Connect with us

International

'തകരുമ്പോള്‍ മലേഷ്യന്‍ വിമാനം ഓട്ടോ പൈലറ്റ് നിയന്ത്രണത്തില്‍'

Published

|

Last Updated

സിഡ്‌നി: ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് എം എച്ച് 370 മലേഷ്യന്‍ വിമാനം കൂപ്പുകുത്തുമ്പോള്‍ ഓട്ടോ പൈലറ്റ് നിയന്ത്രണത്തിലായിരുന്നെന്ന് ആസ്‌ത്രേലിയന്‍ ഉദ്യോഗസ്ഥര്‍. തിരച്ചിലിന്റെ പുതിയ ഘട്ടം ഓസീസ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് എട്ടിന് 239 പേരുമായി പോയ വിമാനം കാണാതായിട്ട് നൂറ് ദിനം പിന്നിടുമ്പോഴാണ് പുതിയ വിശകലനം പുറത്തുവരുന്നത്.
ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പുറപ്പെട്ട വിമാനം യഥാര്‍ഥ റൂട്ടില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ മാറി സഞ്ചരിച്ചതായി ചെറിയ തെളിവ് ലഭിച്ചതായി അന്വേഷകര്‍ പറഞ്ഞു. സാറ്റലൈറ്റുമായി വിമാനം അവസാനമായി ആശയവിനിമയം നടത്തിയ മേഖലക്കാണ് മുന്തിയ പരിഗണന നല്‍കുന്നതെന്ന് ഓസീസ് ഉപ പ്രധാനമന്ത്രി വാറന്‍ ട്രസ് പറഞ്ഞു. ഉപഗ്രഹ ഡാറ്റയും നേരത്തെയുള്ള റഡാര്‍ വിവരങ്ങളും മലേഷ്യന്‍ ഉപദ്വീപിന്റെ എതിര്‍വശം ഭൂഗോളത്തിന്റെ ഏറ്റവും ദുര്‍ഘട മേഖലകളിലൊന്നായ ദക്ഷിണ ഭാഗത്തേക്ക് വിമാനത്തിന്റെ ഗതി തിരിഞ്ഞതിന്റെ വിവരവും വിശകലനം ചെയ്തതിന് ശേഷമാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. അതിനാല്‍ വിമാനം ഓട്ടോ പൈലറ്റ് നിയന്ത്രണത്തിലാകാന്‍ സാധ്യത ഏറെയാണ്. ട്രസ് കൂട്ടിച്ചേര്‍ത്തു.
പുതിയ ഘട്ടത്തിലുള്ള തിരച്ചില്‍ ആഗസ്റ്റില്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഒരു വര്‍ഷമെടുക്കും. അറുപതിനായിരം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള തിരച്ചിലിന് ആറ് കോടി ഡോളര്‍ ചെലവ് വരും. പെര്‍ത്തിന് പടിഞ്ഞാറ് രണ്ടായിരം കിലോമീറ്റര്‍ മാറിയാണ് തിരച്ചില്‍ മേഖല. ലഭ്യമായ ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ച് കാണാതായ വിമാനം സ്ഥിതി ചെയ്യുന്നയിടം കണ്ടെത്താനും സാധിച്ചില്ല. അമേരിക്കന്‍ നാവിക സേനയുടെ റോബോട്ടിക് മുങ്ങിക്കപ്പലായ ബ്ലൂഫിന്‍-21 ഉപയോഗിച്ചും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ആശാവഹ പുരോഗതിയുണ്ടായില്ല. തിരച്ചിലിനിടെ ലഭിച്ച നാല് തരംഗങ്ങള്‍ വിമാനത്തിന്റെ ബ്ലാക് ബോക്‌സില്‍ നിന്നാണെന്ന ധാരണയിലായിരുന്നു സാങ്കേതിക വിദഗ്ധര്‍. തരംഗത്തിന്റെ ഉറവിടം കണ്ടെത്താനാണ് ബ്ലൂഫിന്‍-21 ഉപയോഗിച്ചത്. സമുദ്ര നിരപ്പില്‍ ഏകദേശം 850 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ബ്ലൂഫിന്‍ തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചിലിന് വേണ്ടി ഉപയോഗിച്ച ഉപഗ്രഹ ഡാറ്റ മലേഷ്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. തിരച്ചില്‍ ഡാറ്റ പുനരവലോകനം ചെയ്തിട്ടും പ്രത്യേക ഉപകരണം കൊണ്ടുവന്ന് ജലോപരിതലത്തില്‍ തിരച്ചില്‍ നടത്തിയിട്ടും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ആസ്‌ത്രേലിയന്‍ നഗരമായ പെര്‍ത്തിന്റെ വടക്കുപടിഞ്ഞാറ് മേഖലയിലെ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് വിമാനത്തിന്റെ യാത്ര അവസാനിച്ചതെന്ന് ഉപഗ്രഹ ഡാറ്റ ഉപയോഗിച്ച് സാങ്കേതിക വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.

Latest