Connect with us

International

ഇറാഖിലെ വിമത കേന്ദ്രങ്ങളില്‍ സിറിയയുടെ വ്യോമാക്രമണം

Published

|

Last Updated

ബഗ്ദാദ്: ഇറാഖ് സംഘര്‍ഷത്തില്‍ സിറിയന്‍ ഇടപെടല്‍ വ്യക്തമാക്കി സിറിയന്‍ യുദ്ധവിമാനങ്ങള്‍ അന്‍ബാര്‍ പ്രവിശ്യയിലെ ഇസില്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. ഇക്കാര്യം സ്ഥിരീകരിച്ച പ്രധാനമന്ത്രി നൂരി അല്‍ മാലികി, സിറിയയുടെ സഹായം തേടിയിരുന്നില്ലെന്നും എന്നാല്‍ സായുധ സംഘത്തിനെതിരെ ആരുടെ സഹായവും സ്വീകരിക്കുമെന്നും വ്യക്തമാക്കി. എന്നാല്‍ സിറിയന്‍ ആക്രമണം പരിഹാരമല്ലെന്നും പ്രശ്‌നത്തെ രൂക്ഷമാക്കാന്‍ മാത്രമേ അസദ് ഭരണകൂടത്തിന്റെ ഇടപെടല്‍ ഉപകരിക്കൂ എന്നും അമേരിക്ക വ്യക്തമാക്കി. അന്‍ബാര്‍ പ്രവിശ്യയിലെ സിറിയന്‍ ആക്രമണത്തില്‍ 57 പേര്‍ മരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൂറ് സിവിലിയന്‍മാര്‍ക്ക് പരുക്കേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഇറാഖി സുരക്ഷാ സേനയെ ശക്തിപ്പെടുത്തി മാത്രമേ വിമതരുടെ മുന്നറ്റം തടയാനാകൂ എന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ബെര്‍ണഡറ്റ് മീഹാന്‍ പറഞ്ഞു. കൊലയാളി ഭരണകൂടമാണ് സിറിയയിലെ ബശര്‍ അല്‍ അസദിന്റെത്. ഇസില്‍ തീവ്രവാദികള്‍ സിറിയന്‍ പ്രദേശത്ത് കാലുറപ്പിച്ചപ്പോള്‍ ചെറുവിരലനക്കാത്തവരാണ് അവര്‍. ഇത്തരക്കാരുടെ സഹായത്തോടെ ഇറാഖിന്റെ സ്ഥിരത ഉറപ്പുവരുത്താനാകില്ലെന്നും അവര്‍ പറഞ്ഞു. വംശീയ സംഘര്‍ഷം രൂക്ഷമാക്കുന്നതാണ് സിറിയന്‍ ഇടപെടലെന്ന് നാറ്റോ സമ്മേളനത്തില്‍ പങ്കെടുക്കാനായി ബ്രസല്‍സിലുള്ള യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും പറഞ്ഞു.
ഇസില്‍ സംഘം സിറിയന്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ പിടിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സിറിയ വ്യോമാക്രമണത്തിന് മുതിര്‍ന്നത്. കൊള്ളയടിച്ച ആയുധങ്ങളും മറ്റും ഇതുവഴി വന്‍ തോതില്‍ സിറിയയിലെ വിമത ഗ്രൂപ്പുകള്‍ക്ക് എത്തുമെന്നാണ് ബശര്‍ അല്‍ അസദ് ഭരണകൂടം കരുതുന്നത്. വടക്കന്‍ ഇറാഖിന്റെയും കിഴക്കന്‍ ഇറാഖിന്റെയും ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഖിലാഫത്ത് സ്ഥാപിക്കുകയാണ് ഇസിലിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സിറിയന്‍ ഇടപെടല്‍.
അതിനിടെ, ഇസില്‍ സംഘം കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് മുന്നേറുകയാണ്. ബെയ്ജിയിലെ എണ്ണ ശുദ്ധീകരണ ശാലയുടെ നിയന്ത്രണം ഏറ്റെടുത്തതിന് പിറകേ “ക്യാമ്പ് അനാക്കോണ്ട” എന്ന് യു എസ് അധിനിവേശ കാലത്ത് വിളിച്ചിരുന്ന വ്യോമത്താവളവും വിമതര്‍ പിടിച്ചു. പ്രതിദിനം 28000 ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന മൂന്ന് ചെറു എണ്ണപ്പാടങ്ങള്‍ അടങ്ങിയ അജീല്‍ പെട്രോളിയം കേന്ദ്രവും വിമതര്‍ പിടിച്ചു. തിക്‌രീത്തിനടുത്താണ് ഇത്.
നേരിട്ടുള്ള സൈനിക ഇടപെടല്‍ വേണ്ടെന്ന് തന്നെയാണ് അമേരിക്കയുടെ ഇപ്പോഴത്തെ നിലപാട്. ഇറാഖിലേക്ക് നിയോഗിച്ച 300 സൈനിക ഉപദേശകരില്‍ 120 പേര്‍ കഴിഞ്ഞ ദിവസം എത്തിയിട്ടുണ്ട്. ഇവരില്‍ രഹസ്യാന്വേഷണ വിദഗ്ധരും ഉണ്ട്.

Latest