Connect with us

Ongoing News

സുവാരസിനെ കുരിശിലേറ്റി ഇറ്റലി

Published

|

Last Updated

മിലാന്‍്: അയാക്‌സിനും ലിവര്‍പൂളിനും കളിക്കുമ്പോള്‍ ലൂയിസ് സുവാരസ് എതിരാളിയെ കടിച്ചിട്ടുണ്ട്. അതില്‍ വിലക്കും നേരിട്ടു. പക്ഷേ, ലോകകപ്പില്‍ ആ മര്യാദകേട് ആവര്‍ത്തിച്ചാല്‍ തന്നെ തേടി വരാന്‍ പോകുന്ന വിപത്ത് എത്ര വലുതാണെന്ന് സുവാരസ് തിരിച്ചറിഞ്ഞില്ല. 2006 ലോകകപ്പ് ഫൈനലില്‍ മാര്‍കോ മെറ്റരാസിയെ തലകൊണ്ട് കുത്തിയിട്ട സിനദിന്‍ സിദാന്‍ തന്റെ പ്രതിഭാസ്പര്‍ശത്തേക്കാള്‍ ഇപ്പോള്‍ സ്മരിക്കപ്പെടുന്നത് ആ കുപ്രസിദ്ധ സംഭവത്തിന്റെ പേരിലാണ്. സുവാരസിനെയും കാത്തിരിക്കുന്നത് അതേ വിധി. ടീം ആദ്യ മത്സരത്തില്‍ കോസ്റ്റാറിക്കയോട് തോല്‍ക്കുമ്പോള്‍ സുവാരസ് പരുക്കുമായി പുറത്തായിരുന്നു. ഇംഗ്ലണ്ടിനെതിരെ രണ്ട് ഗോളുകള്‍ അടിച്ച് സുവാരസ് ഉറുഗ്വെക്ക് തിരിച്ചുവരവൊരുക്കി. ലോകകപ്പിലെ ഹീറോ ആയി മാറിയ നിമിഷം. ഇറ്റലിക്കെതിരെ ജോര്‍ജിയോ ചെല്ലെനിയെ കടിച്ചതോടെ സുവാരസ് വില്ലനായി.
ഉറുഗ്വെയോട് തോറ്റ് പുറത്തായതോടെ ഇറ്റാലിയന്‍ പത്രങ്ങള്‍ സുവാരസിനെതിരെ തിരിഞ്ഞു. ഒന്നാം പേജില്‍ തന്നെ സുവാരസിന്റെ തനി സ്വഭാവം പ്രകടമാക്കുന്ന ചിത്രീകരണം. നരഭോജിയെന്ന് എ എസ് എഴുതി. ടുട്ടോസ്‌പോര്‍ട്‌സിന്റെ തലക്കെട്ട് സുവാരസ് ചെല്ലെനിയെ കടിച്ചു, ഇറ്റലി പുറത്തായെന്നായിരുന്നു. എന്നാല്‍ ഉറുഗ്വെന്‍ പത്രങ്ങള്‍ സുവാരസ് സംഭവം മറച്ചുപിടിച്ചു. ഡിയഗോ ഗോഡിന്‍ ഉറുഗ്വെയുടെ ദൈവമായെന്ന് അവര്‍ എഴുതി. ഒരു പത്രം പോലും സുവാരസിന്റെ കടി ഒന്നാം പേജില്‍ നിരത്തിയില്ല.
ഉറുഗ്വെ ടീം സുവാരസിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ഇറ്റലി കോച്ച് രാജിവെച്ചതാണ് പുതിയ സംഭവവികാസം.

Latest