‍വകലാശാലയുടെ ആസ്ഥാനം ജില്ലയില്‍ നിന്നും മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നവര്‍ തന്നെയാണ് വിദ്യാര്‍ഥികളെ കൊണ്ട് സമരം ചെയ്യിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തുന്നതിന് വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലയില്‍ ധ്രുതഗതിയില്‍ നടന്നുവരുന്ന സമയത്ത് വിദ്യാര്‍ഥി സരമത്തിന്റെ പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞതും വൈത്തിരി പഞ്ചായത്ത് വെറ്ററിനറി സര്‍വകലാശാലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ പറഞ്ഞതും ദുരൂഹമാണ്. വെറ്ററിനറി സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ അധികാരികള്‍ അടയിന്തിരമായി തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാപ്രസിഡന്റ് കെ.ബി. രാജു കൃഷ്ണ, സംസ്ഥാന സെക്രട്ടറി പി.എം. ഷബീര്‍ അലി, കെ. ഷിബു, യു. അജ്മല്‍ സാജിദ് എന്നിവര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest