Connect with us

Wayanad

വെറ്ററിനറി യൂനിവേഴ്സ്റ്റിയുടെ വനം കൈയേറ്റത്തിനെതിരെ ആദിവാസികളുടെ ചെറുത്തുനില്‍പ്പ് സമരം

Published

|

Last Updated

കല്‍പ്പറ്റ: വൈത്തിരി താലൂക്കിലെ വനഭൂമിയില്‍ വെറ്റിനറി യൂണിവേഴ്സ്റ്റി നടത്തികൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കയ്യേറ്റവും നിയമവാഴ്ച്ചക്കെതിരെയുള്ള വെല്ലുവിളിയാണെന്ന് ഗോത്രമഹാസഭ അദ്ധ്യക്ഷ സി.കെ.ജാനുവും എജിഎംഎസ് കോര്‍ഡിനേറ്റര്‍ എം.ഗീതാനന്ദനും വയനാട് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
വനംവകുപ്പിന്റെ എതിര്‍പ്പും ജനകീയ പ്രതിഷേധങ്ങളും വകവെക്കാതെ സംസ്ഥാന മന്ത്രിസഭ കയ്യേറ്റത്തിന് പിന്തുണ നല്‍കുകയാണ്. സുപ്രീം കോടതി വിധിയും വനനിയമങ്ങളും മന്ത്രിസഭ കാറ്റില്‍ പറത്തിയിരിക്കുന്നു. സുപ്രീം കോടതിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും കേരളത്തിലെ ആദിവാസികളെയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
ആദിവാസി പുനരധിവാസത്തിന് ഈ ഭൂമി നല്‍കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും സുപ്രീം കോടതിക്കും ഉറപ്പ് നല്‍കിയിട്ടുണ്ട്. 2002 ലെ ആദിവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് ആന്റണി സര്‍ക്കാര്‍ 30000 ഏക്കര്‍ വനഭൂമി വിട്ടുനല്‍കാന്‍ നിര്‍ദ്ദേശം സമര്‍പ്പിക്കുന്നത്. പകരം ആദിവാസി ഭൂമിയുള്‍പ്പെടെ വനം വകുപ്പിന് കൈമാറുകയും ചെയ്തു.
പരിസ്ഥിതി മന്ത്രാലയത്തിന്റെ ശക്തമായ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറ്റം നടത്തിയത്. ഈ പദ്ധതിയനുസരിച്ച് കൈമാറിയ ഭൂമിയിലാണ് വെറ്റിനറി യൂണിവേഴ്സ്റ്റി കടന്നുകയറ്റം നടത്തി കുന്നും മലയും ഇടിച്ചുനിരത്തികൊണ്ടിരിക്കുന്നത്. ഇതോടെ ആദിവാസി പുനരധിവാസം അട്ടിമറിക്കുകയാണ് സര്‍ക്കാര്‍.
സൗത്ത് വയനാട് ഡിഎഫ്ഒ നല്‍കിയ സ്റ്റോപ്പ് മെമ്മോയുടെ പശ്ചാത്തലത്തില്‍ നിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ യുദ്ധകാലടിസ്ഥാനത്തിലാണ് നിര്‍മ്മാണപ്രവൃത്തികള്‍ നടന്നുവരുന്നത്.
ഇതിനെതിരെ ജൂലായ് ഒന്‍പത് മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ആദിവാസികളുടെ അനിശ്ചിതകാല നില്‍പ്പ് സത്യാഗ്രഹം നടത്തുമെന്നും ഇവര്‍ പറഞ്ഞു. ആദിവാസികളോട് വാക്ക് പാലിക്കുക, വാക്ക് പലിക്കുന്നത് ജനാധിപത്യമര്യാദ എന്നതാണ് സമര മുദ്രാവാക്യം. പൊതുജനങ്ങള്‍ക്ക് തടസ്സമുണ്ടാകാത്തവിധത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ചങ്ങല മാതൃകയിലാണ് നില്‍പ്പ് സത്യാഗ്രഹം. സുപ്രീം കോടതി അംഗീകാരം നല്‍കിയ വനഭൂമിയിലെ കയ്യേറ്റം അവസാനിപ്പിക്കുക, പ്രസ്തുത ഭൂമി ആദിവാസികള്‍ക്ക് പതിച്ചുനല്‍കുക, ആറളം ഫാമിലെ കോണ്‍ഗ്രസ് നേതാക്കളുടെ കൃഷി കയ്യേറ്റം അവസാനിപ്പിക്കുക, മുത്തങ്ങ കേസില്‍ ആദിവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, വനഭൂമിയില്‍നിന്ന് ആദിവാസികളെ കുടിയിറക്കുന്ന നടപടി നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭത്തില്‍ ഉന്നയിക്കും. ആറളം ഭൂമി കയ്യേറിയ കോണ്‍ഗ്രസുകാരെ തുരത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നാല്‍പ്പത് ദിവസമായി ആദിവാസികള്‍ കണ്ണൂര്‍ കലക്‌ട്രേറ്റ് പടിക്കല്‍ സമരം നടത്തിവരുന്നു. കലക്‌ട്രേറ്റില്‍ സമരം ചെയ്യാനുള്ള സ്ഥലം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. രമേശന്‍ കൊയാലിപ്പുറം, ചന്ദ്രന്‍ കാര്യമ്പാടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.